
ആര് റിന്‍സ്
ദോഹ
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മാസ്ക്കുകളുടെയും ഫെയ്സ് ഷീല്‍ഡുകളുടെയും വെന്റിലേറ്ററുകളുടെയും ഉത്പാദനത്തില്‍ വലിയതോതിലുള്ള മുന്നേറ്റവുമായി ഖത്തര്‍. ആഭ്യന്തര ആവശ്യകത ഫലപ്രദമായി നിറവേറ്റാ്ന് കഴിയുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നു. ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് തദ്ദേശ കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ സര്‍ക്കാര്‍ വലിയ പിന്തുണയും സഹായവും നല്‍കുന്നുണ്ട്.
രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളും തങ്ങളുടെ ലാബുകളില്‍ ഷീല്‍ഡുകളുടെ പുതിയ മാതൃകകള്‍ വികസിപ്പിക്കുന്നു. പ്രതിമാസം അറുപത് ലക്ഷത്തിലധികം മാസ്ക്കുകളുടെ ഉത്പാദനമാണ് ഖത്തര്‍ ഫാര്‍മ കമ്പനി നടപ്പാക്കുന്നത്. ഇതിനായി ഉത്പാദനശേഷി ഉയര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. ഖത്തര്‍ ഫാര്‍മ നിര്‍മിക്കുന്ന മാസ്ക്കുകള്‍ പ്രധാനമായും ശസ്ത്രക്രിയാ തരത്തില്പ്പെട്ടതാണ്. പ്രാദേശിക ആവശ്യം നിറവേറ്റാന്‍ പര്യാപ്തമായിരിക്കും. പ്രത്യേക വൈദഗ്ദ്ധ്യം സിദ്ധിച്ച സാങ്കേതികവിദഗ്ദ്ധരാണ് ഉത്പാദനത്തിനാവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചികിത്സാ ഗുണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഔഷധ മരുന്നും അടുത്തിടെ ഖത്തര്‍ ഫാര്‍മ വികസിപ്പിച്ചിരുന്നു. ഈ ഉത്പന്നത്തിന്റെ പ്രധാന ഘടകമെന്നത് ഔഷധസസ്യങ്ങളാണ്. രോഗപ്രതിരോധവ്യവസ്ഥയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശേഷിയുള്ള ആറ് തരം ഔഷധസസ്യങ്ങള്‍ ഇതില്‍ അടങ്ങിയിട്ടണ്ട്. കോവിഡിനെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ സയന്റിഫിക് ക്ലബ്ബ്(ക്യുഎസ്സി) മെഡിക്കല്‍ സാമഗ്രികളുടെ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തടയുന്നതിനായി പ്രതിരോധത്തിന്റെ ആദ്യ നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്കും പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും സംരക്ഷണ മെഡിക്കല്‍ ഉപകരണങ്ങളാണ് ക്യുഎസ്സി നിര്‍മിക്കുന്നത്. ഇതിനായി ക്ലബ്ബിന്റെ ഡിജിറ്റല്‍ മാനുഫാക്ചറിങ് ലബോറട്ടറികളില്‍ സംയോജിത ഉല്പാദന ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഫെയ്സ് മാസ്കുകളുടെയും സംരക്ഷണ സാമഗ്രികളുടെയും നിരവധി മോഡലുകള്‍ ക്ലബ് രൂപകല്‍പ്പന ചെയ്ത ശേഷമായിരുന്നു അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചത്. പരീക്ഷണഘട്ടത്തിനുശേഷം ഉത്പാദനപ്രക്രിയ്യ തുടങ്ങി. മെഡിക്കല്‍ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ക്ലബിലെ ഡിജിറ്റല്‍ മാനുഫാക്ചറിംഗ് ഫാക്ടറികള്‍ക്കുള്ളില്‍ സംയോജിത ഉത്പാദന ലൈന്‍ സ്ഥാപിക്കുകയായിരുന്നു. പ്രാദേശിക ആവശ്യം കണക്കിലെടുത്ത് ഉത്പാദന ലൈനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ആവശ്യമെങ്കില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗബാധയില്‍നിന്നും ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി ഖത്തര്‍ ഫൗണ്ടേഷന്റെ പങ്കാളിത്ത സര്‍വകലാശാലയായ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി(വിസിയു) ലേസര്‍കട്ട് ഫേസ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നുണ്ട്. സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ലാബുകളിലാണ് ഷീല്‍ഡുകളുടെ ഡിസൈന്‍ വികസിപ്പിച്ചത്. യൂണിവേഴ്സിറ്റിയിലെ ഫാബ് ലാബ് ടീം അമേരിക്കയിലെ ഫാബ്രിക്കേറ്റര്‍മാര്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയുമായി സഹകരിച്ചാണ് സംരക്ഷിത മുഖപരിചകള്(പ്രൊട്ടക്റ്റീവ് ഫെയ്സ് ഷീല്‍ഡ്) നിര്‍മിക്കുന്നത്.
