in

റമദാനിലും കോവിഡ് പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് വിദഗ്ദ്ധര്‍

ഡോ.യൂസുഫ് അല്‍മസ്‌ലമാനി

ദോഹ: റമദാന്‍ മാസത്തിലും കൊറോണ വൈറസി(കോവിഡ്-19)നെതിരായ പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ വിദഗദ്്ധര്‍ ആവശ്യപ്പെട്ടു. കോവിഡ് ദൈനംദിന ജീവിതത്തിന്റെ പല മേഖലകളിലും മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ഈ മാറ്റങ്ങള്‍ വിശുദ്ധ റമദാന്‍ മാസത്തിലും തുടരുമെന്നും ഹമദ് ജനറല്‍ ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.യൂസുഫ് അല്‍മസ്‌ലമാനി ചൂണ്ടിക്കാട്ടി.
അണുബാധ നിയന്ത്രണ നടപടികള്‍ എല്ലാവരും തുടര്‍ന്നും പാലിക്കേണ്ടതുണ്ടെന്നും നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ നടപടികള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് ദൈനംദിന ജീവിതശൈലിയെ ബാധിച്ചതിനാല്‍ ഈ വര്‍ഷം റമദാന്‍ വ്യത്യസ്തമാകും. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍, ഇഫ്താര്‍ ഒരുമിച്ച് നടത്തല്‍, ഒന്നിച്ച് പ്രാര്‍ഥിക്കല്‍ എന്നിവയെല്ലാം റമദാനില്‍ സാധാരണമാണ്. എന്നാല്‍ കൊറോണ വൈറസ് അണുബാധ പടരാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും പാലിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പ്രധാനം വ്യക്തിയുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും നിലനിര്‍ത്തുകയെന്നതാണ്. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്തവണ റമദാനില്‍ വലിയ കുടുംബസംഗമങ്ങളും പള്ളിയിലെ തറാവിഹ് നമസ്‌കാരങ്ങളും ഉള്‍പ്പടെ ഒഴിവാക്കപ്പെടുന്നത് ചിലര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും പല കുടുംബങ്ങളും വിശുദ്ധമാസം ആഗതമാകുന്നതിനുമുമ്പുതന്നെ ഈ മാസത്തിനായി തയാറെടുക്കാറുണ്ട്.
ഈ വര്‍ഷം റമദാന്‍ സുരക്ഷിതമായും സന്തോഷത്തോടെയും ചെലവഴിക്കാന്‍ സമയ ആസൂത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന ഷോപ്പിങ് നടത്തുന്നതാണ് ഉചിതം.
ഷോപ്പിങ് സെന്ററുകളിലേക്ക് നിരന്തരം പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി രണ്ടാഴ്ചത്തേക്ക് മതിയായവ വാങ്ങുന്നതിനായി ഉത്പന്നങ്ങളുടെ പട്ടിക നേരത്തെ തയാറാക്കി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. വലിയൊരു വിഭാഗം ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് വൈറസ് ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അതുവഴി കുടുംബാംഗങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രോഗബാധിതരാകുന്ന വ്യക്തിക്ക് തങ്ങളിലെ അണുബാധയെക്കുറിച്ച് അറിയുന്നതിനോ മനസിലാക്കുന്നതിനോ മുന്‍പുതന്നെ മറ്റുള്ളവരിലേക്കു രോഗ് പകരാന്‍ കഴിയും. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ജനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തലാണ്. ഹസ്തദാനം, നാസികകളില്‍ ചുംബിക്കല്‍, കെട്ടിപ്പിടിക്കല്‍ എന്നിവയുള്‍പ്പടെ പരസ്പരം അഭിവാദ്യം ചെയ്യുന്ന പരമ്പരാഗത രീതികള്‍ ഒഴിവാക്കിക്കൊണ്ട് ശാരീരിക അകലം പാലിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് നിയമ ലംഘനം; ബഹ്‌റൈനില്‍ ഒരു വനിതയുള്‍പ്പെടെ 8 പേര്‍ക്ക് ശിക്ഷ വിധിച്ചു

കോവിഡിനെതിരെ വാക്‌സിന്‍: ഖത്തര്‍- റഷ്യ സഹകരണം