in

ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ആദ്യ കപ്പലെത്തി

ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തി സന്ദര്‍ശിച്ചപ്പോള്‍

ദോഹ: ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ആദ്യ കപ്പലെത്തി. ആദ്യ കപ്പലിനെ വരവേല്‍ക്കാന്‍ ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തിയും ടെര്‍മിനലിലെത്തിയിരുന്നു. റബ്ബര്‍ ടയേഡ് ഗാന്‍ട്രി ക്രെയിനു(ആര്‍ടിജിഎസ്)കളായിരുന്നു കപ്പലിലുണ്ടായിരുന്നത്. രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ടെര്‍മിനലില്‍ ആര്‍ടിജിഎസ്് സ്ഥാപിക്കും. രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശദാംശങ്ങളും ഇതുവരെ പൂര്‍ത്തിയാക്കിയ കാര്യങ്ങളെക്കുറിച്ചും ഗതാഗത മന്ത്രിയോടു വിശദീകരിച്ചു. രണ്ടാം ടെര്‍മിനലിന്റെ വികസനം നാലു ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കുന്നത്. ഒന്നും രണ്ടും ഘട്ടങ്ങള്‍ 2022 അവസാനത്തിനു മുന്‍പായി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.
ആ ഘട്ടത്തില്‍ തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം മുപ്പത് ലക്ഷം ടിഇയുവായി ഉയരും. പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തുറമുഖത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിനായി മൂന്നും നാലും ഘട്ടങ്ങള്‍ പിന്നീട് നടപ്പാക്കും. ഹമദ് തുറമുഖത്തിന്റെ റാങ്കിങ് ഉയര്‍ത്താന്‍ സഹായകമാണ് തുറമുഖത്തിന്റെ രണ്ടാം ടെര്‍മിനലെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.
ടെര്‍മിനല്‍ നിര്‍മാണത്തില്‍ ഖത്തരി ഉത്പന്നങ്ങള്‍ക്ക് പ്രധാന പങ്ക്. ഖത്തരി സമ്പദ്ഘടനയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്താണ് തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം. ടെര്‍മിനലിന്റെ ഡിസൈന്‍, വികസനം, പ്രവര്‍ത്തന കരാര്‍ എന്നിവയെല്ലാം ക്യുടെര്‍മിനല്‍സിന്റെ ഉത്തരവാദിത്വമാണ്. രണ്ടാം ടെര്‍മിനലില്‍ അത്യാധുനികമായ ഉപകരണങ്ങളും സങ്കേതങ്ങളുമാണ് സജ്ജമാക്കുന്നത്.രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളിലധികവും നല്‍കുന്നത് പ്രാദേശിക കമ്പനികളാണ്. ഖത്തരി കമ്പനികളാണ് റീഫര്‍ കണ്ടെയ്‌നറുകളുടെ സ്റ്റാക്കുകളും കേബിളുകളും വിതരണം ചെയ്തത്.
ഖത്തരി ആസ്ഥാനമായുള്ള അല്‍ നാസര്‍ കണ്‍സ്ട്രക്ഷന്‍ ഡൈനാമിക്‌സില്‍ നിന്നാണ് സ്റ്റീല്‍ റാക്കിങ് ലഭിച്ചത്. രണ്ടാം ടെര്‍മിനലിന് 1200 മീറ്റര്‍ നീളവും 17 മീറ്റര്‍ ഡ്രാഫ്റ്റുമുണ്ട്. നിലവിലുള്ള കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വടക്ക് ഭാഗത്താണ് രണ്ടാമത്തെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. ഹമദ് തുറമുഖത്തിന്റെ ഒന്നാം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ കാര്യക്ഷമതയും ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ വലിയ വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്.
കൂടുതല്‍ കപ്പലുകള്‍ തുറമുഖത്തേക്കെത്തുന്നു. ഇവയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സൗകര്യങ്ങള്‍ വര്‍ധിപ്പക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ ഹമദ് തുറഖമുഖത്തെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണവും നിര്‍ണായകവുമായ പദ്ധതിയാണ് രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനല്‍. 2016 ഡിസംബറിലാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. സ്‌റ്റേഡിയങ്ങള്‍, റോഡുകള്‍, മെട്രോ, മറ്റു സുപ്രധാന പദ്ധതികള്‍ തുടങ്ങിയ രാജ്യത്തെ അടിസ്ഥാനസൗകര്യവിക,സനപ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായാണ് ഇറക്കുമതി നടത്തുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കര്‍വ ബസ്, ദോഹ മെട്രോ സര്‍വീസുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍

കപ്ലിക്കണ്ടി പോക്കര്‍ ഹാജിക്കും അബ്ദുല്‍ വഹാബിനും യാത്രയയപ്പ് നല്‍കി