
ദോഹ: ഖത്തറിലേക്ക് കളിയാവേശക്കാര്ക്ക് സ്വാഗതം. കോവിഡ് ഭീഷണിക്കിടയിലും എല്ലാവിധ ഒരുക്കങ്ങളുമായി മുന്നേറുന്ന ദോഹയില്‍ നടക്കാനിരിക്കുന്ന ചരിത്ര ലോകകപ്പ് കാണാന്‍ പാക്കേജ് വഴി കാണികള്‍ക്ക് അവസരം. 2022 ദോഹ ഫിഫ ലോകകപ്പ് കാണാന്‍ മോഹിക്കുന്നവര്‍ക്കുള്ള ഹോസ്പിറ്റാലിറ്റി പാക്കേജ് ഇന്ന് മുതല്‍ വിലകൊടുത്തു വാങ്ങാം.
പാക്കേജ് ആവശ്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാം: https://www.fifa.com/worldcup/organisation/hospitality/continue
മല്‍സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റ്, സ്റ്റേഡിയത്തിനകത്ത് പ്രത്യേക ഭക്ഷണ സംവിധാനം, പാനീയങ്ങള്‍, പ്രത്യേക പാര്‍ക്കിങ്, വിനോദ സൗകര്യങ്ങള്‍, സമ്മാനങ്ങള്‍, താമസം, വിമാന യാത്രാ ടിക്കറ്റ് തുടങ്ങിയവയെല്ലാമടങ്ങുന്ന ആകര്‍ഷണീയതയാണ് ഹോസ്പിറ്റാലിറ്റി പാക്കേജിനുള്ളത്.ഫിഫ ലോക കപ്പ് ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിനുള്ള അവകാശം മാച്ച് ഹോസ്പിറ്റാലിക്കാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ പാക്കേജ് വില്‍പ്പന നടത്തുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോകത്തെ വിവിധ ഏജന്റുമാര്‍ വഴിയാണ് ആദ്യഘട്ട വില്‍പ്പന. ഫൈനല്‍ റൗണ്ടിന് മാത്രമായോ അല്ലാതെ പ്രത്യേക കളികള്‍ക്ക് മാത്രമായോ പാക്കേജ് ലഭ്യമാണ്.
മുന്‍കാല റെക്കോര്‍ഡ് തിരുത്തിയ പ്രീസെയില്‍
ഇതുവരെ മറ്റൊരു ലോക കപ്പിനും കാണാത്ത ആവേശമാണ് ഇത്തവണ ഹോസ്പിറ്റാലിറ്റി പാക്കേജ് വിലകൊടുത്തുവാങ്ങാന് കാണുന്നതെന്ന് ഫിഫ കൊമേഴ്ഷ്യല്‍ റവന്യു ഡയറക്ടര്‍ നിക്ക് ബ്രൗണ്‍ പറഞ്ഞു. 2022ലെ ലോക കപ്പിന് ലോകനിരവാരത്തിലുള്ള സേവനമായിരിക്കും ഹോസ്പിറ്റാലിറ്റി പാക്കേജില്‍ ലഭിക്കുക. ആകെ 260 ദശലക്ഷം ഡോളറിന്റെ പാക്കേജുകള്‍ വില്‍പ്പന നടത്തുമെന്നാണ് ഏജന്റുമാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 2014ലെ ബ്രസീല്‍ ലോക കപ്പ്, 2018ലെ റഷ്യന്‍ ലോക കപ്പ് എന്നിവ രണ്ടിലും മൊത്തത്തില്‍ നടന്ന വില്‍പ്പനയെക്കാള്‍ കൂടുതല്‍ വരുമിതെന്നും അദ്ദേഹം വിശദീകരിച്ചു.
മുമ്പ് നടന്ന പ്രീസെയിലില്‍ ഹോസ്പിറ്റാലിറ്റി പാക്കേജിന് ആവശ്യക്കാരേറെയായിരുന്നു. 90 ദശലക്ഷം ഡോളറിന്റെ റെക്കോഡ് വില്‍പ്പനയാണ് ഈ ഘട്ടത്തിലുണ്ടായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഖത്തറിലെ പ്രമുഖ ഗ്രൂപ്പുകള്‍ക്കും ഫിഫയുമായി ബന്ധപ്പെട്ട വാണിജ്യ സംരഭങ്ങള്ക്കുമാണ് ഈ പാക്കേജുകള്‍ വിലകൊടുത്തു വാങ്ങാനായത്.