
ദോഹ: ഫിത്വര്‍ സക്കാത്ത് കൃത്യസമയത്തുതന്നെ നല്‍കണമെന്ന് വിശ്വാസികളോടു ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം ആവശ്യപ്പെട്ടു. പുരുഷനോ വനിതയോ പ്രായപൂര്‍ത്തിയായവരോ ആകാത്തവരോ ആരുതന്നെയായാലും ഉത്തരവാദിത്വപ്പെട്ട എല്ലാ മുസ്ലീങ്ങളുടെയും കടമയാണ് സക്കാത്ത് നല്‍കുകയെന്നത്. ഈ റമദാനില്‍ ഒരു വ്യക്തി നല്‍കേണ്ട ഫിത്വര്‍ സക്കാത്തായി നിശ്ചയിച്ചിരിക്കുന്നത് 15 റിയാലാണ്. ഈദുല്‍ഫിത്വര്‍ നമസ്കാരത്തിനു മുമ്പായി ഈ തുക കൈമാറണം. ലോകത്തെ എല്ലാ മുസ്ലീങ്ങള്‍ക്കൊപ്പം പാവപ്പെട്ടവര്‍ക്കും ഈദുല്‍ഫിത്വര്‍ ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് ഫിത്വര്‍ സക്കാത്തിലൂടെ. ബഹുഭൂരിപക്ഷം ജനങ്ങളുടെയും ആഹാരമായ അരി രണ്ടര കിലോയാണ് സക്കാത്തായി നല്‍കേണ്ടത്. അരിയുടെ തുകയാണ് പതിനഞ്ച് റിയാലായി കണക്കാക്കിയിരിക്കുന്നത്. സക്കാത്ത് ഫണ്ട് പൊതുജനങ്ങളില്‍ നിന്നും ഫിത്വര്‍ സക്കാത്ത് സ്വീകരിക്കുകയും പ്രവാചകന്റെ സുന്നത്ത് അനുസരിച്ച് അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും. സക്കാത്ത് ഫണ്ടിന്റെ ഓഫീസുകള്‍ മുഖേന ഫിത്വര്‍ സക്കാത്ത് സ്വീകരിക്കും.