
ചാമ്പ്യന്‍ഷിപ്പ് അഹ്മദ് ബിന്‍ അലി, ഖലീഫ, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളില്‍
മാച്ച് ഷെഡ്യൂള്‍ ഫിഫ പുറത്തുവിട്ടു
ദോഹ: ഫിഫ ലോക കപ്പിന്റെ പന്തുരുളാന്‍ കാത്തിരിക്കുന്ന ഖത്തര്‍ ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ആരവങ്ങളിലേക്കുയരുന്നു. ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശകരമായ മത്സരങ്ങള്‍ 2021 ഫെബ്രുവരി 1 മുതല്‍ 11 വരെ ഖത്തറിലെ 3 ലോക കപ്പ് സ്റ്റേഡിയങ്ങളില്‍ നടക്കും. റയ്യാനിലെ അഹ്മദ് ബിന്‍ അലി, ഖലീഫ ഇന്‍ര്‍നാഷണല്‍, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാച്ച് ഷെഡ്യൂളും ഫിഫ പുറത്തുവിട്ടു.
ഡിസംബര്‍ 18-ന് ഉദ്ഘാടനം ചെയ്ത റയ്യാന്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഖത്തര്‍ സമയം രാത്രി 8-30-ന് ഖത്തര്‍ ചാമ്പ്യന്മാരായ അല്‍ദുഹൈലും ന്യൂസിലാന്റ് ടീമായ ഓക്ലാന്റ് സിറ്റിയുമാണ് കളത്തിലിറങ്ങുക. ഫൈനല്‍ മത്സരം എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 11 ന് രാത്രി 9 ന് നടക്കും.
ഫെബ്രുവരി 4-ന് വൈകീട്ട് അഞ്ചിന് ഖലീഫ സ്റ്റേഡിയത്തിലും രാത്രി എട്ടേമുപ്പതിന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും രണ്ടാം റൗണ്ട് മത്സരങ്ങള്‍ അരങ്ങേറും. അഞ്ചാം സ്ഥാനത്തിനുള്ള മത്സരവും സെഫി ഫൈനലുകളും ഫെബ്രുവരി 7,8 തീയ്യതികളില്‍ നടക്കും. ഏഴിന് വൈകീട്ട് ആറിന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാവും അഞ്ചാം സ്ഥാനത്തിനുള്ള മത്സരം നടക്കുക. ഏഴിനും എട്ടിനും രാത്രി ഒമ്പതിന് ഖലീഫ സ്റ്റേഡിയത്തില്‍ തുടര്‍ മത്സരങ്ങള്‍ അരങ്ങേറും. പതിനൊന്നിന് വൈകീട്ട് ആറിന് മൂന്നാം സ്ഥാനത്തിനുള്ള മത്സരവും രാത്രി ഒമ്പതിന് ഫൈനലും നടക്കുമെന്ന് ഫിഫ വിശദീകരിച്ചു.
ലോകോത്തര താരങ്ങള്‍
ആറു കോണ്ടിനെന്റല് ഫെഡറേഷന് ജേതാക്കളും ആതിഥേയ രാജ്യത്തെ ലീഗ് ചാമ്പ്യന്മാരും ഉള്‍പ്പടെ ഏഴു ക്ലബ്ബ് ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക.യൂറോപ്യന്‍ ചാമ്പ്യന്മാരായ ജര്‍മനിയുടെ ബയേണ്‍ മ്യൂണിച്ച്, കോണ്‍കകാഫ് ജേതാക്കളായ മെക്സിക്കോയുടെ ടൈഗ്രസ് യുഎഎന്‍എല്‍, ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്അഹ്ലി, സിഎഎഫ് ജേതാക്കള്‍, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ദക്ഷിണകൊറിയയുടെ ഉല്‍സന്‍ ഹ്യുണ്ടായ് എന്നിവരുള്പ്പെടേയാണിത്. ക്ലബ്ബ് ലോകകപ്പിലെ തെക്കേ അമേരിക്കന്‍ പ്രതിനിധിയെ ജനുവരി അവസാനത്തോടെ നിര്‍ണയിക്കും. മത്സരങ്ങളുടെ ഡ്രോ ജനുവരി 19ന് സൂറിച്ചില്‍ നടക്കും. കഴിഞ്ഞവര്‍ഷവും ഫിഫ ക്ലബ്ബ് ലോകകപ്പിന് ഖത്തര്‍ വേദിയായിരുന്നു. ബ്രസീലിന്റെ സിആര്‍ ഫ്ലെമംഗോയും ഇംഗ്ലണ്ടിന്റെ ലിവര്‍പൂളും തമ്മില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ കിരീടം നേടിയത്. ഫിഫ ക്ലബ്ബ് ലോകകപ്പിന് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ആതിഥേയത്വം വഹിക്കാനാകുന്നത് പ്രവര്‍ത്തനാനുഭവം വികസിപ്പിക്കാന്‍ സഹായകമാണെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു.