
ദോഹ: നാലാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2020’ന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. വിസ്ഡം സ്ക്വയറിലെ കൂറ്റന്‍ ടെന്റിലും കത്താറ ഹാളിലുമായിട്ടാണ് പ്രദര്‍ശനം. കത്താറയുടെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നാണ് സുഹൈല്‍. 13 രാജ്യങ്ങളില്‍നിന്നായി 120 കമ്പനികളുടെ പങ്കാളിത്തമുണ്ട്.
ഖത്തര്‍, കുവൈത്ത്, പാകിസ്താന്, യുഎസ്, ബ്രിട്ടന്, സ്പെയിന്, തുര്‍ക്കി, ബെല്‍ജിയം, ലെബനന്, പോര്‍ച്ചുഗല്‍, റുമാനിയ, ഫ്രാന്‍സ്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളുടെ പങ്കാളിത്തമുണ്ട്. കോവിഡ് മുന്‍കരുതലും സുരക്ഷാനടപടികളും പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പ്രദര്‍ശനം. ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്കു രണ്ടുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി പതിനൊന്നുവരെയുമായിരിക്കും പ്രവേശനം. ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടവേളയായിരിക്കും.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പതിനൊന്നുവരെയായിരിക്കും പ്രവേശനം. വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി, ബ്രിട്ടണിന്റെ മെന മേഖലക്കായുള്ള സഹമന്ത്രി ജെയിംസ് ക്ലെവര്‍ലി എന്നിവര്‍ കത്താറയില്‍ സുഹൈല്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. ഫാല്‍ക്കണ്‍ പ്രേമികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന വ്യാപാര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാം. പ്രത്യേക ആപ്ലിക്കേഷന്‍ മുഖേന ഓണ്‍ലൈനായി ഫാല്‍ക്കണ്‍ ലേലത്തിലും പങ്കെടുക്കാന്‍ സൗകര്യമുണ്ടാകും. വേദിയില്‍ തിരക്കൊഴിവാക്കാന്‍ ഓണ്‍ലൈന്‍ മുഖേന രജിസ്ട്രേഷനും നിര്‍വഹിക്കാനാകും.
മികച്ച പവലിയനും മികച്ച ഫാല്‍ക്കണ്‍ ഹുഡിനും പുരസ്കാരം നല്‍കും. പവലിയന്റെ നൂതന രൂപകല്‍പ്പന, സര്‍ഗാത്മക ഘടകങ്ങള്‍, സന്ദര്‍ശക ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ശേഷി എന്നിവ കണക്കിലെടുത്തായിരിക്കും മികച്ച പവലിയന് പുരസ്കാരം. 20,000 റിയാലാണ് സമ്മാനത്തുക. മികച്ച ഫാല്ക്കണ്ഹുഡ് നിര്‍മാതാക്കള്‍ക്കായി യഥാക്രമം 3000, 2000, 1000 ഡോളര്‍ വീതം സമ്മാനം നല്‍കും. കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ട് കത്താറ റെസ്റ്റോറുകളും കഫേകളും സുഹൈലില്‍ പങ്കാളികളാകുന്നുണ്ട്. വേട്ടസീസണ്, ഫാല്‍ക്കണറി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സുഹൈല്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്. വേട്ട ആയുധങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവിധ പരിപാടികളും സുഹൈലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഫാല്‍ക്കണുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മനസിലാക്കുന്നതിനും വിവിധയിനം ഫാല്‍ക്കണുകളുടെ നേരിട്ടു കാണുന്നതിനും പ്രദര്‍ശനം സഹായകമാണ്. പ്രാദേശിക, രാജ്യാന്തര പ്രതിനിധികള്‍ക്കുപുറമെ വേട്ടയ്ക്കുള്ള വാഹനങ്ങള്‍, ഉപകരണങ്ങള്‍, ടൂളുകള്‍ വിതരണം ചെയ്യുന്നവര്‍, ഫാല്‍ക്കണ്‍ സംബന്ധിയായസ്ഥാപനങ്ങള് തുടങ്ങിയവയുടെ പങ്കാളിത്തവുമുണ്ട്. ഫാല്‍ക്കണ്‍ വെറ്റിനറി ക്ലിനിക്കുകളുടെ സാന്നിധ്യമുണ്ട്. വേട്ട, ഫാല്‍ക്കണറി രംഗത്തെ വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പൈതൃകം മനസിലാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. വേട്ടയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രതിദിന പക്ഷിലേലം, ഹണ്ടിങ് ഫാല്‍ക്കണറി പ്രദര്‍ശനം, കവിതാസായാഹ്നം,ഫാല്‍ക്കണുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്ക് പരിശീലനം എന്നിവയുള്‍പ്പടെയുള്ള പരിപാടികളും നടക്കുന്നുണ്ട്.