നിരവധി പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ശേഷമാണ് ടീം കവചങ്ങളുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് മാസ്കുകള്‍ നിര്‍മ്മിക്കുന്നത്.
ബര്‍സാന്‍ ഉത്പാദിപ്പിക്കുന്നത് കൃത്രിമ ശ്വസനോപകരണങ്ങള്‍
നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബര്‍സാന്‍ ഹോള്‍ഡിങ് കമ്പനി കൃത്രിമ ശ്വസനോപകരണങ്ങള്‍(റെസ്പിറേറ്ററുകള്‍ അഥവാ സവര്ക്യു) ഉ്ത്പാദിപ്പിക്കുന്നുണ്ട്. ശ്വാസോച്ഛാസം നേരേയാക്കാനുള്ള ആര്‍ട്ടിഫിഷല്‍ വെന്റിലേഷന് രീതിയാണ് ആര്‍ട്ടിഫിഷല്‍ റെസ്പിറേഷന്‍. കോവിഡ് പശ്ചാത്തലത്തില്‍ ക്രിത്രിമ ശ്വസനോപകരണങ്ങള്ക്ക് ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയത്. അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ(എഫ്ഡിഎ) മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഡിവൈസുകള്‍ നിര്‍മിക്കുന്നത്.
ഇവയുടെ കയറ്റുമതിക്കായി വിവിധ രാജ്യങ്ങളില്‍ നിന്നും ബര്‍സാന്‍ കരാറുകള്‍ നേടിയിട്ടുണ്ട്. അമേരിക്കന്‍ വില്‍കോക്സ് കമ്പനിയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ബര്‍സാന്‍ സവര്-ക്യു വെന്റിലേറ്റര്‍ നിര്‍മിക്കുന്നത്. 100ശതമാനവും പ്രാദേശികമായാണ് നിര്‍മാണം. രാജ്യത്തിനകത്തെയും പുറത്തെയും ആരോഗ്യമേഖലയുടെ ആവശ്യകതകള്‍ നിറവേറ്റുകയാണ് ഉത്പാദനത്തിലൂടെ ലക്ഷ്യമിടുന്നത്. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഉത്പാദനത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളും യന്ത്രസാമഗ്രികളും കമ്പനിക്കുണ്ട്.
വെന്റിലേറ്ററുകള്‍ക്ക് നിലവില്‍ ആഗോള ആവശ്യകതയേറിയിട്ടുണ്ട്. കമ്പനി നിര്‍മ്മിച്ച പുതിയ വെന്റിലേറ്റര്‍ ആവശ്യമായ എല്ലാ പരിശോധനകളിലൂടെയും കടന്നുപോയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. മൊബൈല്‍ രീതിയിലുള്ളതാണ്. എവിടെയും രോഗികള്‍ക്ക് എത്തിക്കാന്‍ കഴിയും. കൂടാതെ ഫിക്സഡ് വൈദ്യുതി വിതരണവുമായി ബന്ധിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വൈദ്യുതിവിതരണത്തില്‍ തടസം നേരിടുന്ന പ്രദേശങ്ങളിലും വിദൂര കേന്ദ്രങ്ങളിലും ഏറ്റവും പ്രയോജനപ്രദമായിരിക്കും.