കര്‍ശനമായ മെഡിക്കല്‍ ബബിള്‍ സംവിധാനം നടപ്പാക്കും

ദോഹ: ഫെബ്രുവരി നാലിന് തുടങ്ങുന്ന ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ സ്റ്റേഡിയങ്ങളിലേക്ക് 30ശതമാനം കാണികളെ അനുവദിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് കാണികളുടെ പ്രവേശനം. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും മത്സരം. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ കോവിഡ് മുക്തരാണെന്ന് ഉറപ്പാക്കുമെന്നും സംഘാടകര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റയ്യാനിലെ അഹ്മദ് ബിന്‍ അലി, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളില്‍ മാത്രമായിരിക്കും മത്സരങ്ങള്‍ നടക്കുക. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ രണ്ടു മത്സരങ്ങള്‍ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒഴിവാക്കുകയായിരുന്നു. 30 ശതമാനം വീതം കാണികള്‍ക്കായിരിക്കും ഈ സ്റ്റേഡിയങ്ങളില്‍ പ്രവേശനം. മൂന്നു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായിരിക്കും സ്റ്റേഡിയങ്ങളില്‍ പ്രവേശനമെന്ന് ക്യുഎന്‍സിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊതുജനാരോഗ്യ മന്ത്രിയുടെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുല്‍ വഹാബ് അല്‍ മുസ്ലെഹ് പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒരാഴ്ച കഴിഞ്ഞവര്‍ക്ക് കോവിഡ് പരിശോധനയില്ലാതെ പ്രവേശനം അനുവദിക്കും. ഒക്ടോബര്‍ ഒന്നിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തരാകുകയും ചെയ്തവര്‍ക്കും കോവിഡ് പരിശോധനയുടെ ആവശ്യമില്ലാതെ ടിക്കറ്റ് ലഭിക്കും. മത്സരത്തിനു 48 മണിക്കൂറോ 72 മണിക്കൂറോ മുന്‍പ് കോവിഡ് പരിശോധനക്ക് വിധേയരാകുകയും നെഗറ്റീവായിരിക്കുകയും വേണം. ക്യുഎന്‍സിസിയില്‍ പരിശോധനക്കുള്ള സൗകര്യമുണ്ടാകും. ഫിഫ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്നവരെല്ലാം ഖത്തറിലെത്തുന്നതിനുമുന്പ് കോവിഡ് -19 ബാധിച്ചിട്ടില്ലെന്ന് തെളിയിക്കണം.
തുടര്‍ന്ന് ബബിള്‍ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തുകയും വേണം- ഡോ.അല്മുസ്ലെഹ് വിശദീകരിച്ചു. കളിക്കാരുടെയും ഒഫീഷ്യല്‍സിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി കര്‍ശനമായ മെഡിക്കല്‍ ബബിള്‍ സംവിധാനം നടപ്പാക്കും. തുടര്‍ച്ചയായ കോവിഡ് പരിശോധന, സുരക്ഷിതമായ ഗതാഗത രീതികള്‍, മത്സര വേദികളും പരിശീലന, മാധ്യമ സൗകര്യങ്ങളും ഉള്‍പ്പടെയുള്ളവ തുടര്‍ച്ചയായി അണുവിമുക്തമാക്കല്‍ എന്നിവ ഈ മെഡിക്കല്‍ ബബിളിന്റെ ഭാഗമാണ്. മത്സരവേദികളില്‍ പ്രവേശിക്കുമ്പോള്‍ ആസ്വാദകര്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കണം. മൂക്കും വായയും മൂടുന്ന ഫെയ്സ് മാസ്ക്ക് ധരിക്കണം. രണ്ട് ടൂര്‍ണമെന്റ് വേദികളിലും മെഡിക്കല്‍ ക്ലിനിക്കുകള്‍ സജ്ജീകരിക്കും.
ആസ്വാദകര്‍ക്ക് ആരോഗ്യസഹായം ആവശ്യമെങ്കില്‍ അവ ലഭ്യമാക്കും. ക്ലബ് ലോകകപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിനു പുറത്തുനിന്നെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കമ്യൂണിക്കേഷന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാത്തിമ അല്‍കുവാരി പറഞ്ഞു. ക്ലബ്ബ് ലോകകപ്പ് കിക്കോഫ് നേരത്തെ ഫെബ്രുവരി ഒന്നിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ന്യൂസിലാന്റ് ടീമായ ഓക്ലാന്റ് സിറ്റി പിന്മാറിയതിനെത്തുടര്ന്നാണ് ആദ്യമത്സരം ഫെബ്രുവരി നാലിലേക്ക് നീണ്ടത്. ന്യൂസിലാന്റ് ക്ലബ്ബ് പിന്മാറിയതോടെ ഖത്തര്‍ ചാമ്പ്യന്മാരായ അല്‍ദുഹൈല്‍ നേരിട്ട് രണ്ടാംറൗണ്ടിലേക്ക് യോഗ്യത നേടി. ഫെബ്രുവരി 11വരെയാണ് മത്സരങ്ങള്‍. . ഫെബ്രുവരി നാലിന് പ്രാദേശിക സമയം അഞ്ചിന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം.
ഫൈനല്‍ കിക്കോഫ് 11ന് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതിന് നടക്കും. ഖത്തര്‍ ക്ലബ്ബായ അല്‍ദുഹൈലിന് പുറമെ അല്അഹ്ലി എസ്സി, ബയേണ്‍ മ്യൂണിച്ച്, ഉല്‍സന്‍ ഹ്യുണ്ടായി, ടൈഗേഴ്സ് യുഎഎന്‍എല്‍ എന്നീ ടീമുകളും കോണ്‍മെബോള്‍ ലിബര്‍ട്ടഡോറസ് ഫൈനല്‍ വിജയികളുമാണ് മത്സരരംഗത്തുള്ളത്.
ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് കാറ്റഗറി മൂന്നില്‍പ്പെടുന്ന ടിക്കറ്റുകള്‍ക്കാണ് പത്ത് റിയാല്‍ നിരക്ക്. ഫൈനല്‍ മത്സരത്തിന് കാറ്റഗറി ഒന്നിന് 300 റിയാല്‍വരെയാണ് നിരക്ക്.
ടിക്കറ്റുകള്‍ https://fcwc2020.com ല്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ മുഖേനയാണ് വില്‍പ്പന. മെട്രോ ഉപയോഗപ്പെടുത്തി കാണികള്‍ കിക്കോഫിന് ഒരുമണിക്കൂര്‍ നേരത്തെ സ്റ്റേഡിയങ്ങളിലെത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.