in ,

തോബ്, ഗുത്‌റ, ഇഗാല്‍; ലോകകപ്പ് ആരാധകര്‍ ആവേശത്തോടെ ഖത്തരികളാവുമ്പോള്‍

സൂഖ് വാഖിഫില്‍ നിന്ന് ഗുതറയും ഇഗാലും വാങ്ങിയ അര്‍ജന്റീനിയന്‍ ആരാധകന്‍ സ്വദേശിയില്‍ നിന്ന് ധരിക്കാനുള്ള രീതി മനസ്സിലാക്കുന്നു ഫോട്ടോ: ഷിറാസ് സിതാര

ദോഹ ദവാര്‍

അശ്‌റഫ് തൂണേരി/ദോഹ:
കളിയാരാധകരുടെ ആവേശം കാണാനായി കഴിഞ്ഞ ദിവസം സൂഖ് വാഫിഖ് മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങിയത് അര്‍ധരാത്രിയോടെ. സൂഖിലേക്ക് കയറാനുള്ള എസ്‌കലേറ്ററിനടുത്തുള്ള ഒരു തുണിക്കടയുടെയടുത്തെത്തിയപ്പോഴാണ് തിരക്ക് ശ്രദ്ധയില്‍പെട്ടത്.

പല നിറങ്ങളില്‍ ഖത്തരി വസ്ത്രങ്ങള്‍. ബ്രസീലും അര്‍ജന്റീനയും മെക്‌സിക്കോയും ജപ്പാനും അമേരിക്കയും ഫ്രാന്‍സുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഖത്തരികള്‍ ധരിക്കുന്ന മുഴുക്കുപ്പായമായ തോബ്, തലയില്‍ കെട്ടുന്ന ഗുത്‌റ, ഖഹ്ഫിയ്യ എന്നറിയപ്പെടുന്ന തൊപ്പി, ഗുത്‌റക്ക് മുകളില്‍ ചാര്‍ത്തുന്ന ഇഗാല്‍. വിവിധ ദേശക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടുന്നത് കാണാം.

ചെന്ന് ഇഗാലിനും ഗുത്‌റക്കും വിലയന്വേഷിച്ചു. കണ്ണട വെച്ച് ഗൗരവക്കാരനായ മുതലാളിയെന്ന് തോന്നിച്ചയാള്‍ പറഞ്ഞു: 99 റിയാല്‍. തൊട്ടടുത്ത് നിന്ന് വസ്ത്രമെടുത്ത് നോക്കുന്ന വെളുത്ത് കുറിയ മധ്യവയസ്‌കന്‍ ചിരിച്ചു. മറുചിരിയില്‍ ഞങ്ങള്‍ ഫുട്‌ബോള്‍ ആരാധകര്‍ മാത്രമായി. ബ്രസീലില്‍ നിന്നാണ്. പേര് കാര്‍ലോസ് ലൈസ്. ‘ഇത് വളരെ മനോഹരമായ വസ്ത്രമായി തോന്നി, ഇന്നലെ ഒരു അര്‍ജന്റീനിയന്‍ സുഹൃത്ത് ഇതുമിട്ട് ലുസൈല്‍ സ്റ്റേഡിയത്തില്‍ വന്നിരുന്നു.

അത് കണ്ടപ്പോള്‍ മുതല്‍ വാങ്ങാന്‍ തോന്നിയതാണ്.” ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാല്‍ കൂട്ടുകാരി അന്റേണിക്കയാണ് കാര്‍ലോസിനെ പൂരിപ്പിച്ചത്. ഇഗാലും ഗുത്‌റയുമടങ്ങുന്ന രണ്ട് പാക്കുകള്‍ റിയാല്‍ കൊടുത്ത് വാങ്ങി അവര്‍ സ്ഥലം വിട്ടു. അവര്‍ക്കൊപ്പം സൂഖിലേക്ക് പോയപ്പോള്‍ നേരെ ചെന്നത് ഇത്തരം വസ്ത്രങ്ങള്‍ വില്‍ക്കുന്നിടത്തേക്ക് തന്നെ. അവിടേയും തിരക്ക്.

ലോകകപ്പിനെത്തിയ യൂറോപ്പിലേയും പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും ആരാധകരാണ് കൂടുതലായി ഇതന്വേഷിച്ചെത്തുന്നതെന്ന് പരമ്പരാഗത വസ്ത്രവില്‍പ്പനക്കാരന്റെ മൊഴി. സൂഖിലുള്ള ഖത്തരി വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലതിലും തിരക്കുണ്ട്.

