in , ,

ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്: മെക്‌സിക്കന്‍ ക്ലബ്ബ് സെമിഫൈനലില്‍; അല്‍ദുഹൈലിന് തോല്‍വി

ക്ലബ്ബ് ലോകകപ്പ് സെമിയിലെത്തിയ ടൈഗ്രസ് ക്ലബ്ബ് താരങ്ങളുടെ ആഹ്ലാദം

ദോഹ: 2022 ലോക കപ്പിനു മുന്നോടിയായി നടക്കുന്ന ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് ദോഹയില്‍ തുടക്കമായി. ഇന്നലെ വൈകുന്നേരം റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റഡിയത്തില്‍ നടന്ന ആദ്യമത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബായ ടൈഗ്രസ് യുഎഎന്‍എല്‍ ദക്ഷിണ കൊറിയന്‍ ക്ലബ്ബായ ഉള്‍സന്‍ ഹ്യുണ്ടായിയെ പരാജയപ്പെടുത്തി സെമിഫൈനലിലെത്തി. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഖത്തറിന്റെ അല്‍ദുഹൈലിന് പരാജയത്തിന്റെ രുചിയറിയേണ്ടി വന്നു. എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്ഷ്യന്‍ ക്ലബ്ബായ ്അല്‍അഹ്്‌ലിയാണ് ദുഹൈലിനെ തോത്പ്പിച്ചത്.

ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കന്‍ ക്ലബ്ബിന്റെ വിജയം. ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത് ഉല്‍സന്‍ ഹ്യുണ്ടായി ആയിരുന്നുവെങ്കിലും ടൈഗ്രസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 38ാം മിനുട്ടിലും ആദ്യപകുതിയുടെ ഇന്‍ഞ്ച്വറി ടൈമിലും ആന്ദ്രെ പിയറി ജിഗാനികാണ് ടൈഗ്രസിന്റെ വിജയഗോളുകള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാമത്തെ ഗോള്‍ പെനാലിറ്റിയിലൂടെയായിരുന്നു. 24ാം മിനുട്ടില്‍ കിം കീ ഹീയാണ് ഉല്‍സന്റെ ആശ്വാസ ഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന സെമിയില്‍ ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മിറാസാണ് ടൈഗ്രസിന്റെ എതിരാളികള്‍. കോണ്‍കകാഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി ടൈഗ്രസ് ക്ലബ്ബും ദോഹയില്‍ നടന്ന എഎഫ്‌സി ചാമ്പ്യന്‍സലീഗില്‍ ജേതാക്കളായി ഉല്‍സന്‍ ഹ്യുണ്ടായിയും ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു.

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ അല്‍ദുഹൈലും അല്‍അഹ് ലിയും തമ്മിലുള്ള മത്സരത്തില്‍ നിന്ന്

രണ്ടാം മത്സരത്തില്‍ മുപ്പതാം മിനുട്ടില്‍ ഹുസൈന്‍ അല്‍ഷഹാതാണ് അഹ്‌ലിയുടെ വിജയ ഗോള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ പന്ത് ഏറെ സമയവും അഹ്‌ലി താരങ്ങളുടെ കാലിലായിരുന്നുവെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ദുഹൈലായിരുന്നു മുന്നില്‍. എതിരാളികളുടെ ഗോള്‍വല ലക്ഷ്യമാക്കി അല്‍അഹ്‌ലിക്ക് അഞ്ചു ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ക്കാനായത്. ഒന്നു മാത്രം ലക്ഷ്യത്തിലേക്ക്. അത് ഗോളില്‍ കലാശിക്കുകയും ചെയ്തു. ദുഹൈല്‍ പതിനാറ് ഷോട്ടുകള്‍ പായിച്ചതില്‍ ആറെണ്ണം ലക്ഷ്യത്തിലേക്കായിരുന്നുവെങ്കിലും ഒന്നുപോലും ഫലം കണ്ടില്ല. ന്യൂസിലന്‍ഡ് ക്ലബ്ബായ ഓക്‌ലാന്റ് സിറ്റി പിന്‍മാറിയതിനെത്തുടര്‍ന്നാണ് ദുഹൈലിന് രണ്ടാം റൗണ്ടിലേക്ക് നേരിട്ടു യോഗ്യത ലഭിച്ചത്.
വിജയത്തോടെ അല്‍അഹ്‌ലി സെമിഫൈനലിലെത്തി. എട്ടാം തീയതി തിങ്കളാഴ്ച നടക്കുന്ന സെമിയില്‍ യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയുടെ ബയേണ്‍ മ്യൂണിച്ചാണ് എതിരാളികള്‍. റയ്യാന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഒന്‍പതിനാണ് ആവേശപ്പോരാട്ടം. അല്‍അഹ്‌ലിക്കെതിരെ തോറ്റെങ്കിലും ദുഹൈലിന് ഇനി നാല്, അഞ്ച് സ്ഥാനക്കാരെ നിര്‍ണയിക്കുന്നതിനുള്ള മത്സരം കളിക്കാന്‍ അവസരമുണ്ട്. മെക്‌സിക്കന്‍ ക്ലബ്ബായ ടൈഗ്രസിനോടു തോറ്റ ദക്ഷിണകൊറിയയുടെ ഉല്‍സന്‍ ഹ്യുണ്ടായിക്കെതിരെയാണ് ദുഹൈലിന്റെ ആ മത്സരം. ഫെബ്രുവരി ഏഴിന് ഞായറാഴ്ച വൈകുന്നേരം എട്ടിന് റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ മത്സരം നടക്കും.

അല്‍ദുഹൈലിന്റെ മത്സരം വീക്ഷിക്കാന്‍ എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലെത്തിയ കാണികള്‍

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മത്സരം. സ്‌റ്റേഡിയത്തിലേക്ക് 30ശതമാനം കാണികള്‍ക്കു മാത്രമായിരുന്നു പ്രവേശനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഫാന്‍ സോണിലെ പരിപാടികള്‍ ഉള്‍പ്പടെ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കുകയും ചെയ്തു. കാണികള്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് സുഗമമായി എത്താന്‍ ദോഹ മെട്രോ സൗകര്യമൊരുക്കിയിരുന്നു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലും ക്രമീകരണങ്ങളേര്‍പ്പെടുത്തി.

https://www.aljazeera.com/news/2021/2/3/club-world-cup-kicks-off-in-qatar-against-covid-backdrop

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശക്തമായ കോവിഡ് നിയന്ത്രണങ്ങളോടെ ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് ഉടന്‍ കിക്കോഫ്

ഖത്തറില്‍ കോവിഡ് ബാധിച്ച് പതിനൊന്നു വയസുകാരന്‍ മരിച്ചു; 398 പേര്‍ക്കുകൂടി രോഗം