in

അംബാസഡര്‍ക്ക് പ്രവാസി സമൂഹം യാത്രയയപ്പ് നല്‍കി

ദോഹ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് ഖത്തറിലെ ഇന്ത്യന്‍ പ്രവാസിസമൂഹം യാത്രയയപ്പ് നല്‍കി. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഓണ്‍ലൈനായിട്ടായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപ്പെക്സ് സംഘടനകളും അനുബന്ധ സംഘടനകളും ചേര്‍ന്നൊരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ അംബാസഡറുടെ പത്നി റിതു കുമരനും പങ്കെടുത്തു. വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് 500 ഓളം പേരുടെ പങ്കാളിത്തവുമുണ്ടായിരുന്നു.
വൈവിധ്യങ്ങള്‍ കണക്കിലെടുക്കാതെ പരസ്പര സഹകരണത്തിന്റെ അനുകരണീയമായ പാഠങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹം ലോകത്തിന്റെ നിലനില്‍പ്പിനും സഹിഷ്ണുതയ്ക്കും മാതൃകയായിട്ടുണ്ടെന്ന് അംബാസഡര്‍ തന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഈ സവിശേഷത സംരക്ഷിക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തിന് ഭാവിയിലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കഴിയും. ഈ പ്രതിസന്ധി ഘട്ടത്തില്‍ കാണിച്ച ഐക്യത്തിന്റെയും കരുതലിന്റെയും മനോഭാവം പ്രശംസനീയമാണ്. തല്‍ഫലമായി കമ്യൂണിറ്റിയിലെ ദരിദ്രരും ദുര്‍ബലരുമായ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരാനും അവരെ പിന്തുണക്കാനും കഴിഞ്ഞു. ഇത്രയും വലിയൊരു സമൂഹമെന്ന നിലയില്‍ നിരവധി വ്യത്യാസങ്ങള്‍ക്കിടയിലും നാമെല്ലാവരും ഐക്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ഈ കാലയളവില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുകയും ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യ മുന്നേറുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്തു.നേരത്തെ കമ്യൂണിറ്റി അംഗങ്ങള്‍ക്കായി മൂന്നു അപ്പെക്‌സ് സംഘടനകാളായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാലെണ്ണമായി. പുതിയ എംബസി കെട്ടിടത്തിന് അടിത്തറ പാകാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നചപ്പാക്കാനായില്ലെന്ന് അംബാസഡര്‍ പറഞ്ഞു. കോവിഡ് മഹാമാരി സമയത്ത് 30,000 ത്തിലധികം ഇന്ത്യന്‍ പൗരന്മാരെ സ്വദശത്തേക്ക് തിരിച്ചയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ 20,000 മുതല്‍ 30,000 പേര്‍ക്ക് സഹായം നല്‍കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സേവനകാലയളവില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം മികച്ച പിന്തുണയാണ് നല്‍കിയതെന്ന് അംബാസഡര്‍ പറഞ്ഞു. കോവിഡ്-19 പ്രതിസന്ധിയില്‍ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനുള്ള നന്ദിയും അംബാസഡര്‍ പ്രകടമാക്കി. പ്രവാസികള്‍ക്ക് യഥാസമയം വേണ്ട പിന്തുണയും സഹായങ്ങളും നല്‍കാന്‍ നേതൃത്വം നല്‍കിയ അംബാസഡറുടെ നടപടിയില്‍ നന്ദി അറിയിച്ച് വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസ നേര്‍ന്നു
അംബാസഡര്‍ പി.കുമരന്‍ അടുത്ത ആഴ്ച ഖത്തറില്‍ നിന്ന് മടങ്ങും. സിംഗപ്പൂരിലെ ഹൈ കമ്മീഷണറായാണ് പുതിയ ചുമതലയേല്‍ക്കുന്നത്. ഖത്തറിന്റെ പുതിയ അംബാസഡര്‍ ആയി ഡോ.ദീപക് മിത്തല്‍ ഈ മാസം പകുതിയോടെ ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂലൈ 07) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

കെഎംസിസിയെ നെഞ്ചോട് ചേര്‍ത്ത ഹമീദ് പുത്തലത്ത് പ്രവാസത്തോട് യാത്രപറഞ്ഞു