ദോഹ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് പ്രവാസികളും. ഉമ്മൻചാണ്ടി ഓർമ്മയാവുമ്പോൾ കേരളം കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനായ ഭരണാധികാരിയെയാണ് ആ വിയോഗത്തിലൂടെ നഷ്ടമായിട്ടുള്ളതെന്ന് കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ജനങ്ങൾ കൂടെയില്ലാതെ, അവര്‍ക്കൊപ്പമല്ലാതെ
ഉമ്മൻചാണ്ടിയെന്ന നേതാവിനെ കണ്ടിട്ടില്ല.
‘ജനകീയൻ’ എന്ന വാക്കിൻ്റെ പര്യായ പദത്തിന് ഉമ്മൻ ചാണ്ടി എന്ന പേരായിരിക്കും കൂടുതൽ യോജിപ്പുണ്ടാവുകയെന്നും ഖത്തർ കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രെഷറർ പി എസ് എം ഹുസൈൻ എന്നിവർ പറഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങൾ എപ്പോഴും ശ്രദ്ധാപൂർവ്വം കേൾക്കുകയും, അവ പരിഹരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും ഖത്തർ കെ.എം.സി.സി വിശദീകരിച്ചു.
കളിയാക്കലുകളുകളും കുറ്റപെടുത്തലുകളും ഒന്നും ജനങ്ങൾക്ക് ഇടയിൽ ജീവിക്കാനും അവർക്കായി കാര്യങ്ങൾ ചെയ്യാനും ഉമ്മൻചാണ്ടിക്ക് തടസമായിരുന്നില്ലെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പറഞ്ഞു.
ഉമ്മൻചാണ്ടി എന്നത് ഒരാൾ ആയിരുന്നില്ല
ഒരു ആൾക്കൂട്ടമായിരുന്നു.
ഒരേ മണ്ഡലത്തിൽ നിന്നു തന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപെടുക. നിയമസഭാ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത്
അറിയാനിടവരാതിരിക്കുക തുടങ്ങിയ അപൂർവമായ നേട്ടങ്ങളിലൂടെ ആണ് ഉമ്മൻ ചാണ്ടി കടന്നു പോയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗം പ്രവാസികൾക്ക് തീരാനഷ്ടം ആണെന്ന് ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ സമീർ ഏറാമല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ബജറ്റ് എയർലൈൻ ഉൾപ്പെടെ പ്രവാസികൾക്കായുള്ള പല പദ്ധതികളും ഉമ്മൻചാണ്ടി മുൻകൈയ്യെടുത്താണ് നടപ്പിലാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ മരണം പ്രവാസ ലോകത്തെയും ശോകമൂകമാക്കിയതായും ഖത്തറിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരെ ഉൾപ്പെടുത്തി വ്യാഴാഴ്ച വൈകിട്ട് അനുശോചനയോഗം സംഘടിപ്പിക്കുമെന്നും സമീർ ഏറാമല അറിയിച്ചു.
മികച്ച ഭരണാധികാരിയും രാഷ്ട്രീയത്തിലെ സൗമ്യ ഭാവവുമായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി എന്ന് ഐഎംസിസി വഹാബ് വിഭാഗം അനുശോചന കുറിപ്പിൽ അറിയിച്ചു. മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. നീണ്ട അര നൂറ്റാണ്ട് കാലം ജനപ്രതിനിധിയായി സേവനനുഷ്ട്ടിക്കാൻ കഴിഞ്ഞു എന്നത് ജനങ്ങളുമായി അദ്ദേഹത്തിന് ഉണ്ടായ ഇഴയടുപ്പത്തിൻ്റെയും ഊഷ്മള ബന്ധത്തിൻ്റെയും തെളിവ് കൂടിയായിരുന്നുവെന്നും ഐഎംസിസി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ഐഎംഎഫ് അനുശോചിച്ചു
ദോഹ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം (ഐഎംഎഫ്) അനുശോചിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഖത്തറില്‍ സന്ദര്‍ശനം നടത്തിയപ്പോളെല്ലാം സാധാരണക്കാരായ പ്രവാസികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. ലേബര്‍ ക്യാമ്പുകളിലും ഹമദ് ആശുപത്രികളിലെ രോഗികളെയും
സന്ദര്‍ശിച്ച് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ ഖത്തറിലെ ഇന്ത്യന്‍ മീഡിയ ഫോറവും പങ്കുചേരുന്നുവെന്നും ഐ എം എഫ് വ്യക്തമാക്കി.