വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാവാതിരിക്കുക

ദോഹ: കോവിഡ് കാലത്തെ വ്യാജ വാര്‍ത്തകള്‍ കരുതിയിരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ് വീണ്ടും. മറ്റു രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള പ്രവേശനം സ്വദേശികള്‍ക്കു മാത്രമാക്കി ചുരുക്കിയെന്ന രീതിയില്‍ ഖത്തര്‍ എയര്വെയിസിനു കീഴിലെ ഡിസ്കവര് ഖത്തറിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഇത്തരം വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്നും ് ഖത്തര്‍ എയര്‍വെയ്സ്. ഖത്തറിലേക്ക് ആര്‍ക്കൊക്കെ പ്രവേശിക്കാമെന്ന കാര്യത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഖത്തര്‍ എയര്‍വെയിസ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
”ഖത്തര്‍ സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കാവുന്നരുടെ കാര്യത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഖത്തരി പൗരന്മാരെ മാത്രമേ ഇനി രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ നിജസ്ഥിതി ഉറപ്പുവരുത്തണം. യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വാര്‍ത്ത നല്‍കാവൂ. തങ്ങളുടെ വെബ്സൈറ്റിലെ വിവരങ്ങളില്‍ മാറ്റം വരുത്തി വ്യാജ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ഡിസ്കവര് ഖത്തര്‍ ബോധവാന്മാരാണ്.
ഖത്തറിലേക്ക് തിരിച്ചു വരുന്നതിനുള്ള പ്രക്രിയ, ലോ റിസ്ക് രാജ്യങ്ങളുടെ പട്ടിക, ക്വാരന്റീന് നിയമങ്ങള്‍ എന്നിവ അറിയുന്നതിന് ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ്, ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റ് എന്നിവയാണ് സന്ദര്‍ശിക്കേണ്ടത്.” ഖത്തര്‍ എയര്‍വെയിസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിശ്രമത്തിന് വേണ്ടിയുള്ള ഹോട്ടല്‍ ബുക്കിങ്, ഖത്തറിലേക്കുള്ള വിനോദ സഞ്ചാര, പഠന യാത്രാ ബുക്കിങ് എന്നിവ മെയ് 31 വരെ റദ്ദാക്കിയെന്നും അധികൃതര്‍ അറിയിച്ചു.