in ,

കോവിഡ് മാഹാമാരിക്കിടയിലും ഇന്ത്യയില്‍ നിന്ന് ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ദോഹയിലെത്തി; കൂടുതല്‍ വിമാനങ്ങള്‍ക്ക് സാധ്യത

അശ്‌റഫ് തൂണേരി/ദോഹ:

കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ദോഹയില്‍ പറന്നിറങ്ങി. മുംബൈ ഛത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നുമുള്ള സ്‌പൈസ് ജെറ്റ് (എസ് ജി- 9609) വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 12-45-ഓടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഖത്തറിലെ ഒരു പ്രമുഖ കോര്‍പ്പറേറ്റ് കമ്പനിയിലെ നൂറോളം ജീവനക്കാരായിരുന്നു യാത്രക്കാര്‍. നേരത്തെ ദോഹയിലെ ആരോഗ്യപ്രവര്‍ത്തകരുമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇന്‍ഡിഗോ വിമാനം എത്തിയിരുന്നുവെങ്കിലും ‘വന്ദേഭാരത് മിഷന്‍’ സര്‍വ്വീസിനായി ദോഹയിലേക്ക് വരുന്ന വിമാനങ്ങളായിരുന്നു അവ.
ഇന്ത്യന്‍ അധികൃതരുടേയും ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുടേയും എംബസി ഉന്നത ഉദ്യോഗസ്ഥരായ ഹേമന്ത് ദ്വിവേദി, ഡോ. സോന സോമന്‍ തുടങ്ങിയവരുടേയും അകമഴിഞ്ഞ സഹകരണംകൊണ്ടാണ് ഇത് സാധ്യമായതെന്ന് സര്‍വ്വീസിന് നേതൃത്വം നല്‍കിയ ഖത്തറിലെ മാജിക് ടൂര്‍സ് ജനറല്‍മാനേജര്‍ അജി കുര്യാക്കോസ് ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോട് പറഞ്ഞു.
വാരാന്ത്യങ്ങളില്‍ പോലും ഇന്ത്യന്‍ എംബസി അധികൃതര്‍ ഇതിനായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വിവിധ കമ്പനികളില്‍ നിന്നും ഖത്തറില്‍ താമസ അനുമതിയുള്ള വിദേശികള്‍ക്ക് മടങ്ങിയെത്താന്‍ ഓഗസ്റ്റ് 1 മുതല്‍ ഖത്തര്‍ അവസരമൊരുക്കുമ്പോഴും ആശങ്ക ബാക്കിയുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് ചാര്‍ട്ടേര്‍ഡ് വിമാന സേവനം. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ചന്ദ്രിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വിവിധ കമ്പനികളും സാമൂഹിക സംഘടനകളും വിമാന സര്‍വ്വീസിനായി ആവശ്യമുന്നയിക്കുന്നുണ്ടെന്നും അതിനായി ശ്രമിക്കുമെന്നും അജി കുര്യാക്കോസ് അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘ഗള്‍ഫ് പ്രതിസന്ധി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം’

സാമുഹിക പ്രവര്‍ത്തകന്‍ ടി.എ അബ്ദുല്‍വഹാബ് നാട്ടില്‍ അന്തരിച്ചു