
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ ഡെലിവറി ഫീസ് ഈടാക്കും. മരുന്നിന്റെയും മറ്റ് മെഡിക്കല്‍ സാമഗ്രികളുടേയും നിരക്കിനു പുറമെ ഡെലിവറി ഫീസായി 30 റിയാല്‍ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 26 മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും(എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും(പിഎച്ച്‌സിസി) നിലവില്‍ ഹോം ഡെലിവറി സേവനം നല്‍കിവരുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്നും നിശ്ചിത ഫീസ് ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള രോഗികളുടെ സന്ദര്‍ശനം കുറക്കുകയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയെന്നതാണ് ഈ സേവനം ലക്ഷ്യംവെക്കുന്നത്. ഖത്തര്‍ പോസ്റ്റിന്റെ സഹകരണത്തോടെയാണ് മരുന്നുകള്‍ വീടുകളിലെത്തിക്കുന്നത്. മരുന്നുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ ലൈസന്‍സിങ് രേഖകള്‍, പ്രമേഹ, പോഷക സംബന്ധമായ മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം രോഗികളുടെ ആവശ്യപ്രകാരം മേല്‍വിലാസത്തില്‍ സുരക്ഷിതമായി ലഭ്യമാക്കും. കാലാവധിയുള്ള ഹെല്‍ത് കാര്‍ഡുള്ളവര്‍ക്കായിരിക്കും സേവനത്തിന്റെ പ്രയോജനം ലഭിക്കുക. ഏപ്രില്‍ മുതല്‍ ഇതുവരെ എച്ച്എംസിയുടെ കീഴിലെ 2,30,000 രോഗികള്‍ക്കായി 7,50,000 മരുന്നുകളാണ് ഖത്തര്‍ പോസ്റ്റ് എത്തിച്ചത്. പിഎച്ച്സിസിയുടെ 70,000 രോഗികള്‍ക്കും ഹോം ഡെലിവറി സേവനത്തിന്റെ പ്രയോജനം ലഭിച്ചു. ഹോം ഡെലിവറിക്കു പുറമെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും മരുന്നു വാങ്ങാം. മരുന്നുകളുടെയും മറ്റും തുക ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന അടക്കണം. ഡെലിവറി നിരക്കായ 30 റിയാല്‍ മരുന്നുമായി എത്തുന്ന ജീവനക്കാരന് പ്രത്യേകമായാണ് നല്‍കേണ്ടത്. എച്ച്എംസിയില്‍ നിന്നുള്ള മരുന്നുകളുടെ തുക രോഗികള്‍ക്ക് എച്ച്എംസി അയയ്ക്കുന്ന ഓണ്‍ലൈന്‍ പേമെന്റിനുള്ള പ്രത്യേക ലിങ്ക് വഴി ഓണ്‍ലൈനില്‍ നേരിട്ട് അടക്കുകയോ അല്ലെങ്കില്‍ മരുന്ന് വീട്ടിലെത്തുന്ന സമയത്തോ നല്‍കാം. എല്ലാ രോഗികളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം. എച്ച്എംസിയുടെ ഹോം ഡെലിവറി സേവനം ലഭിക്കുന്നതിന് 16000 എന്ന നമ്പരില്‍ വിളിക്കണം. തുടര്‍ന്ന് ഭാഷ തെരഞ്ഞെടുക്കണം. തുടര്‍ന്ന് 3 എന്ന അക്കത്തില്‍ അമര്‍ത്തി എച്ച്എംസിയും തുടര്‍ന്ന് 2 അമര്‍ത്തി മരുന്നു ഡെലിവറിയും തെരഞ്ഞെടുക്കണം. വിളിക്കുമ്പോള്‍ രോഗികള്‍ അവരുടെ സാധുവായ ഹെല്‍ത്ത് കാര്‍ഡ് നമ്പരും മേല്‍വിലാസവും നല്‍കണം. സോണ്‍, സ്ട്രീറ്റ്, കെട്ടിട നമ്പരുകള്‍ ഉള്‍പ്പടെയുള്ള പൂര്‍ണവിലാസമാണ് നല്‍കേണ്ടത്. ക്യുപോസ്റ്റ് അടുത്തപ്രവര്‍ത്തിദിവസം മരുന്നുകള്‍ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കും. മരുന്നുമായി എത്തുമ്പോള്‍ രോഗികള്‍ ഡെലിവറി ലൊക്കേഷനിലുണ്ടായിരിക്കണം. ഡെലിവറി രസീതില്‍ ഒപ്പിടുകയും വേണം. മരുന്ന് പാര്‍സല്‍ സീല്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. പാക്കേജിലെ പേരും ഹെല്‍ത്ത് കാര്‍ഡ് നമ്പറും ശരിയാണോയെന്ന് പരിശോധിക്കണം. എല്ലാ ക്യുപോസ്റ്റ് ഡ്രൈവര്‍മാരും ശുചിത്വത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.