അശ്‌റഫ് തൂണേരി/ദോഹ:
ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരെ നിശ്ചയിക്കാനുള്ള വാശിയേറിയ മത്സരം വിധിയെഴുതി; ക്രൊയേഷ്യ. പോയവര്‍ഷം ഫ്രാന്‍സിനോട് ഫൈനലില്‍ പൊരുതിത്തോറ്റ ക്രൊയോഷ്യയും ആഫ്രിക്കന്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമി ഫൈനല്‍ പ്രവേശം നേടിയ മൊറോക്കോയും തമ്മില്‍ കടുത്തമത്സരം നടന്നപ്പോഴാണ് യൂറോപ്യന്‍ കരുത്ത് ഗരിമയിലെത്തിയത്.
ഒന്നിനെതിരെ 2 ഗോളുകള്‍ നേടിയാണ് ക്രൊയേഷ്യ വിജയം സ്വന്തമാക്കിയത്.
ഏഴാം മിനുട്ടില്‍ ജോസ്‌കോ ജിവാര്‍ഡിയോള്‍ ആണ് ക്രോയേഷ്യക്ക് ഗോള്‍ നേടിക്കൊടുത്തത്. പക്ഷെ ഈ ഹെഡ്ഡര്‍ ഗോളിന് തലക്കളി തന്നെ കളിച്ച് മൊറോക്കോ മറുപടി നല്കിയത് കളിയെ ആവേശഭരിതമാക്കി. ഒമ്പതാം മിനുട്ടില്‍ തന്നെ മറുഗോള്‍ നേടിയത് മൊറോക്കോയുടെ അശ്‌റഫ് ദാരി. നാല്‍പ്പത്തി രണ്ടാം മിനുട്ട്ടില്‍ മിസ്ലാവ് ഒറിസിച്ച് നേടിയ ഗോള്‍ ആണ് ക്രോയേഷ്യയെ മുമ്പിലെത്തിച്ചത്.
ഇരു ടീമുകളും ഗോള്‍മുഖത്ത് നിന്ന് തിരിച്ചുപോരേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ അനവധി. ഏഡ്രിയാറ്റിക് കടല്‍ത്തീരം പങ്കിടുന്നവരും അറ്റ്‌ലാന്‌റിക് സമുദ്രതീരത്തുള്ളവരും അറ്റം കണാതെ കളിച്ച ആദ്യപകുതിക്ക് ശേഷമാണ് മത്സരം കൂടുതല്‍ കടുത്തത്. പ്രതിരോധിച്ചുള്ള മുന്നേറ്റത്തില്‍ പലപ്പോഴും ഇരു പക്ഷവും സമമായി. പാസ് ആക്വിറസിയില്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസമേ ഇരു ടീമുകള്‍ തമ്മിലും കാണാനായുള്ളൂ. അറ്റ്‌ലസ് സിംഹങ്ങളായി അറിയപ്പെടുന്ന മൊറോക്കോ നന്നായി കളിച്ചെങ്കിലും പലപ്പോഴും ഗോള്‍ പായിക്കാനാവാത്ത ഫിനിഷിംഗില്ലായ്മ മുഴച്ചു നിന്നു. എങ്കിലും ചരിത്രത്തിലാദ്യമായി സെമിഫൈനല്‍ പ്രവേശം നേടിയ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതി ഒപ്പം ചേര്‍ത്താണ് മൊറോക്കന്‍ മടക്കം. അര്‍ജന്റീനയുമായി പൊരുതിത്തോറ്റപ്പോള്‍ തന്നെ ഫൈനല്‍ മോഹഭംഗമായ ക്രൊയേഷ്യക്ക് ലൂസേഴ്‌സ് വിജയം താത്കാലിക ആശ്വാസമായി.