(ഇന്ന് ചന്ദ്രിക സ്ഥാപക ദിനം. 1934 മാര്‍ച്ച് 26-ന് തലശ്ശേരിയിലാണ് ചന്ദ്രിക പിറവി കൊള്ളുന്നത്. മര്‍ദ്ദിത ന്യൂനപക്ഷത്തിന് എണ്‍പത്തിയാറ് വര്‍ഷമായി കരുത്തുപകര്‍ന്ന ചന്ദ്രിക ദിനപത്രത്തിലൂടെയും ആഴ്ചപ്പതിപ്പിലൂടേയും വളര്‍ന്ന എഴുത്തുകാരന് ഖത്തര്‍ പ്രവാസിയായ മഹ്്മൂദ് മാട്ടൂല്‍ തന്റെ ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണിവിടെ)


എസ് കെ പൊറ്റക്കാട് എന്ന സഞ്ചാര സാഹിത്യകാരന് മുസ്ലിം ലീഗ് പിന്തുണയോടെ തലശ്ശേരിയില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നു. വിജയിച്ചതിനു പിന്തുണ നല്കിയ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെ സന്ദര്‍ശിക്കാന്‍ എസ് കെ തീരുമാനിച്ചു. ഇതനുസരിച്ച് തങ്ങളുടെ അരിക്കച്ചവടത്തിന്റെ കേന്ദ്രമായ കോഴിക്കോട്ടെ പാണ്ട്യാലയില്‍ എത്തി. ആഗമനോദ്ദേശമറിയിച്ച് പൊറ്റക്കാട് ബാഫഖി തങ്ങളോട് ചോദിച്ചു. ഞാന്‍ എന്ത് സഹായമാണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത്. തങ്ങള്‍ക്ക് അധികം ആലോചിക്കാനുണ്ടായിരുന്നില്ല. ഉടന്‍ തങ്ങള്‍ ആവശ്യപ്പെട്ടത് ഇങ്ങിനെ.. ‘നിങ്ങള്‍ ദല്‍ഹിയിലെത്തിയാല്‍ പാര്‍ലമെന്റ് അനുഭവ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതണം. എന്നിട്ട് അത് ചന്ദ്രികക്കു നല്‍കണം.’. നിറഞ്ഞ സന്തോഷത്തോടെ എസ് കെ പൊറ്റക്കാട് അതേറ്റെടുത്തു. ബാഫഖി തങ്ങളോട് എസ് കെ പൊറ്റക്കാട് നല്കിയ വാഗ്ദാനമാണ് പിന്നീട് ് നോര്‍ത്ത് അവന്യു എന്ന നോവലായി ചന്ദ്രിക ആഴ്ചപ്പതില്‍ വെളിച്ചം കണ്ടത്.
കേരളത്തിലെ ഒരു പാട് എഴുത്തുകാരെ വളര്‍ത്തിയതില്‍ ഈ പത്രം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തിലെ മുതിര്‍ന്ന എല്ലാ എഴുത്തുകാരുടെയും ആദ്യ കളരി ചന്ദ്രികയാണ്. എം ടി വാസുദേവന്‍ നായരും എം മുകുന്ദനും തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന മിക്ക എഴുത്തുകാരുടേയും ആദ്യ സൃഷ്ടികള്‍ക്ക് മഷി പുരണ്ടത് ചന്ദ്രികയുടെ താളുകളിലൂടേയായിരുന്നു.
ചന്ദ്രിക പത്രവും വാരികയും കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിനു വേണ്ടി നല്കിയ സംഭാവന ചെറുതല്ല. കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ ജനങ്ങളെ അക്ഷരാഭ്യാസമുള്ളവരാക്കാനും അക്ഷരം കൂട്ടി വായിക്കാനും, അവരില്‍ വായനാശീലം വളര്‍ത്താനും മാത്രമല്ല രാഷ്ട്രീയ ബോധവും ദേശീയ ബോധവും വളര്ത്തതാനുമാണ് സീതിസാഹിബ് ആരംഭിച്ച് ബാഫഖി തങ്ങളുടെ ആശീര്‍വാദത്താല്‍ വളര്‍ന്ന ഈ പത്രം പങ്കുവഹിച്ചതെന്നത് ആരാലും നിഷേധിക്കാന്‍ സാധിക്കാത്തതാണ്. സി എച്ച് മുഹമ്മദ് കോയ ജീവിതകാലം മുഴുവന്‍ ലീഗുകാരോട് പറഞ്ഞത് ചന്ദ്രിക വായിക്കാനായിരുന്നു. നിങ്ങളുടെ വാര്‍ത്ത കൊടുക്കാന്‍ പല പത്രങ്ങളും തയ്യാറാവുന്നത് ചന്ദ്രികയുള്ളതുകൊണ്ടാണെന്നു നിങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ലീഗുകാരെ എന്നും ഉണര്‍ത്തി.
