ദോഹ: ഖത്തറിൽ 2022 ഫിഫ ലോകകപ്പ് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ മൂന്നുപേരെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം, വൈക്കം, അയ്യർകുളങ്ങര കണ്ണംകുളത്തുവീട്ടിൽ രതീഷ് (26), എടത്തല, എൻ.എ.ഡി. കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം, ഇരമല്ലൂർ, നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ആഷിഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്താണ് മയക്കുമരുന്ന് സംഘത്തിന്റെ ചതിയിൽപ്പെട്ട് ഖത്തറിൽ ജയിലിലായത്.
2022 ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഖത്തറിൽ തൊഴിലവസരങ്ങൾ ഉണ്ടെന്നു പറഞ്ഞാണ് സംഘം യശ്വന്തിനെ കൊണ്ടുപോയത്. വിസയും ടിക്കറ്റും സൗജന്യമായി നൽകി.
ദുബായിൽവെച്ച് യശ്വന്തിന് ഖത്തറിൽ കൈമാറാനെന്ന് പറഞ്ഞ് ഒരു പൊതിയും നൽകി. ഇത് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഖത്തറിലെത്തിയ യശ്വന്തിനെ പരിശോധനയ്ക്കിടെ പോലീസ് പിടികൂടി ജയിലിലടച്ചു.
ഇതുസംബന്ധിച്ച് യശ്വന്തിന്റെ അമ്മ എറണാകുളം റൂറൽ പോലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഷമീർ എന്ന ഉദ്യോഗാർഥിയും സമാന രീതിയിൽ ഖത്തറിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവർക്ക് മനുഷ്യകടത്തുമായും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായും ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായവർ മറ്റ് പലരെയും ചതിയിലൂടെ കയറ്റി അയച്ചതായി സംശയിക്കുന്നു.