
ദോഹ: വ്യത്യസ്തയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായുള്ള ഫെസ്റ്റിവല്‍ ഈ വര്‍ഷം തന്നെ നടക്കും. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക, ഗവേഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫെസ്റ്റിവലിന്റെ അഞ്ചാംപതിപ്പാണ് ഇത്തവണ.
അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. സൂഖ് വാഖിഫില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവന്നിരുന്ന ഈത്തപ്പഴ ഫെസ്റ്റിവല്‍ കോവിഡ് മഹാമാരിയുടെ സാഹചര്യത്തെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഒത്തുചേരലുകള്‍ തടയുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് ഫെസ്റ്റിവല്‍ റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് അല്‍മീരയുമായി സഹകരിച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്.
ഫെസ്റ്റിവലിന്റെ വിശദാംശങ്ങളെക്കുറിച്ചും വിപണന സംവിധാനത്തെക്കുറിച്ചും വിശദീകരിക്കുന്നതിനായി മന്ത്രാലയം ഉടന്‍തന്നെ വാര്‍ത്താസമ്മേളനം നടത്തും. ഖത്തറിലെ പ്രാദേശിക കര്‍ഷകരില്‍നിന്നും ഉപഭോക്താക്കളില്‍നിന്നും മികച്ച പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ നടത്താന്‍ മന്ത്രാലയം തീരുമാനിച്ചത്.
കഴിഞ്ഞവര്‍ഷത്തെ ഫെസ്റ്റിവലില്‍ ഫാമുകളുടെ പങ്കാളിത്തം നാലു മടങ്ങ് വര്‍ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹസാദ് ഫുഡ് കമ്പനിയ്ക്ക് പുറമേ ഖത്തറിലെ 85 ഫാമുകളില്‍ നിന്ന് ഒരു ഡസനിലധികം പ്രാദേശിക ഇനങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു.
അല്‍ഖലാസ്, അല്‍ശിഷി, അല്‍ഖനൈസി, അല്‍ബര്‍ഹി, അല്‍ഇറാഖി, അല്‍ സില്‍ജി, അല്‍സഖായ്, നബ്ത് സെയ്ഫ്, അല്‍ലുലു, അല്‍റസീസി എന്നിവയുള്‍പ്പടെയുള്ള ഇനങ്ങളാണ് വില്‍പ്പനക്കെത്തിച്ചത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ഈത്തപ്പഴ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍. ഖത്തറില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈത്തപ്പഴ ഫാമുകളുടെ എണ്ണം 1310ലധികമാണ്. ഇതില്‍ 916ലധികം സജീവഫാമുകളാണ്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിധത്തിലാണ് വില ക്രമീകരിക്കുക.
പ്രാദേശിക ഫാമുകളില്‍നിന്നും കമ്പനികളില്‍നിന്നുമാണ് ഫെസ്റ്റിവലിനായി ഈന്തപ്പഴം എത്തിക്കുക. പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് ഈത്തപ്പഴ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്്. പ്രാദേശിക ഫാമുകളെ പിന്തുണയ്ക്കുന്നതിനൊപ്പം അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിസാധ്യത തുറന്നുനല്‍കുകയെന്നതും ലക്ഷ്യമാണ്. കൂടുതല്‍ കര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയെന്നതും ഇത്തരം പരിപാടികള്‍ വിഭാവനം ചെയ്യുന്നു. രാജ്യത്ത് നിലവില്‍ വാര്‍ഷിക ഈത്തപ്പഴ ഉത്പാദനം ഏകദേശം 30,000ലധികം ടണ്ണാണ്.