in

കോവിഡ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പാതയെ മാറ്റില്ലെന്ന് വിദഗ്ദ്ധര്‍

ദോഹ: കോവിഡ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പാതയെ മാറ്റില്ലെന്ന് ശാസ്ത്രജ്ഞരും ഗവേഷകരും ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി കൂടുതല്‍ വ്യക്തമായ ആകാശത്തിലേക്ക് നയിച്ചേക്കാം.
എന്നാല്‍ മഹാമാരിയുടെ നിര്‍ബന്ധിത പെരുമാറ്റ വ്യതിയാനങ്ങള്‍ അവസാനിച്ചാലും തുടരുകയാണെങ്കില്‍പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പാത മാറില്ലെന്ന് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനും കാലിഫോര്‍ണിയയിലെ ബ്രേക്ക്ത്രൂ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാലാവസ്ഥാ- ഊര്‍ജ വിഭാഗം ഡയറക്ടറുമായ ഡോ. സെകി ഹോസ്ഫാദര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ഫൗണ്ടേഷന്റെ ദോഹ ഡിബേറ്റ്‌സ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് സാഹചര്യവുമായി ബന്ധപ്പെട്ട പ്രധാനവിഷയങ്ങളാണ് ദോഹ ഡിബേറ്റ്‌സിന്റെ പ്രതിവാര ഓണ്‍ലൈന്‍ പരിപാടിയില്‍ ചര്‍ച്ചയാകുന്നത്. 2020ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ആഗോള ഊര്‍ജ ഉപയോഗം 3.8 ശതമാനം കുറഞ്ഞുവെന്നും വര്‍ഷാവസാനത്തോടെ ആറ് ശതമാനം കുറയാനിടയുണ്ടെന്നും ഇത് ലോകത്തെ കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവില്‍ എട്ട് ശതമാനം വാര്‍ഷിക കുറവുണ്ടാക്കുമെന്നും രാജ്യാന്തര ഊര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ പുറന്തള്ളലിലെ റെക്കോര്‍ഡ് കുറവായിരിക്കുമിത്. അതേസമയം കാര്‍ബണ്‍ പുറന്തള്ളല്‍ ഈ വര്‍ഷം ആറു മുതല്‍ എട്ടുവരെ ശതമാനം കുറഞ്ഞാലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ ഇതൊരു കുറവുമുണ്ടാക്കില്ലെന്ന് ഡോ. സെകി ഹോസ്ഫാദര്‍ പറഞ്ഞു. ഏതെങ്കിലുമൊരു പരിപാടി ലോകത്തിന്റെ പാതയെ അടിസ്ഥാനപരമായി മാറ്റില്ലെന്ന് നാം അറിഞ്ഞിരിക്കണം. ഹിമാലയത്തിലോ സാന്‍ ഫ്രാന്‍സിസ്‌കോയിലോ വ്യക്തമായ ആകാശം കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രീതിയില്‍ ചെയ്യുന്നതിന് ഊര്‍ജം ഉപയോഗിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ ആവശ്യമായി വരും. പക്ഷെ അത് എല്ലാവരേയും അവരുടെ വീടുകളില്‍ പൂട്ടിയിട്ടുകൊണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിസലൂടെ പെരുമാറ്റത്തില്‍ നാടകീയ മാറ്റങ്ങള്‍ വരുത്തിയാല്‍ പുറന്തള്ളലില്‍ എട്ടുശതമാനത്തിന്റെ കുറവാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ ആഗോളതാപനം തടയാന്‍ 90ശതമാനം ചിലപ്പോള്‍ നൂറു ശതമാനവും നേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രജ്ഞയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഡോ.വന്ദന ശിവയും സംവാദത്തില്‍ പങ്കെടുത്തു.
സ്ത്രീകളുടെയും ചെറുകിട കര്‍ഷകരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്ന വ്യക്തിത്വമാണ് വന്ദന ശിവ. നാം മൂന്നു മഹാമാരികളെയാണ് അഭിമുഖീകരിക്കുന്നത്. വൈറസ്, ഉപജീവനത്തിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ച അടച്ചുപൂട്ടല്‍(ലോക്ക്ഡൗണ്‍), പട്ടിണിയെന്ന മഹാമാരി- വന്ദന ശിവ ചൂണ്ടിക്കാട്ടി. ദാരിദ്ര്യ പ്രതിസന്ധിയും ഉപജീവന നാശവും തുടരുകയും രാസപരമായി തീവ്രവും ഭൗതികമായി സംസ്‌കരിച്ചതുമായ ഭക്ഷണം വിതരണം ചെയ്യുന്നത് തുടരുകയുമാണെങ്കില്‍ വ്യാവസായിക ആഗോളവത്കൃത കാര്‍ഷിക സമ്പ്രദായം ഇതിനകം സംഭാവന ചെയ്ത ഹരിതഗൃഹ വാതകങ്ങളിലേക്ക് നാം ചേര്‍ക്കപ്പെടുമെന്ന് അവര്‍ എടുത്തുപറഞ്ഞു. വ്യാവസായിക സാങ്കേതികവിദ്യയുടെയും പണം സമ്പാദിക്കുന്നതിന്റെയും പ്രേരണയാണ് പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. ആ പ്രേരണകള്‍ക്കൊന്നും പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ല. അഭിമുഖീകരിക്കുന്ന ഒന്നിലധികം പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനാകുന്ന വിധത്തില്‍ വിശാലമായ ഒരു പ്രസ്ഥാനം സൃഷ്ടിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ കാര്‍ഷിക സുസ്ഥിരത പ്രതിസന്ധി ഘട്ടങ്ങളില്‍ ഗുണകരമാകുന്നു: ക്യുഎഫ് വെബിനാര്‍

വിഷ് ഉച്ചകോടി നവംബറില്‍; കോവിഡ് മഹാമാരിയും അജണ്ടയില്‍