in

ഫിഫ പാന്‍ അറബ് കപ്പ് : പ്രധാന റൗണ്ടില്‍ നാലു ഗ്രൂപ്പുകളിലായി 16 ടീമുകള്‍

ദോഹ: പ്രധാനപ്പെട്ട എല്ലാ അറബ് രാജ്യങ്ങളെയും പങ്കെടുപ്പിച്ച് ഈ ഡിസംബറില്‍ സംഘടിപ്പിക്കുന്ന പാന്‍ അറബ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന റൗണ്ടില്‍ നാലു ഗ്രൂപ്പുകളിലായി പതിനാറ് ടീമുകള്‍ മത്സരിക്കും. കഴിഞ്ഞദിവസങ്ങളിലായി ഖത്തറില്‍ നടന്ന യോഗ്യതാ മത്സരങ്ങളില്‍ വിജയിച്ച ഏഴു ടീമുകള്‍ കൂടി യോഗ്യത നേടിയതോടെയാണിത്. ഏപ്രിലിലെ ഫിഫ റാങ്കിങില്‍ മുന്നിലുണ്ടായിരുന്ന ആതിഥേയരായ ഖത്തര്‍ ഉള്‍പ്പടെയുള്ള ഒന്‍പത് രാജ്യങ്ങള്‍ പ്രധാന റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. നവംബര്‍ മുപ്പത് മുതല്‍ ഡിസംബര്‍ 18വരെയാണ് ഫിഫ അറബ് കപ്പ്. നാലു രാജ്യങ്ങള്‍ വീതം നാലു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും പ്രധാന റൗണ്ട് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ വീതം നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കും. ക്വാര്‍ട്ടര്‍, സെമി, ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് നോക്കൗട്ടിലുള്ളത്. ഖത്തര്‍ ഗ്രൂപ്പ് എയിലാണ്. ഇറാഖ്, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവയാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ടുണീഷ്യ, യുഎഇ, സിറിയ, മൗറിത്താനിയ. ഗ്രൂപ്പ് സിയില്‍ മൊറോക്കോ, സഊദി അറേബ്യ, ജോര്‍ദാന്‍, ഫലസ്തീന്‍. ഗ്രൂപ്പ് ഡിയില്‍ അള്‍ജീരിയ, ഈജിപ്ത്, ലബനാന്‍, സുഡാന്‍. കഴിഞ്ഞദിവസങ്ങളില്‍ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടന്ന യോഗ്യതാ മത്സരങ്ങളില്‍ സുഡാന്‍ എതിരില്ലാത്ത ഒരു ഗോളിന് ലിബിയയെയും ഒമാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൊമാലിയയെയും മൗറിത്താനിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യമനെയുംലബനാന്‍ എതിരില്ലാത്ത ഒരു ഗോളിന് ജിബൗട്ടിയെയും തോല്‍പ്പിച്ചിരുന്നു. ഫലസ്തീന്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കോമറോസിനെയും ബഹ്‌റൈന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കുവൈത്തിനെയും തോല്‍പ്പിച്ചാണ് പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ദക്ഷിണ സുഡാന്‍ ടീമംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മത്സരം നടന്നില്ല. ജോര്‍ദാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന ആറു സ്റ്റേഡിയങ്ങളിലാണ് അറബ് കപ്പ് മത്സരങ്ങള്‍. നവംബര്‍ മുപ്പതിന് നാലു മത്സരങ്ങള്‍ നടക്കും. അന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ബഹ്‌റൈനെ നേരിടും. പ്രാഥമിക റൗണ്ടില്‍ ഒരുദിവസം നാലു വീതം മത്സരങ്ങളായിരിക്കും. ഡിസംബര്‍ 10, 11 തീയതികളിലായിരിക്കും ക്വാര്‍ട്ടര്‍ ഫൈനല്‍. 15ന് സെമിഫൈനല്‍. 18ന് ഉച്ചക്ക് ഒന്നിന് ലൂസേഴ്‌സ് ഫൈനലും വൈകുന്നേരം ആറിന് ഫൈനലും നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വെള്ളികുളങ്ങര സ്വദേശി ദോഹയില്‍ നിര്യാതനായി

അസ്തമിച്ചത് ഖത്തറിന്റെ പ്രതീക്ഷ; കൈവരിച്ചത് മിന്നുന്ന നേട്ടങ്ങള്‍