നിരീക്ഷണം/വി സി മശ്ഹൂദ്

ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് വിമാനം പോയിത്തുടങ്ങി. ഖത്തറില്‍ നിന്ന് കഴിഞ്ഞയാഴ്ച കൊച്ചിയിലേക്കാണ് ആദ്യവിമാനം പറന്നത്. ഇനിയും വിമാനങ്ങള്‍ പോകാനിരിക്കുന്നു. വിമാന സൗകര്യം പുനരാരംഭിച്ച സ്ഥിതിക്ക് ‘ഇവാക്വേഷന്’ പ്രവാസികളെ നാട്ടിലെത്തിക്കല്‍, നീണ്ടകാത്തിരിപ്പിന് ശേഷം പ്രവാസികളുടെ ‘തിരിച്ചുപോക്ക്’ തുടങ്ങിയ പ്രയോഗങ്ങള്‍ നാം നടത്തേണ്ടതുണ്ടോ. മാധ്യമങ്ങളും ഇക്കാര്യം ആലോചിക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന പക്ഷക്കാരനാണ് ഞാന്‍. വിശേഷിച്ച് റോബോട്ടിക് സംവിധാനമുള്പ്പെടുയുള്ള രീതി ഉപയോഗിച്ച് മാനവ വിഭവശേഷിയുടെ എണ്ണം കുറക്കാനുള്ള തീവ്ര ശമം പല വിദേശ രാജ്യങ്ങളിലും നടക്കുന്ന ഈ വേളയില്‍ പ്രത്യേകിച്ചും. നാട്ടിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കിനി ജോലി വേണ്ടി വരില്ലെന്ന സന്ദേശമാണ് വിദേശങ്ങളിലുള്ള തൊഴില്‍ദാതാക്കള്‍ക്ക് വരെ ഉണ്ടാവുക എന്നു കൂടി തിരിച്ചറിയണം.
ഉള്‍ഭയം മാറ്റിയ വിമാനസര്‍വ്വീസ്

ലോക്ക് ഡൗണ്‍ കാരണത്താല്‍ വിമാന സര്‍വ്വീസ് നിന്നുപോയപ്പോള്‍ പ്രവാസികള്‍ക്കൊക്കെ സ്വാഭാവിക ഒരു ഉള്‍ഭയം ഉണ്ടായിരുന്നു. ഇനി അടുത്തൊന്നും പോകാനാവില്ലേയെന്ന്. കുടുംബത്തെ കാണാനുള്ള അതിയായ അഭിവാജ്ഞ കൊണ്ടുണ്ടാകുന്ന സ്വാഭാവിക മാനസിക അവസ്ഥ.
എന്നാല്‍ ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലവാധി കഴിഞ്ഞവര്‍, അസുഖ ബാധിതര്‍, പ്രായമുള്ളവര്‍, ചികിത്സക്ക് അടിയന്തിരമായി നാട്ടിലേക്കെത്തേണ്ടവര് തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം നാട്ടിലെത്തല്‍ വളരെ അനിവാര്യമാണ്. എന്നാല്‍ തൊഴില്‍മേഖല ആഗോളാടിസ്ഥാനത്തില്‍ തന്നെ ഭീഷണി നേരിടുന്ന ഈ ഘട്ടത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചുവിടലുകള്‍ തുടരുകയാണ്. ശമ്പളം കുറക്കല്‍ ഉള്‍പ്പെടെയുള്ള അവസ്ഥ വേറേയുമുണ്ട്.
പല പ്രതിസന്ധികളും വന്നവരില്‍ ചിലരെങ്കിലും വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്താന്‍ ആദ്യമൊക്കെ വിചാരിച്ചുപോയി. പക്ഷെ വിമാനം പറക്കുമെന്ന് ഉറപ്പായതോടെ അല്‍പ്പം മാനസിക അശ്വാസത്തിനും പുനരാലോചനക്കും നിമിത്തമായിട്ടുമുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. അതിനര്‍ത്ഥം ഒരു കാലത്തും നമ്മുടെ നാട്ടിലേക്ക് പോകേണ്ടവരല്ല എന്നോ, അല്ലെങ്കില്‍ നാട്ടിലെത്തിയവരൊക്കെ പട്ടിണികിടക്കേണ്ടിവരുമോ എന്നല്ല, മറിച്ച് അതിനുള്ള മണ്ണ് തീര്‍ച്ചയായും ഒരുക്കേണ്ടിയിരിക്കുന്നു.
എന്തുപണിയുമെടുക്കാന് നാം പാകപ്പെടണം
നാം പാകപ്പെടേണ്ടിയിരിക്കുന്നു. പല നിലക്കുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നുണ്ട്.
വിദേശ രാജ്യങ്ങളിലെത്തുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ മടിയില്ലാത്ത നമ്മള് നാട്ടില്‍ പലപ്പോഴും അത് ചെയ്യാറില്ല. ഇപ്പോള്‍ അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കുന്നവരില്‍ ഭൂരിഭാഗം കേരളം വിട്ടുപോകുന്ന പശ്ചാത്തലമാണുള്ളത്. നാം മാറിചിന്തിക്കുകയും നമ്മുടെ നാട്ടില്‍ തന്നെ എല്ലാ ജോലികളിലും നാം വ്യാപൃതരാവുകയും ചെയ്യേണ്ടതുണ്ട്. പ്രവാസികള്‍ മാറിചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ അല്‍പ്പം സാവകാശം വേണ്ടിവരുമെന്ന് മാത്രം.
തീരുമാനിക്കേണ്ടത് നമ്മള് ഓരോരുത്തരും
പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളോരുരുത്തരുമാണ്. നമുക്കാണ് നമ്മളെ പറ്റി കൂടുതല്‍ അറിയുക. എന്ത് തീരുമാനിക്കുമ്പോഴും നാല് തവണ ആലോചിച്ച് തീരുമാനിക്കുക. നമുക്ക് ഉപകാരമുള്ള രീതിയില്‍ തീരുമാനമുണ്ടാവട്ടെ. നമ്മെയറിയുന്നവരാട് കൂടിയാലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ. വിവിധ ഗള്‍ഫ് നാടുകളിലേക്ക് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കും ക്വാറണ്ടെന് ഉള്‍പ്പെടെയുളെ നിയന്ത്രണങ്ങള്‍ എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാവതല്ല. പ്രവചനാതീതമാണത്. ഇതെല്ലാം കൃത്യമായി പരിഗണിച്ച ശേഷമാണ് അനിവാര്യമായ കാരണങ്ങളില്ലാതെ ‘മടക്കം’ ആഗ്രഹിക്കുന്നവര്‍ തീരുമാനമെടുക്കേണ്ടത്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവര്‍ പ്രയാസ രഹിത അവസരത്തിനും, അനിവാര്യമായി പോകേണ്ടവര്‍ക്ക് അതിനും വഴിയൊരുങ്ങട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.