
ദോഹ: ഹോട്ടല്‍ ക്വാറന്റൈനായി ഒക്ടോബര്‍ 31വരെ ബുക്ക് ചെയ്യാനാകുമെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. കോവിഡ്19 വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ മടങ്ങിയെത്തണമെങ്കില്‍ എക്‌സ്‌പെഷ്ണല്‍ റീ എന്‍ട്രി പെര്‍മിറ്റിനു പുറമെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങ് രേഖയും ആവശ്യമാണ്. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന റീ എന്‍ട്രി പെര്‍മിറ്റ് നേടിയശേഷമാണ് ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യേണ്ടത്. ബുക്കിങിനായുള്ള പാക്കേജ് ഒക്ടോബര്‍ 31വരെ നീട്ടിയിട്ടുണ്ട്. സെപ്തംബര്‍ പതിനഞ്ചുവരെയായിരുന്നു നേരത്തെ ബുക്കിങ് അനുവദിച്ചത്. അതിനുശേഷമുള്ള ബുക്കിങില്‍ അനിശ്ചിതത്വമുണ്ടായത് ദോഹയിലേക്ക് മടങ്ങാനിരുന്ന പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നേടിയശേഷം ദോഹയിലെത്തുമ്പോള്‍ ഏഴു ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നത് നിര്‍ബന്ധമാണ്. പതിനാറോളം ഹോട്ടലുകള്‍ നിലവില്‍ ക്വാറന്റൈന്‍ ബുക്കിങിനായി ലഭ്യമാണ്. ഈ ഹോട്ടലുകളില്‍ ഒരാള്‍ക്ക് ഏഴുദിവസത്തെ പാക്കേജിന് 1950 റിയാല്‍ മുതല്‍ 6,168 റിയാല്‍ വരെയാണ് നിരക്ക്. കുടുംബങ്ങള്‍ക്കായി ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും കമ്പനി തൊഴിലാളികള്‍ക്കായി ഷെയേര്‍ഡ് മോട്ടല്‍ താമസസൗകര്യങ്ങളും ലഭിക്കും. മടങ്ങാന്‍ അനുമതിയുള്ളവര്‍ മാത്രമെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യാന്‍ പാടുള്ളുവെന്നും ഡിസ്‌ക്കവര്‍ ഖത്തര്‍ അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ദിവസേന പരിധി നിശ്ചയിച്ചിട്ടുണ്ട്. മടങ്ങിയെത്താന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതിനാലാണിത്. ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങിനായി തിരയുമ്പോള്‍ ഹോട്ടലുകളൊന്നും ലഭ്യമാകുന്നില്ലെങ്കില്‍ മിക്കവാറും ദൈനംദിന വരവ് പരിധിയിലെത്തിയിരിക്കാം.ആ ഘട്ടത്തില്‍ മറ്റൊരു തീയതി തെരഞ്ഞെടുക്കണമെന്ന് ഡിസ്‌ക്കവര്‍ ഖത്തര്‍ നിര്‍ദേശിച്ചു. ഓഗസ്റ്റ് 20നുശേഷമുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങില്‍ ഭേദഗതി വരുത്താനാകില്ല. ഒരിക്കല്‍ ബുക്കിങ് നടത്തിയാല്‍ ഭേദഗതി ചെയ്യാനോ പണം മടക്കി ലഭിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ എല്ലാ വിശദാംശങ്ങളും ഉറപ്പാക്കിയശേഷം മാത്രമായിരിക്കണം ബുക്ക് ചെയ്യേണ്ടത്. എയര്‍ലൈന്‍ വിമാനം റദ്ദാക്കിയാല്‍ മാത്രമെ ഇളവിന് അര്‍ഹതയുണ്ടാകുകയുള്ളു. കുടുംബങ്ങള്‍ സ്വന്തം ചെലവില്‍ ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്. വിദഗ്ധ, അവിദഗ്ധ മേഖലയിലെ തൊഴിലാളികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ചെലവ് തൊഴിലുടമകള്‍ വഹിക്കണം.