Friday, November 27ESTD 1934

വേനലില്‍ തൊഴിലാളികളുടെ മധ്യാഹ്ന വിശ്രമ സമയവും കാലാവധിയും ദീര്‍ഘിപ്പിക്കുന്നു

ദോഹ: വേനല്‍ മാസങ്ങളില്‍ പുറംജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമ ഇടവേളയുടെ സമയവും കാലാവധിയും ദീര്‍ഘിപ്പിക്കുന്നു. വേനലില്‍ പകല്‍സമയങ്ങളില്‍ തൊഴിലാളികളുടെ ജോലി സമയം കുറച്ചുകൊണ്ടുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് മധ്യാഹ്ന വിശ്രമ സമയം നീട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മധ്യാഹ്ന വിശ്രമ ഇടവേള രണ്ടര മാസമെന്നത് മൂന്നരമാസമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ ഓഗസ്ത് 31 വരെ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 3.00 വരെയായിരുന്നു പുറം തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച പുതിയ തീരുമാനപ്രകാരം ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെ പുറം തൊഴിലാളികള്‍ക്ക് രാവിലെ പത്തു മുതല്‍ ഉച്ചക്ക് മൂന്നര വരെ വിശ്രമിക്കാം. നിലവില്‍ തൊഴിലാളികള്‍ക്ക് രണ്ടരമാസം ദിവസവും മൂന്നര മണിക്കൂര്‍ വീതമായിരുന്നു വിശ്രമം അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ മൂന്നര മാസം പ്രതിദിനം അഞ്ചര മണിക്കൂര്‍ വിശ്രമിക്കാം. കടുത്ത വെയില്‍ സീസണില്‍ ദിവസവും രണ്ടു മണിക്കൂര്‍ അധികം വിശ്രമിക്കാം. കൂടാതെ കാലാവധിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് മന്ത്രിസഭയുടെ ഈ തീരുമാനം. വേനല്‍ക്കാലത്ത് തുറസായ തൊഴിലിടങ്ങളിലെ മധ്യാഹ്ന വിശ്രമം സംബന്ധിച്ച സിവില്‍ സര്‍വീസ് കാര്യ പാര്‍പ്പിട വകുപ്പ് മന്തിയുടെ 2007 ലെ 16-ാം നമ്പര്‍ തീരുമാനത്തിന് പകരമായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രിതല തീരുമാനമാണ് മന്ത്രിസഭ അംഗീകരിച്ചത്. വേനല്‍മാസങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. കടുത്ത ചൂടില്‍ ദീര്‍ഘനേരം ജോലി ചെയ്താല്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ജലീകരണത്തിലൂടെ തളര്‍ച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്. കടുത്തചൂടില്‍ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടാണ്. നിര്‍ജലീകരണമുണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഇതെല്ലാം പരിഗണിച്ചാണ് മധ്യാഹ്ന വിശ്രമസമയം അനുവദിക്കാന്‍ തൊഴില്‍മന്ത്രാലയം തീരുമാനമെടുത്തത്. സമയവും കാലാവധിയും ദീര്‍ഘിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഖത്തറിലെ ലക്ഷക്കണക്കിന് പ്രവാസിതൊഴിലാളികള്‍ക്ക് ആശ്വാസമേകും. ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടനവധി തൊഴിലാളികളാണ് ഖത്തറില്‍ നിര്‍മാണമേഖലയിലുള്‍പ്പടെ പുറംജോലികളിലേര്‍പ്പെട്ടിരിക്കുന്നത്. അവര്‍ക്കാണ് പുതിയ തീരുമാനം ഏറെ ആശ്വാസമാകുന്നത്.

error: Content is protected !!