വിനോദ സഞ്ചാര മേഖലയില്‍ പുതിയ പദ്ധതികള്‍
ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പിനെത്തുന്ന ഫുട്ബോള്‍ കാണികള്‍ക്കായി ദശ ലക്ഷം കോവിഡ് വാക്സിനുകള്‍ നല്‍കാനാകുമെന്ന് നേരത്തെ ആലോചിച്ചിരുന്നുവെന്നും ഇതിനായി കമ്പനിയുമായി ചര്‍ച്ച തുടങ്ങിയെന്നും ഖത്തര്‍. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയാണ് ഇക്കാര്യം അറിയിച്ചത്. ദോഹയിലെ അറബ് ഇംഗ്ലീഷ് മാധ്യമസ്ഥാപനങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ലോക കപ്പിന് പല തരത്തില്‍ സജ്ജമാവുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
2022 ഡിസംബറിലാണ് ഫിഫ ലോക കപ്പ് ദോഹയില്‍ നടക്കുക. ആ സമയത്തേക്ക് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും കോവിഡ് വാക്സിന് ലഭ്യമായിട്ടുണ്ടാവാനാണ് സാധ്യത. എന്നാലും ഖത്തറിലെത്തുന്ന എല്ലാവരും കോവിഡ് പ്രതിരോധ നടപടി സ്വീകരിക്കണമെന്ന് ഖത്തറിന് നിര്‍ബന്ധമുണ്ട്.
പൂര്‍ണ്ണമായും വാക്സിനേഷനെടുക്കാത്തവര്ക്ക് അതിനുള്ള സംവിധാനമൊരുക്കും. ലോക കപ്പിനെത്തുന്ന കാണികളിലാരെങ്കിലും വാക്സിനെടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് വാക്സിനേഷന് ലഭിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി ഒരു കമ്പനിയുമായി ഇപ്പോള്‍ ചര്‍ച്ച നടത്തിവരികയാണ്. ഖത്തറില്‍ ഏറ്റവും ഫലപ്രാപ്തി തെളിയിച്ച ഫൈസര്‍, മൊഡേണ വാക്സിനുകളാണ് ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.
ഖത്തറിലെ ശൂറാ തെരെഞ്ഞെടുപ്പ് വലിയൊരു മുന്നേറ്റമാണ്. വിദേശ തൊഴിലാളികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും പുതിയ നിയമവും രാജ്യത്ത് പുതിയൊരു ഉണര്‍വ്വ് സാധ്യമാക്കിയിട്ടുണ്ട്. ടൂറിസം ഉള്‍പ്പെടെ മേഖലകളില്‍ പുതിയ സാധ്യതകള്‍ വരികയാണ്. കടലോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവിധ പദ്ധതികളാണ് നിലവില്‍ വരുന്നത്. ഖത്തറില്‍ റിട്ടയര്‍മെന്റ് പെന്ഷന് 15,000 ഖത്തര്‍ റിയാലാക്കാന്‍ അമീറിന്റെ നിര്‍ദ്ദേശമുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.