മുന്‍ കെ എം സി സി നേതാവും ഖത്തര്‍ ചന്ദ്രിക റിപ്പോര്‍ട്ടറുമായിരുന്നു പി എ മുബാറാക് പറഞ്ഞ ഒരു കാര്യമുണ്ട്. കൊച്ചിയില്‍ സി എച്ച് മുഹമ്മദ് കോയ യുള്ള ദിവസമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാവുകയെന്ന്. സി എച്ചിന് എന്നും പ്രഭാതത്തില്‍ ചന്ദ്രിക കിട്ടണം. കോഴിക്കോട് നിന്നുള്ള പത്രം മലബാര്‍ എക്സ്പ്രസ്സിലാണ് അന്ന് കൊച്ചിയിലെത്തുക. അത്കൊണ്ട് സി എച്ഛ് കൊച്ചിയിലുള്ള ദിവസം മലബാര്‍ എക്സ്പ്രസ്സ് ലേറ്റാവരുതെന്നാണെന്നു ഞങ്ങളുടെ സ്ഥിരം പ്രാത്ഥന. സി എച്ഛിനെപ്പോലെ ചന്ദ്രികയെ സ്നേഹിക്കുന്ന നേതാക്കളും അനുയായികളും ഉണ്ടെങ്കില്‍ ചന്ദ്രിക എന്നെന്നും നിലനില്ക്കുക തന്നെ ചെയ്യും.
ചന്ദ്രികയുടെ മുന്‍ സബ് എഡിറ്ററും എഴുത്തുകാരനുമായ ആറ്റക്കോയ പള്ളിക്കണ്ടി പ്രവാസക്കാലത്തെ ഓര്‍മ്മ പങ്കുവച്ചപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട് ‘ദുബായിലെ പല റൂമുകളിലും പത്രം വിരിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ പലരും ചന്ദ്രിക പത്രം വിരിക്കാന്‍ വിമുഖത കാണിക്കുമെന്ന്. പഴയകാല മുസ്ലിം ലീഗുകാര്‍ വളരെ പവിത്രമായാണ് ഈ പത്രത്തെ കണ്ടിരുന്നത്.’ അവര്‍ അത്രയധികം ഹൃദയത്തില്‍ സൂക്ഷിക്കുന്ന പത്രമാണിതെന്ന് ഈ വാക്കുകളില്‍ വ്യക്തമാണ്. 1980-കളുടെ ആദ്യത്തില്‍ ഖത്തറില്‍ നാലക്കം തികച്ചു ശമ്പളം വാങ്ങുന്ന മുസ്ലിം ലീഗ് അനുയായികള്‍ കുറവായിരുന്നുവെങ്കിലും അന്ന് ഇവിടെ വളരെ സുശക്തമായി പ്രവര്‍ത്തിക്കുന്ന ചന്ദ്രിക റീഡേഴ്സ് ഫോറവും, രണ്ടായിരത്തോളം ചന്ദ്രിക വരിക്കാറുമുണ്ടായിരുന്നു എന്നതു ഒരു ചരിത്ര സത്യമാണ്.
മൂന്ന് പതിറ്റാണ്ടു കാലമായി എന്റെ എത്രയോ ലേഖനങ്ങള്‍ ചന്ദ്രിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, രണ്ടു നോവലുകളും ഒരു തുടര്‍ക്കഥയും പ്രസിദ്ധീകരിച്ചത് ചന്ദ്രിക വാരികയാണ്. ഒരിക്കല്‍ സി എച്ച് മുഹമ്മദ് കോയയും ബേബി ജോണും ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലുമെത്തി. ഒരു മാസികയ്ക്കു വേണ്ടി മന്ത്രി ബേബി ജോണുമായി ഒരു അഭിമുഖത്തിന് പോയപ്പോള്‍ അന്ന് ബേബി ജോണിന്റെ മുറിയിലുണ്ടായിരുന്ന സി എച്ഛ് മുഹമ്മദ് കോയ എന്നെ ബേബി ജോണിന് പരിചപ്പെടുത്തിയത് ‘മഹമൂദ് ഞങ്ങളുടെ ചന്ദ്രികയുടെ എഴുത്തുകാരനാണ്’ എന്നായിരുന്നു. അങ്ങിനെ പറയാന്‍ ഒരു സി എച്ച് മുഹമ്മദ് കോയയും ഒരു പത്രവും മാത്രമേയുണ്ടാവൂ. ആ പത്രം നിത്യ ഹരിതമാക്കാന്‍ മുസ്ലിം ലീഗ് അനുയായികള്‍ ആത്മാര്‍ത്ഥമായി മുന്നോട്ടു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
സി എച്ച് മുഹമ്മദ് കോയ സൂചിപ്പിച്ചതുപോലെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും എത്രയോ മേന്മ പുലര്‍ത്തുന്ന പത്രങ്ങള്‍ ഇന്നുണ്ട്. മുസ്ലിം ലീഗ് വാര്‍ത്തകള്‍ അവര്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. അത്കൊണ്ട് ചന്ദ്രികയുടെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ചില വിവര ദോഷികളുമുണ്ട്. പക്ഷെ മുസ്ലിം ലീഗിന്റ മുഖ പത്രമായി ചന്ദ്രിക മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കി, കുറവുകളുണ്ടായാലും ചന്ദ്രിക ദിനചര്യയുടെ ഭാഗമാക്കാന്‍ ഓരോ മുസ്ലിം ലീഗ്കാരനും ചന്ദ്രികയുടെ ഈ സ്ഥാപന ദിനത്തില്‍ പ്രതിജ്ഞയെടുക്കണം. അതായിരിക്കും, അല്ലെങ്കില്‍ അത് തന്നെയാണ് മുസ്ലിം ലീഗിന്റെ മണ് മറഞ്ഞു പോയ മഹാന്മാരായ നേതാക്കള്‍ക്കുള്ള നിത്യസ്മാരകം.