അശ്‌റഫ് തൂണേരി/ദോഹ:
ഭൂമിയിലേക്ക് തളികയാണ് ആദ്യം ഇറങ്ങിവന്നത്. പിന്നെയതൊരു ജലസംഭരണിയായി. മത്സ്യങ്ങള്‍ ഒഴുകിനടന്നു. ഖത്തറിന്റെ സ്വന്തം ആയിഷ അറബ് ഗാനം പാടിത്തുടങ്ങി.
നൃത്തച്ചുവടുകളുമായി ചുറ്റും കലാകാരന്മാര്‍ വലംവെച്ചു. 32 പതാക വെളിച്ചം പകര്‍ന്ന പന്തുകള്‍ കറങ്ങിനടന്നു. അര്‍ജന്റീനയുടേയും ഫ്രാന്‍സിന്റേയും പന്ത് ആകാശത്തേക്ക് പോയി. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് കൃത്യം ഒരു മണിക്കൂര്‍ മുമ്പ് ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ ദൃശ്യമായ മനോഹര കാഴ്ചകളായിരുന്നു ഇവ. ചരിത്രമായി മാറിയ അറബ് ദേശത്തെ ആദ്യ ലോകകപ്പിന് ഉജ്ജ്വല പരിസമാപ്തി.
ഓര്‍മ്മിക്കാനായി ഒരു രാവ് എന്ന് പേരിട്ട മാഷപ്പ് സംഗീത ദൃശ്യവിരുന്ന് 15 മിനുട്ടിലധികമായില്ല. ബോളിവുഡ് താരം നോറ ഫത്തേഹി കറുത്ത ഗൗണില്‍ എവരിബഡീ……ലൈറ്റ് ദി സ്‌കൈയ്യാ… പാടിയപ്പോള്‍ ആര്‍പ്പുവിളികള്‍ ആവേശമായി. അന്താരാഷ്ട്ര താരങ്ങളായ ബല്‍ക്കീസ്, റഹ്‌മ റിയാദ്, മനാല്‍ എന്നിവരടങ്ങിയ സംഘം ഒപ്പം ചേര്‍ന്നു. കലാകാരികള്‍ വന്നിറങ്ങിയ പൂവിതള്‍ മാതൃക ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ രൂപകല്‍പ്പനയെ ഓര്‍മ്മിപ്പിച്ചു. നൈജീരിയന്‍ ഗായകന്‍ ഡേവിഡോയും ആയിഷയും ചേര്‍ന്ന് ഇതിനകം ഹിറ്റായ ‘ഹയ്യ ഹയ്യ… പാടിക്കടന്നുപോയി. പ്യൂര്‍ട്ടോറിക്കന്‍ താരം ഒസുനയും കോംഗോലീസ് റാപ്പര്‍ ജിംസും ചേര്‍ന്ന് ലോകകപ്പ് ഔദ്യോഗിക സംഗീത ട്രാക്കിലെ മറ്റൊരു പ്രധാന തരംഗ ഗാനമായ ആര്‍ഹ്‌ബോ ആണ് പാടിയത്.
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണ്‍ ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍ ഫൈനല്‍ കാണാനെത്തി. അര്‍ജന്റീന, ഫ്രാന്‍സ് ആരാധകര്‍ ബാന്റ്‌മേളവും സംഗീത ഉപകരണങ്ങളുമായും അറബ് വസ്ത്രമുള്‍പ്പെടെ വിവിധ വേഷ വിതാനങ്ങളിലും പ്രത്യക്ഷപ്പെട്ട് സമാപനച്ചടങ്ങും ആഹ്ലാദാരവങ്ങളോടെ ഏറ്റെടുത്തു. കടുംനീല ജഴ്‌സിയും ചുവപ്പും വെള്ളയും കടുംനീലയും പതാകയും, ഇളംനീലയും വെള്ളയുമായുള്ള ജഴ്‌സിയും പതാകയുമായി 88,966 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയം നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഇന്ത്യൻ ബോളിവുഡ് ചലച്ചിത്ര താരം ദീപിക പദുകോണും സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ഇകേർ കസില്ലാസും ചേർന്നാണ് 2022 ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിൽ എത്തിച്ചത് .