
ദോഹ: ഖത്തറില്‍ ഈ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് നീട്ടി. കോവിഡിന്റെ സാഹചര്യത്തിലാണ് നീട്ടിവെക്കുന്നതെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തര്‍ ക്ലബ്ബ് ലോകകപ്പിനു പുറമെ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഫിഫ അണ്ടര്‍-20 വനിതാ ലോകകപ്പും അണ്ടര്‍-17 വനിതാ ലോകകപ്പും 2022-ലേക്ക് നീട്ടിയിട്ടുണ്ട്. ഈ രണ്ടു ചാമ്പ്യന്‍ഷിപ്പുകള്‍ക്കും യഥാക്രമം കോസ്റ്റാക്കിയും ഇന്ത്യയുമായിരിക്കും ആതിഥേയത്വം വഹിക്കുക. അടുത്തവര്‍ഷം ഫെബ്രുവരി ഒന്നു മുതല്‍ പതിനൊന്നു വരെയായിരിക്കും ഖത്തറില്‍ ക്ലബ്ബ് ലോകകപ്പ് നടക്കുക. ഫിഫയുടെ രാജ്യാന്തര മത്സര നിബന്ധന പ്രകാരം ആരോഗ്യ സുരക്ഷാ നടപടികള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മത്സരങ്ങള്‍. കഴിഞ്ഞവര്‍ഷം ജൂണിലെ ഫിഫ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് 2019, 2020 വര്‍ഷങ്ങളിലെ ക്ലബ് ലോകകപ്പ് മത്സരവേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ക്ലബ് ലോകകപ്പ് സംഘാടന മികവിനാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രസീലിന്റെ സിആര്‍ ഫ്ലെമംഗോയും ഇംഗ്ലണ്ടിന്റെ ലിവര്‍പൂളും തമ്മില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ കിരീടം നേടിയത്. നിലവിലെ രീതിയിലുള്ള അവസാന ക്ലബ്ബ് ലോകകപ്പാണ്് ഫെബ്രുവരിയില്‍ ഖത്തറില്‍ നടക്കുന്നത്. തുടര്‍ന്നുള്ള എഡിഷന് മുതല്‍ 24 ടീമുകളായിരിക്കും മത്സര രംഗത്തുണ്ടാകുക. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ യൂറോ 2020, കോപ അമേരിക്ക മത്സരങ്ങള്‍ മാറ്റിവച്ചതിനാല്‍ 2021ലെ ക്ലബ്ബ് ലോകകപ്പും നീട്ടാന്‍ സാധ്യതയുണ്ട്.