in , , ,

974 സ്‌റ്റേഡിയം പൊളിച്ചുതുടങ്ങിയെന്ന് വ്യാജപ്രചാരണം; ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന ഫാഷന്‍ ഷോ 16-ന്

 

 

 

റാസ്അബൂഅബൂദിലെ 974 സ്‌റ്റേഡിയം ഫോട്ടോ:ഷിറാസ് സിതാര

അശ്‌റഫ് തൂണേരി/ദോഹ:
ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി  റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടയ്‌നറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച റാസ്അബൂഅബൂദിലെ 974 സ്‌റ്റേഡിയം പൊളിച്ചുതുടങ്ങിയെന്ന് വ്യാജപ്രചാരണം. ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രമുഖ ചാനലുകളുമുള്‍പ്പെടെ വ്യാജ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. ഖത്തറില്‍ ഫിഫ ലോകകപ്പ് അക്രഡിറ്റേഷനുള്ള ഇന്ത്യയില്‍ നിന്നുള്ള മാധ്യമ സ്ഥാപനങ്ങള്‍ വരെ തെറ്റായി വാര്‍ത്തനല്‍കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുകയാണ്.
ഖത്തര്‍ ലോകകപ്പിലെ ഏഴ് മത്സരങ്ങള്‍ക്ക് വേദിയായ 974 സ്റ്റേഡിയത്തില്‍ ഡിസംബര്‍ അഞ്ചിനായിരുന്നു അവസാന മത്സരം. ബ്രസീലും ദക്ഷിണ കൊറിയയും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബ്രസീല്‍ വിജയികളായി. ഈ മത്സരം കഴിഞ്ഞതോടെയാണ് പിറ്റേന്ന് മുതല്‍ പൊളിച്ചുതുടങ്ങുമെന്നും പൊളിച്ചുതുടങ്ങിയെന്നും വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. സ്റ്റേഡിയം ഉടന്‍ പൊളിച്ചുമാറ്റില്ലെന്നും സമയമെടുത്താണ് ഇക്കാര്യം പൂര്‍ത്തിയാക്കുകയെന്നും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വൃത്തങ്ങള്‍ ചന്ദ്രികയോട് പറഞ്ഞു. പുനരുപയോഗിക്കാവുന്ന സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ ഏതെങ്കിലും ഒരു രാജ്യത്തിനോ അല്ലെങ്കില്‍ രാജ്യങ്ങള്‍ക്കോ  പ്രയോജനകരമാംവിധം ഷിപ്പിംഗ് കണ്ടയ്‌നറുകള്‍ കൈമാറും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തിന് സ്റ്റേഡിയമായി ഖത്തര്‍ സമ്മാനിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2030 ലോകകപ്പിനുള്ള ബിഡില്‍ ഉറുഗ്വേ-അര്‍ജന്റീന-ചിലി-പരാഗ്വേ രാജ്യങ്ങള്‍ വിജയിച്ചാല്‍ സ്‌റ്റേഡിയം അവിടേക്ക് കൊണ്ടുപോകുമെന്നും വാര്‍ത്തകളുണ്ടായി. പക്ഷെ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം ഈ മാസം പതിനാറിന് വൈകുന്നേരം 3 മുതല്‍ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില് നിന്നുള്ള 150-ലധികം കലാകാരന്മാരും കലാകാരികളും ബ്രാന്‍ഡുകളും പങ്കെടുക്കുന്ന ഫാഷന്‍ ഷോക്ക് 974 സ്‌റ്റേഡിയം വേദിയാകും. 25,000 പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്. ആറു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുക്കും. അര്‍ജന്റീന, ബെല്‍ജിയം, ബ്രസീല്‍, ചൈന, കൊളംബിയ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഘാന, ഗ്രീസ്, ഈജിപ്ത്, ഇറാന്‍, ഇറ്റലി, ജപാന്‍, നൈജീരിയ, ഖത്തര്‍, ശ്രീലങ്ക, അമേരിക്ക എന്നിവടങ്ങളിലെ മികച്ച ബ്രാന്റുകള്‍ ഷോക്കെത്തും. ലോകകപ്പില്‍ മത്സരിച്ച 32 രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ അംബാസഡര്‍മാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
ഖത്തര്‍ ഫാഷന്‍ യുണൈറ്റഡ് എന്ന പേരില്‍ ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ െൈശഖ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി രക്ഷാധികാരിയായി നടക്കുന്ന പരിപാടി ക്യുറേറ്റ് ചെയ്യുന്നത് ഫ്രഞ്ച് ഫാഷന്‍ എഡിറ്ററും വിഷ്വല്‍ സ്റ്റൈലിസ്റ്റുമായ കാരിന്‍ റോയ്റ്റ്‌ഫെല്‍ഡ് ആണ്.

