
ദോഹ: മെക്‌സിക്കോയില്‍ മൂന്നു ബ്ലോക്കുകളുടെ പര്യവേഷണം സംബന്ധിച്ച കരാറില്‍ ഖത്തര്‍ പെട്രോളിയം ഒപ്പുവെച്ചു. മെക്‌സിക്കോയുടെ തീരത്തുള്ള കാംപെഷെ തടത്തില്‍ സ്ഥിതിചെയ്യുന്ന 15, 33, 34 ബ്ലോക്കുകളിലാണ് പങ്കാളിത്തം.
പ്രധാന കരാറുകാരായ ടോട്ടലിന്റെ പങ്കാളിത്ത താല്‍പര്യത്തിന്റെ 30ശതമാനമാണ് ഖത്തര്‍ പെട്രോളിയം സ്വന്തമാക്കിയത്. മൂന്നു ബ്ലോക്കുകളുടെയും കരാര്‍ ടോട്ടലിന്റെ നിലവിലുള്ള പങ്കാളികളുടെയും മെക്‌സിക്കോ സര്‍ക്കാരിന്റെയും അംഗീകാരങ്ങള്‍ക്കും പതിവ് നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രാബല്യത്തിലാവുക. മെക്‌സിക്കോയില്‍ ഖത്തര്‍ പെട്രോളിയത്തിന്റെ കാല്‍പ്പാടുകള്‍ കൂടുതല്‍ വിപുലീകരിക്കുന്ന കരാറുകളില്‍ ഒപ്പുവെക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരിദ അല്‍കാബി പറഞ്ഞു. ആഗോള എണ്ണ വാതക വ്യവസായത്തില്‍ ഖത്തര്‍ പെട്രോളിയം വഹിക്കുന്ന സുപ്രധാന പങ്കിന്റെ പ്രതിഫലനമാണ് മെക്‌സിക്കോയിലെ ബ്ലോക്കുകളുടെ പര്യവേഷണം. രാജ്യാന്തരതലത്തിലെ ചുവടുവയ്പ്പുകള്‍ വികസിപ്പിക്കുകയെന്ന കര്‍മപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പര്യവേഷണപദ്ധതികളിലെ പങ്കാളിത്തം. ഖത്തര്‍ പെട്രോളിയത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മേഖലയാണ് ലാറ്റിന്‍ അമേരിക്ക.
ടോട്ടലുമായും ഈ ബ്ലോക്കുകളിലെ മറ്റു പങ്കാളികളുമായും മെക്‌സിക്കോ സര്‍ക്കാരുമായും കൂടുതല്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെക്‌സിക്കന്‍ അധികാരികള്‍ നല്‍കുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും അല്‍കഅബി പറഞ്ഞു. മൂന്നു ഓഫ്‌ഷോര്‍ ബ്ലോക്കുകളും കാംപെഷെ തടത്തില്‍ കൂറ്റന്‍ കാന്റരെല്‍, കെഎംഇസെഡ് എണ്ണപ്പാടങ്ങളുടെ മുപ്പത് മുതല്‍ 90കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ബ്ലോക്കുകളുടെ ആകെ വിസ്തീര്‍ണം ഏകദേശം 2300 ചതുരശ്ര കിലോമീറ്ററാണ്. ജലത്തിന്റെ ആഴം 10 മുതല്‍ 1,100 മീറ്റര്‍വരെയാണ്. മെക്‌സിക്കോ പെര്‍ഡിഡോ ബേസിനിലെ ബ്ലോക്ക് 3, 4, 6, 7 എന്നിവയുടെ പര്യവേഷണ അവകാശം ഖത്തര്‍ പെട്രോളിയവും ഷെല്ലും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം നേരത്തെ സ്വന്തമാക്കിയിരുന്നു. കണ്‍സോര്‍ഷ്യത്തില്‍ ഷെല്ലിന് 60ശതമാനവും ഖത്തര്‍ പെട്രോളിയത്തിന് 40ശതമാനവുമാണ് ഓഹരി. കാംപെഷെ ബേസിനിലെ ബ്ലോക്ക് 24ന്റെ പര്യവേഷണാവകാശം എനിയും ഖത്തര്‍ പെട്രോളിയവും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിനാണ്. ഇതില്‍ എനിക്ക് 65ശതമാനവും ഖത്തര്‍ പെട്രോളിയത്തിന് 35ശതമാനവുമാണ് ഓഹരിപങ്കാളിത്തം.