ദോഹ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ മെക്സിക്കന്‍ ക്ലബ്ബായ ടൈഗ്രസ് യുഎഎന്‍എല്‍ ഫൈനലില്‍. ഫിഫ ലോകകപ്പ് വേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന സെമിഫൈനലില്‍ കോപ്പ ലിബര്‍ട്ടഡോസ് ജേതാക്കളായ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.

54-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ ആന്ദ്രെ പിയറി ജിഗ്നാകാണ് ടൈഗ്രസിന്റെ വിജയഗോള്‍ സ്കോര്‍ ചെയ്തത്. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ കോണ്‍കകാഫ് ടീമെന്ന നേട്ടവും ടൈഗ്രസ് സ്വന്തമാക്കി. ചരിത്രം സൃഷ്ടിക്കാനാണ് തങ്ങള്‍ ദോഹയിലെത്തിയത്. ഫൈനലിനെത്താനായതില് അഭിമാനമുണ്ട്.പാല്‍മിറാസിനെതിരായ മത്സരം കടുപ്പമേറിയതായിരുന്നു- വിജയഗോള്‍ നേടിയ ഫ്രാന്‍സിന്റെ ജിഗ്നാക് പ്രതികരിച്ചു. മെക്സിക്കോയില്‍ ക്ലബ്ബ് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള ടൈഗ്രസിന് പക്ഷെ ഇതുവരെയും രാജ്യാന്തരതലത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിട്ടില്ല.
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലിലെത്തിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. മത്സരഫലത്തില്‍ നിരാശയുണ്ടെന്നും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല സ്റ്റേഡിയത്തിലെന്നും പാല്‍മിറാസ് ഗോള്‍കീപ്പറും ബ്രസീലിയന്‍ ദേശീയതാരവുമായ വിവെര്ട്ടണ് പറഞ്ഞു.
രണ്ടാംറൗണ്ടില്‍ എഎഫ്സി ചാമ്പ്യന്മാരായ ദക്ഷിണകൊറിയയുടെ ഉല്‍സന്‍ ഹ്യൂണ്ടായിയെ തോല്‍പ്പിച്ചായിരുന്നു ടൈഗ്രസ് സെമിയിലെത്തിയത്. പാല്‍മിറാസ് സെമിയിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു മത്സരം. സ്റ്റേഡിയത്തില്‍ സാമൂഹിക അകലം കര്‍ശനമായി പാലിച്ചായിരുന്നു കാണികളെ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 11നാണ് ലൂസേഴ്ഫ് ഫൈനലും ഫൈനലും നടക്കുക.