ദോഹ: ലോകകപ്പിനായി ഖത്തർ സ്വീകരിച്ച മുൻകരുതലും ഒരുക്കവും ഏറ്റവും മികച്ച ലോകകപ്പ് തന്നെ ഈ മണ്ണിൽ ഒരുക്കാൻ കഴിയുമെന്ന നിലയിൽ ഫിഫക്ക് ആത്മവിശ്വാസം പകരുന്നതാണന്ന് ഫിഫ സെക്യുരിറ്റി ഡയറക്ടർ ഹെൽമട്ട് സ്പാൻ.
നവംബർ 21ന് തുടങ്ങി ഡിസംബർ 18ന് അവസാനിക്കുന്ന ലോകകപ്പിനായി വർഷങ്ങളുടെ ശ്രമകരമായ ദൗത്യത്തിലൂടെ ഏറ്റവും മികച്ച സെക്യുരിറ്റി പദ്ധതിയാണ് പൂർത്തിയാക്കിയതെന്നും
ലോകകപ്പിനായി ഖത്തർ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ചചെയ്യുന്ന സെക്യൂരിറ്റി ലാസ്റ്റ് മൈൽ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ മേഖലയിൽ ആതിഥേയ രാജ്യം നടത്തിയ ഒരുക്കങ്ങൾ, ഏറ്റവും സുരക്ഷിതവും ഭദ്രവുമായ ലോകകപ്പ് നടത്താൻ ഫിഫക്ക് സൗകര്യമൊരുക്കുന്നതാണ്.
തുടക്കം മുതൽ രാജ്യന്തര തലത്തിലെ സഹകരണവും ഖത്തറിന് ഉറപ്പാക്കാൻ കഴിഞ്ഞതായും ഫിഫ സെക്യുരിറ്റി ഡയറക്ടർ വ്യക്തമാക്കി.
2012ൽ സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഓപറേഷന കമ്മിറ്റി ആരംഭിച്ചത് മുതൽ ഫിഫ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിശ്രമമില്ലാത്ത തയ്യാറെടുപ്പും, ടീം വർക്കും, കഠിനാധ്വാനവും പ്രശംസനീയമാണ്.

മേഖലയിൽ നിന്നും കാര്യമായ പ്രതിസന്ധികൾ നേരിട്ട സമയത്തും കുറ്റമറ്റ രീതിയിൽ തന്നെ ദൗത്യങ്ങൾ പൂർത്തിയാക്കി മുന്നോട്ട് പോവാൻ കഴിഞ്ഞത് പ്രശംസാവഹമാണ്.
ഏതൊരു ആഗോള മേളകളിലും നിരവധി വെല്ലുവിളികളും വ്യത്യസ്ത സാഹചര്യങ്ങളും ആതിഥേയർക്ക് നേരിടേണ്ടിവരും. മുൻകാലങ്ങളിൽ ലോകകപ്പ് വേദികളായ ജർമ്മനി, ദക്ഷിണാഫ്രിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലും അവരുടേതായ വെല്ലുവിളികളുണ്ടായിരുന്നു. ഖത്തറിനും പുതിയകാലത്തിന്റേതായ വെല്ലുവിളികളുണ്ടാവും.
അവനേരിടാൻ സംവിധാനങ്ങൾസജ്ജമാണ് -അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ കുറ്റമറ്റ സംഘാടനത്തിനായി ഖത്തർ നടപ്പാക്കിയ സുരക്ഷാ പദ്ധതികളെ ഹെൽമട്ട് സ്പാൻ അഭിനന്ദിച്ചു.
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, ഏറ്റവും മികച്ചതും കുറ്റമറ്റതും സുരക്ഷിതവുമായ ലോകകപ്പിനാണ് ഖത്തർ ഒരുങ്ങുന്നതെന്ന് ടൂർണമെന്റിന്റെ സുരക്ഷാകാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപറേഷൻസ് കമ്മിറ്റി മേധാവി മേജർ ജനറൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
കോവിഡ് വ്യാപനത്തിനിടയിലും രാജ്യാന്തര ടൂർണമെന്റുകൾക്ക് വിജയകരമായി വേദിയൊരുക്കി ആരോഗ്യ-സുരക്ഷാ മുൻകരുതലുകളിൽ ശ്രദ്ധേയമായ നേട്ടം സ്ഥാപിച്ചതായും അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പിനായി യോഗ്യത നേടിയ ടീമുകളുടെ സുരക്ഷാ ചുമതലയുള്ള പ്രതിനിധികൾ, രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനായ ഫിഫ, ഐക്യരാഷ്ട്ര സഭ, രാജ്യാന്തര അന്വേഷണ-സുരക്ഷാ ഏജൻസികളായ ഇന്റർപോൾ, യൂറോപോൾ പങ്കെടുക്കുന്നതാണ് സമ്മേളനം.
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതഥാനി ഉദ്ഘാടനം നിർവഹിച്ചു. പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽഅതിയ്യ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, ആഭ്യന്തര-പ്രതിരോധ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിനായി ഖത്തർ ഒരുക്കിയ സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിക്കുക, തയ്യാറെടുപ്പുകൾ അവലോകനം നടത്തുക, സുരക്ഷാ പ്ലാനുകൾ നടപ്പാക്കുക, തന്ത്രപരമായ ആസൂത്രണം, മേഖലയിലെയും, രാജ്യാന്തര തലതിലെയും സുരക്ഷാ വിഭാഗങ്ങളുടെ സഹകരണം എന്നിവയാണ് സമ്മേളന ലക്ഷ്യം.
ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് ഇന്റർകോണ്ടിനെന്റൽ ഹോട്ടലാണ് വേദി.