in ,

ആ നാല്‍പ്പതുപേര്‍ റമദാനിലെ ആദ്യ ജുമുഅക്കെത്തി; ലക്ഷങ്ങളുടെ പ്രതിനിധികളായി

ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ നിന്നുള്ള ജുമുഅ ദൃശ്യം

ജുമുഅ നടന്നത് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍

ദോഹ: ആഴ്ചകളോളമായി അടഞ്ഞുകിടന്ന പള്ളിയുടെ അകത്തളങ്ങളിലേക്ക് ആ നാല്‍പ്പതുപേരെത്തി, ഖത്തറിലെ ലക്ഷണക്കണക്കിന് വിശ്വാസികളുടെ പ്രതിനിധികളായി.
വിശുദ്ധ റമദാനിന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ഖത്തറിലെ വലിയ പള്ളിയായ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയിലാണ് ജുമുഅ നടന്നത്. കൃത്യമായ സാമൂഹിക അകലം പാലിച്ച് പരിമിതമായ എണ്ണം വിശ്വാസികളാണ് പങ്കെടുത്തത്, ഇമാമുള്‍പ്പെടെ 40 പേര്‍. പള്ളി ജീവനക്കാരായിരുന്നു മറ്റുള്ളവര്‍.

ഇമാം ജുമുഅ ഖുതുബ നിര്‍വ്വഹിക്കുന്നു

ഖത്തറിലെ ആയിരക്കണക്കിന് വിശ്വാസികള്‍ ചാനലുകളിലെ ലൈവിലൂടേയും റേഡിയോയിലൂടേയും ജുമുഅ കാണുകയും കേള്‍ക്കുകയും ചെയ്തു.
ഇമാമും ജീവനക്കാരും ഉള്‍പ്പടെ 40 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവൂ എന്നും സാമൂഹിക അകലം പാലിച്ചുവേണം നമസ്‌കാരമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളി ഒഴികെ രാജ്യത്തെ മറ്റെല്ലാ പള്ളികളും അടഞ്ഞുകിടക്കുകയാണ്. ഒരുമാസത്തിലധികം നീണ്ട ഇടവേളക്കുശേഷമാണ് ഖത്തറില്‍ ആദ്യ ജുമുഅ നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതലാണ് പള്ളികള്‍ അടക്കാന്‍ നിര്‍ദ്ദേശമുണ്ടായത്. കര്‍ശന ആരോഗ്യ സുരക്ഷാ മുന്‍കരുതലോടെയാണ് ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ജുമുഅ നമസ്‌കാരങ്ങള്‍ക്കും വിശുദ്ധ മാസത്തിലെ സായാഹ്ന പ്രാര്‍ത്ഥനകള്‍, തറാവിഹ് പ്രാര്‍ത്ഥനകള്‍, ഖിയാം പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. ജുമുഅ ഒഴികെയുള്ളവക്ക് ഇമാമിന്റെയും പള്ളിയിലെ നാല് ജീവനക്കാരുടെയും സാന്നിധ്യം മാത്രമാണ് അനുവദനീയം.

ജമുഅ നമസ്‌കാരം മറ്റൊരു ദൃശ്യം

ജുമുഅയും തറാവീഹും ദൃശ്യമാധ്യമങ്ങളിലൂടെ

ജുമുഅ ഖുത്തുബയ്ക്ക് പുറമെ മറ്റു തറാവീഹ് ഉള്‍പ്പെടെ പ്രാര്‍ഥനകളും ടെലിവിഷന്‍, റേഡിയോ ചാനലുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇമാമിനെ അനുകരിക്കുന്നത് അനുവദനീയമല്ലെന്ന് ഉറപ്പാക്കിക്കൊണ്ടാണ് സംപ്രേഷണം. റേഡിയോ, ടെലിവിഷന്‍, മറ്റ് ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവയിലൂടെയുള്ള സംപ്രേഷണം കേട്ട് പ്രാര്‍ത്ഥന നടത്തുന്നത് അനുവദനീയമല്ലെന്ന് ഔഖാഫ് ഇസ്്‌ലാമിക കാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

2030ലെ ഏഷ്യന്‍ ഗെയിംസ്: വേദിക്കായി ഖത്തറും രംഗത്ത്

മീസൈമിര്‍ ഇന്റര്‍ചേഞ്ചിലെ പുതിയ ലൂപ്പ് പാലം 26ന് തുറക്കും