അശ്റഫ് തൂണേരി/ദോഹ:
എല്ലാ ദേശക്കാര്‍ക്കും ഖത്തറില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ അവസരമെന്ന പേരില്‍ വീണ്ടും വ്യാജന്. വിവിധ വാട്സാപ് ഗ്രൂപ്പുകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലുമാണ് അതിവേഗം ഈ സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. മൂന്നുലക്ഷത്തി മുപ്പതിനായിരം പേരെ നാല് ലക്ഷം തൊഴില്‍ ഒഴിവുകളിലേക്ക് ഖത്തര്‍ ക്ഷണിക്കുന്നുവെന്നും വിശദീകരിക്കുന്ന പരസ്യത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പിന്ചരിത്രമുണ്ടാവരുതെന്നും കുറഞ്ഞത് ഹൈസ്കൂള്‍ യോഗ്യത വേണമെന്നും വ്യക്തമായ ഡിജിറ്റല്‍ പാസ്പോര്ട് ഫോട്ടോഗ്രാഫ് വേണമെന്നും പറയുന്നു.
100 ശതമാനം സൗജന്യമായി പ്രായ പരിധിയില്ലാത്ത ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജന് നിയമപരമായി ഖത്തറിലേക്ക് മൈഗ്രേറ്റ് ചെയ്ത് തൊഴില്‍ ചെയ്യാമെന്നും തട്ടിവിടുന്നുണ്ട്. ഒപ്പം കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വ്യാജന്റെ യഥാര്‍ത്ഥ മുഖം കുറച്ചു കൂടിബോധ്യമാവുമെങ്കിലും അനവധി പേരാണ് ഇത് ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഖത്തര്‍ ഭരണകൂടത്തിന്റെ പഴയ ലോഗോ നല്കി ഒപ്പം ഖത്തര്‍ തൊഴില്‍മന്ത്രാലയം എന്ന് ഇംഗ്ലഷില്‍ എഴുതിയിട്ടുണ്ട്. പ്രൊസീഡ് എന്നെഴുതിയേടത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നുവെന്നും ഇത് പൂരിപ്പിച്ചുനല്കിയവര് വാട്സാപ് ഗ്രൂപ്പുകളിലൂടെ തന്നെ വ്യക്തമാക്കുന്നു.
വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് പുതിയ തട്ടിപ്പിന് കെണിയൊരുക്കുകയാണെന്ന് വിശദവിവരങ്ങള്‍ കൈമാറുന്നവര്‍ മനസ്സിലാക്കാതിരിക്കുന്നത് ഖേദകരമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം വ്യാജന്മാരുടെ സന്ദേശങ്ങളിലോ കെണിയിലോ പെട്ട് പോകരുതെന്ന് നിരന്തരമായി മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈന്‍ എക്കൗണ്ടുകള്‍ സൂക്ഷ്മമായി ഉപയോഗിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അറ്റാച്മെന്റുകളും ലിങ്കുകളും തുറക്കുന്നതിനും പ്രതികരിക്കുന്നതിനും മുമ്പ് അവയുടെ ഉറവിടങ്ങള്‍ പരിശോധിക്കണമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ എക്കൗണ്ടുകളിലെ പാസ് വേഡുകള്‍ സങ്കീര്ണ്ണതയുള്ളതാക്കി സജ്ജീകരിക്കണമെന്നും അവ ഇടക്കിടെ മാറ്റണമെന്നും അവര്‍ വിശദീകരിച്ചു.
To protect your online accounts and prevent cybercrimes, use complex passwords and change them periodically.
Never respond to suspicious messages or open links and attachments before verifying their sources. #MOIQatar pic.twitter.com/N2mxBhtEdy— Ministry of Interior (@MOI_QatarEn) December 17, 2022