ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. രാജ്യത്ത് ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയിലെ മൂന്നിലൊരാള്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഖത്തറിലെ മുതിര്‍ന്ന ജനസംഖ്യയുടെ 35.5 ശതമാനം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ ഒട്ടേറെപ്പേര്‍ താല്‍പര്യമെടുക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ വാക്‌സിന് നല്ല ആവശ്യകതയുണ്ട്. ആദ്യ ഡോസ് സ്വീകരിച്ചവരെല്ലാം വാക്‌സിന്റെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഏറ്റവും പുതിയ വിശദാംശങ്ങള്‍ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണം തുടങ്ങിയശേഷം ഇതുവരെയായി 12,48,229 ഡോസ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 1,68,453 ഡോസ് വാക്‌സിനാണ് നല്‍കിയത്.
80 വയസിനുമുകളില്‍ പ്രായമുള്ള 78.4 ശതമാനം പേരും 70വയസിനു മുകളിലുള്ള 80.1 ശതമാനം പേരും 60 വയസിനുമുകളില്‍ പ്രായമുള്ള 82.8 ശതമാനം പേരും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി മന്ത്രാലയം വെബ്‌സൈറ്റ് മുഖേന എല്ലാവരും രജിസ്റ്റര്‍ ചെയ്യണം. വാക്‌സിന്‍ രണ്ടുഡോസ് സ്വീകരിച്ച എല്ലാവര്‍ക്കും ഔദ്യോഗികമായി സ്റ്റാമ്പ് ചെയ്ത കോവിഡ് വാക്‌സിനേഷന്‍ കാര്‍ഡ് നല്‍കും. സാമൂഹ്യമായി പ്രതിരോധ ശേഷി കൈവരിക്കുന്നതിന് ലക്ഷ്യമിട്ട ഗ്രൂപ്പുകളില്‍ 75 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിനേഷന്‍ നല്‍കണം.