
ദോഹ: 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സജ്ജമായ ബ്രാന്‍ഡ് ന്യൂ വേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ ആദ്യ മത്സരം ജൂലൈ 24ന് നടക്കും. സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കഴിഞ്ഞദിവസമാണ് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കുറക്കുന്നതിനായി ഫുട്ബോള്‍ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കായികപ്രവര്‍ത്തനങ്ങളും രാജ്യത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂലൈ 24നാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.
ലീഗ് വീണ്ടും തുടങ്ങുമ്പോള്‍ ആദ്യ മത്സരം എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലായിരിക്കും. കഴിഞ്ഞദിവസം ലീഗ് പ്രഖ്യാപിച്ച ഫിക്സ്ചര്‍ പ്രകാരം ജൂലൈ 24ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യുഎസ്എല്‍) ആദ്യ മത്സരത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ്(ഖത്തര്‍ എസ്സി) അല്റയ്യാനെ നേരിടും. ഖത്തര്‍ എസ് സിയുടെ ഹോംവേദിയാണ് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം. വൈകുന്നേരം 4.45നാണ് മത്സരത്തിന്റെ കിക്കോഫ്. കൃത്യമായ കളി സാഹചര്യങ്ങളില്‍ മത്സരം നടത്താന്‍ അനുവദിക്കുന്ന കൂളിംഗ് സാങ്കേതികവിദ്യയാണ് സ്റ്റേഡിയത്തിലുള്ളത്. അഞ്ച് റൗണ്ട് മത്സരങ്ങള്‍ കൂടിയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ആദ്യദിനത്തില്‍ മൂന്നു വേദികളിലായി മൂന്നു മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സമാണ് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ലോകകപ്പ് സ്റ്റേഡിയമായ അല്‍വഖ്റയിലെ അല്ജാനൂബിലണ് രണ്ടാമത്തെ മത്സരം. അല്‍ അറബിയും അല്‍ ഗരാഫയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ശിതീകരണ സാങ്കേതിക വിദ്യയാണ് രണ്ട് സ്റ്റേഡിയങ്ങളിലുള്ളത്. മൂന്നാമത്തെ മത്സരം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അല്‍സദ്ദും അല്ഖോറും തമ്മിലായിരിക്കും. ജൂലൈ 25ന് അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ അല്‍ദുഹൈല്‍ ഉംസലാലിനെയും ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അല്‍വഖ്റ അല്സെയ്ലിയയെയും നേരിടും. അവശേഷിക്കുന്ന മത്സരങ്ങള്‍ ആഗസ്റ്റില്‍ നടക്കും. ലീഗില്‍ പതിനേഴ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയിന്റുമായി അല്ദുഹൈലാണ് ഒന്നാമത്. 38 പോയിന്റുമായി റയ്യാന്‍ രണ്ടാമത്. 32 പോയിന്റുമായി അല്‍സദ്ദ് മൂന്നാമത്. 28 പോയിന്റുമായി അല്‍ഗരാഫ നാലാമത്. താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാകും മത്സരങ്ങള്‍. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും ക്യുഎസ്എല്ലും ചേര്‍ന്നാണ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുമോ ഇല്ലയോ എന്ന കാര്യം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാഹചര്യം അടിസ്ഥാനമാക്കിയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ദോഹ മെട്രോയുടെ ഗ്രീന്‍ലൈന്‍ മുഖേന ഫുട്ബോള്‍ ആസ്വാദകര്‍ക്ക് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെത്താനാകും. ഊൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് സ്റ്റേഡിയത്തിന്റെ രൂപഘടന. സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് നടക്കുന്നത്. മരുഭൂമിയിലെ വജ്രം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഡയമണ്ടിന്റെ മാതൃകയിലാണ് സ്റ്റേഡിയത്തിന്റെ ഡിസൈന്‍. സൂര്യവലയത്തിനനുസരിച്ച് സ്റ്റേഡിയത്തിന്റെ കളറിലും മാറ്റം പ്രതിഫലിക്കും. മനോഹരമായ കാഴ്ചാനുഭവം പകരുന്നതിനൊപ്പം സുസ്ഥിര വികസനത്തിന്റെ എല്ലാകാലത്തേക്കുമുള്ള ഉദാഹരണം കൂടിയായി സ്റ്റേഡിയം നിലനില്ക്കും. സ്റ്റേഡിയത്തില്‍ 40,000 സീറ്റ് ആണ് ഉണ്ടാവുക.