
ദോഹ: 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയറക്ടര്‍ബോര്‍ഡ് യോഗം വിലയിരുത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഫിഫ ലോകകപ്പ് പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡ് വൈസ് ചെയര്‍മാനും അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവുമായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡംഗവും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയും മറ്റ് ബോര്‍ഡംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ബോര്‍ഡിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ യോഗമാണ് ചേര്‍ന്നത്.ഫിഫ ലോകകപ്പ് തയാറെടുപ്പുകളില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങളും പ്രവര്‍ത്തന പദ്ധതികളും രാജ്യത്തെ സ്റ്റേഡിയങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും യോഗം അവലോകനം ചെയ്തു.