ദോഹ: ‘ഡാവിഞ്ചി 11’ എന്ന റോബോട്ടിക്ക് ഉപകരണത്തിന്റെ സഹായത്തോടെ ആദ്യ പാന്‍ക്രിയാറ്റിക് ശസ്ത്രക്രിയ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പൂര്‍ത്തിയാക്കി. മധ്യവയസ്‌കയായ സ്ത്രീയുടെ പാന്‍ക്രിയാസിലെ മുഴയാണ് റോബോട്ട് ഉപയോഗിച്ച് നീക്കം ചെയ്തത്. ശക്തമായ വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയെ സ്‌കാന്‍ ചെയ്തപ്പോള്‍ പാന്‍ക്രിയാസില്‍ മുഴ കണ്ടെത്തുകയായിരുന്നു. ഡോ. അഹമ്മദ് അല്‍അഫാന്തിയാണ് മേല്‍നോട്ടം വഹിച്ചത്. വിദേശത്ത് ചെയ്യുന്ന ഇത്തരം ശസ്ത്രക്രിയകള്‍ ഇനി മുതല്‍ ഖത്തറില്‍ തന്നെ പൂര്‍ത്തിയാക്കാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നുവെന്നും രോഗി സുഖംപ്രാപിച്ചുവരികയാണെന്നും ഹമദ് മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു. സാധാരണ ശസ്ത്രക്രിയയേക്കാള്‍ കുറഞ്ഞ നേരമേ മുഴ നീക്കാന്‍ ആവശ്യമായി വന്നിട്ടുള്ളൂവെന്നും അധികം രക്തം നഷ്ടപ്പെടുത്താതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രത്യേകതയെന്നും ഹമദ് അറിയിച്ചു. എളുപ്പത്തില്‍ മുറിവ് ഭേദമാവുകയും രോഗിക്ക് അതിവേഗം ആശുപത്രി വിടാന്‍ സാധിക്കുകയും ചെയ്യുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.