അമീര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി
ദോഹ: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.കൊറോണ വൈറസിന്റെ പുതിയ തരംഗത്തെ നേരിടാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളില്‍ ഇന്ത്യന്‍ ജനതയോടുള്ള ഖത്തറിന്റെ ഐക്യദാര്‍ഢ്യം അമീര്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ പേരില്‍ അനുശോചനം അറിയിച്ചു. ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
കോവിഡ് മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. വൈറസിനെ നിയന്ത്രിക്കുന്നതിലും അതില്‍നിന്നും സംരക്ഷണത്തിനുമായി സംയുക്തസഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തും സംയുക്ത സഹകരണത്തിന്റെ മനോഭാവവും പ്രതിഫലിപ്പിക്കുന്ന ഖത്തറിന്റെ നിലപാടിന് അമീറിനോടു ഇന്ത്യന്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരുവരും വിലയിരുത്തി.
സംയുക്ത താല്പര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. കോവിഡിനതിരായ പോരാട്ടത്തില്‍ ഖത്തര്‍ നല്കുന്ന പിന്തുണയ്ക്കും സഹായവാഗ്ദാനങ്ങള്‍ക്കും നന്ദി അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോട് ഭരണകൂടം കാണിക്കുന്ന കരുതലിനും സ്നേഹത്തിനും നന്ദി രേഖപ്പെടുത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.