in

എന്‍സിസിസിആറില്‍ വിപുലീകരിച്ച ഡേ കെയര്‍ യൂണിറ്റ് തുറന്നു

എന്‍സിസിസിആറില്‍ വിപുലീകരിച്ച ഡേ കെയര്‍ യൂണിറ്റില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി സന്ദര്‍ശനം നടത്തിയപ്പോള്‍

ദോഹ: നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചില്‍(എന്‍സിസിസിആര്‍) വിപുലീകരിച്ച ഡേ കെയര്‍ യൂണിറ്റ് തുറന്നു. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡ് രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും മറ്റു സേവനങ്ങളില്‍നിന്നും ശ്രദ്ധ വ്യതിചലിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ രോഗികള്‍ക്കും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലെ മറ്റൊരു ഉദാഹരണമാണ് ഡേ കെയര്‍ യൂണിറ്റിന്റെ വിപുലീകരണം. എല്ലാ ഡേ കെയര്‍ രോഗികള്‍ക്കും മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യുന്നതിനായി ഡേ കെയര്‍ യൂണിറ്റിന്റെ ശേഷി വിപുലീകരിച്ചിട്ടുണ്ട്. യൂണിറ്റിലെ കിടക്കകളുടെ എണ്ണം 16ല്‍ നിന്നും 52 ആയി ഉയര്‍ത്തി. കീമോതെറാപ്പി സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ ഓങ്കോളജിയില്‍ പത്ത്് പുതിയ കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തി ഇന്‍പേഷ്യന്റ് പരിചരണം വര്‍ധിപ്പിച്ചതായി എന്‍സിസിസിആര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് സലേം അല്‍ഹസ്സന്‍ പറഞ്ഞു. ഡേ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തിനുശേഷം എന്‍സിസിസിആറിന്റെ അര്‍ജന്റ് കെയര്‍ യൂണിറ്റിലും ഒപി വകുപ്പിലും ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തി. ഇരുയൂണിറ്റുകളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരികയാണ്. ഒപി വകുപ്പില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരികയാണെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടറും റേഡിയേഷന്‍ ഓങ്കോളജി ചെയറുമായ ഡോ.നൂറ അല്‍ഹമ്മാദി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്ന ഘട്ടത്തിലും ഓരോവര്‍ഷവും കൂടുതല്‍ അര്‍ബുദ രോഗികള്‍ക്കാണ് ചികിത്സ നല്‍കിവരുന്നതെന്നും അവര്‍ പറഞ്ഞു. രോഗികളുടെ ആവശ്യകത കണക്കിലെടുത്ത് ഒപി വകുപ്പില്‍ മൂന്നു ക്ലിനിക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേദന സംഹാര സ്വാന്തന പരിചരണ ക്ലിനിക്ക്, ഫാര്‍മസി ലീഡ് ക്ലിനിക്ക്, സൈക്കോതെറാപ്പി ക്ലിനിക്ക് എന്നിവയാണ് തുറന്നതെന്നും അവര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മൂസ്സ മുസ്ല്യാരുടെ വിയോഗത്തില്‍ അനുശോചിച്ചു

സ്‌ക്രാപ്പ് കമ്പനികള്‍ ഉത്പാദനം ശക്തിപ്പെടുത്തണമെന്ന് ഖത്തര്‍ ചേംബര്‍