974 സ്‌റ്റേഡിയത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള സേവനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍

44,089 പേര്‍ക്ക് കളികാണാനുള്ള സൗകര്യമുള്ള സ്‌റ്റേഡിയം 2019-നവംബര്‍ 1-നാണ് നിര്‍മ്മാണം തുടങ്ങിയത്. 2021 നവംബര്‍ 30-ന് നിര്‍മ്മാണം പൂര്‍്ത്തീകരിച്ചു. 2021 നവംബര്‍ 30ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സിറിയയും തമ്മില്‍ ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിനാണ് സ്‌റ്റേഡിയം ആദ്യം സാക്ഷ്യം വഹിച്ചത്. പിന്നീട് ലോകകപ്പ് ഭാഗമായി 2022 നവംബര്‍ 22ന് ഗ്രൂപ്പ് സി യിലെ മെക്‌സികോ-പോളണ്ട് മത്സരമായിരുന്നു ആദ്യത്തേത്. 24ന് പോര്‍ച്ചുഗല്‍-ഘാന, 26ന് ഫ്രാന്‍സ്-ഡെന്‍മാര്‍ക്ക്, 28ന് ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്റ്, 30ന് പോളണ്ട്-അര്‍ജന്റീന, ഡിസംബര്‍ രണ്ടിന് സെര്‍ബിയസ്വിറ്റ്‌സര്‍ലന്റ്, അഞ്ചിന് ബ്രസീല്‍-തെക്കന്‍ കൊറിയ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുമാണ് ഇവിടെ നടന്നത്. മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്‌പെയിന്‍ ആര്‍ക്കിടെക്റ്റ് ഗ്രൂപ്പായ ഫെന്‍വിക്ക് ഇരിബാരനാണ് സ്‌റ്റേഡിയം രൂപകല്പന ചെയ്തത്. നാലര ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള സ്റ്റേഡിയം കടലോര പ്രദേശത്താണ് നിര്‍മ്മിച്ചത്.  ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റത്തില്‍ ഈ സ്‌റ്റേഡിയത്തിന് ഫോര്‍ സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്. റാസ് അബുഅബൂദ് സ്‌റ്റേഡിയം എന്ന പേരില്‍ പ്രഖ്യാപിച്ച സ്റ്റേഡിയം 2021 നവംബര്‍ 20ന് ഖത്തറിനുള്ള അന്തര്‍ദ്ദേശീയ ഡയലിംഗ് കോഡായ 974നോടുള്ള ആദരസൂചകവുമായി സ്‌റ്റേഡിയം 974 എന്ന് പേര് മാറ്റിപ്രഖ്യാപിച്ചു. സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്ക് വളണ്ടിയര്‍ സേവനം ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദൗത്യം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങി. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18-ന് ഇവര്‍ക്ക് ഷിഫ്റ്റായി സേവനമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മൊറോക്കന്‍ പതാക വീശി ശൈഖ് തമീം; വിജയമാഘോഷിച്ച് അറബ് ലോകവും വടക്കേ ആഫ്രിക്കയും

തലപ്പാവ് സ്റ്റേഡിയത്തില്‍ തലയുയര്‍ത്തി നസീരി, തലതാഴ്ത്തി റൊണാള്‍ഡോ