വിവിധ വിലയിലും ഗുണനിലവാരത്തിലുമുള്ള ഇത്തരം വസ്ത്ര ഉത്പന്നങ്ങള്‍ക്ക് 100 ഖത്തര്‍ റിയാല്‍ മുതല്‍ 800 ഖത്തര്‍ റിയാല്‍ വരെയാണ് വിലയെന്ന് ഒരു സെയില്‍സ്മാന്‍ പറഞ്ഞു.
കയര്‍ എന്നര്‍ത്ഥം വരുന്ന ഇഗാല്‍ പരമ്പരാഗത അറബ് ശിരോവസ്ത്രത്തിന്റെ ഭാഗമാണ്. ഗുത്രയെന്ന തലേക്കെട്ടിന് മുകളില്‍ ഖഹ്ഫിയ്യ എന്ന മലയാളികള്‍ തുര്‍ക്കിത്തൊപ്പിയെന്ന് വിളിക്കുന്ന തൊപ്പിക്കും മുകളിലാണ് ഇഗാല്‍ ഉപയോഗിക്കുന്നത്.

ശിരോവസ്ത്രം മൊത്തത്തില്‍ മരുഭൂമിയിലെ സൂര്യനില്‍ നിന്നുള്ള ചൂട് അകറ്റാന്‍ സഹായിക്കുമെന്നാണ് പരമ്പരാഗത വിശ്വാസം. പുരാതന പാരമ്പര്യത്തിന്റെ ഭാഗമാണ്. തലയിലിടുന്ന ഗുത്‌റയ്ക്ക് സാധാരണയായി വെള്ള നിറമാണ്. എന്നാല്‍ ചുവപ്പും വെള്ളയും കലര്‍ന്ന ഗുത്‌റ ധരിക്കുന്നവരുമുണ്ട്. ഗുത്‌റ കാറ്റില്‍ പറന്നുപോകാതിരിക്കാനാണ് ഇഗാല്‍. ഇഗാല്‍ പരുത്തിയുടെ ഒരു കട്ടിയുള്ള വളയമാണ്. അതിന് ചുറ്റും നൂലോ ചരടോ കെട്ടിയിട്ടുണ്ടാവും.

എല്ലാ ഇഗാലുകളും മിക്കവാറും സമാനമാണ്. പ്രധാന വ്യത്യാസം ഉപയോഗിക്കുന്ന നൂലിലായിരിക്കും. നൈലോണ്‍, കോട്ടണ്‍ അല്ലെങ്കില്‍ ആടുകളുടെയും ഒട്ടകത്തിന്റെയും രോമങ്ങള്‍. മികച്ച ഇഗാല്‍ ആട്ടിന്‍ രോമങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. തുര്‍ക്കി, ബ്രസീല്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് മിക്കവയും.

എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും മികച്ച ചെമ്മരിയാടുകളുടെ മുടി വരുന്നത്.
ദോഹയിലെ തിരക്കിനിടയില്‍ ഗുത്‌റയും ഇഗാലും ധരിച്ചു നടക്കുകയായിരുന്ന ആജാനുബാഹുവായ കറുത്ത സുന്ദരനെ അടുത്തെത്തിയപ്പോള്‍ കൈകൊടുത്ത് പരിചയപ്പെട്ടു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നാണ്.

പേര് സെബാസ്റ്റ്യന്‍. ”അറബികള്‍ തങ്ങളുടെ ചരിത്രപരമായ വസ്ത്രധാരണരീതി ഏറെ അഭിമാനത്തോടെ നിലനിര്‍ത്തുന്നു. ഇവിടെയെത്തുമ്പോള്‍ അതൊന്ന് പരിശോധിക്കുന്നതില്‍ ആഹ്ലാദമുണ്ട്”- സെബാസ്റ്റ്യന്‍ പറഞ്ഞുകഴിയുമ്പോഴേക്കും മുശൈരിബ് ഡൗണ്‍ടൗണിലെ ട്രാം അതുവഴി കടന്നുപോയി. ഞങ്ങള്‍ രണ്ടു വഴികളിലേക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പ്: പ്രതിദിന ക്വിസ് മത്സരവുമായി പുളിക്കൽ പഞ്ചായത്ത് കെഎംസിസി

നിശ്ശബ്ദനായി മറഡോണക്കൊപ്പമായിരുന്നുവെന്ന് ഹാവിയേര്‍ മാലുഫ്