in

കോവിഡ് രോഗികളുടെ ചികിത്സക്കായി അഞ്ച് ആസ്പത്രികള്‍

ഡോ.ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) രോഗികളെ ചികിത്സിക്കുന്നതിനായി അഞ്ച് ആസ്പത്രികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പകര്‍ച്ചവ്യാധി ചികിത്സാ കേന്ദ്രം(കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍-സിഡിസി), ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി, ക്യൂബന്‍ ആശുപത്രി, മിസൈദ്, റാസ്ലഫാന്‍ ആസ്പത്രികള്‍ എന്നിവയാണ് കോവിഡ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്.
ഇതിനുപുറമെ പരിശോധന, നിരീക്ഷണം, സംശയാസ്പദമായ വ്യക്തികള്‍ക്ക് ഐസലേഷന്‍ സൗകര്യം എന്നിവക്കായി പ്രൈമറി ഹെല്‍ത്ത് കെയര്‍കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി) നാലു ഹെല്‍ത്ത് സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. ഗരാഫത്ത് അല്‍ റയ്യാന്‍, ഉംസലാല്‍, മൈദര്‍, റൗദത്ത് അല്‍ഖയ്ല്‍ എന്നിവയാണവ. ഉംസലാലില്‍ മെഡിക്കല്‍ ഐസൊലേഷന്‍ ആസ്പത്രി ഏപ്രില്‍ ഒന്‍പതിന് സജ്ജമാക്കി. 12,500 കിടക്കകളാണ് ഉംസലാലില്‍ ഒരുക്കിയിരിക്കുന്നത്. രോഗബാധിതരെ സ്വീകരിക്കാന്‍ ആവശ്യമായ എല്ലാ ആരോഗ്യ ആവശ്യങ്ങളും സൗകര്യങ്ങളും സുരക്ഷയും ഉംസലാല്‍ ആസ്പത്രിയില്‍ ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ അംഗീകൃത ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഡോ.ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി വിശദീകരിച്ചു. കോവിഡ്-19 പശ്ചാത്തലത്തില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനം ശക്തിപ്പെടുത്തുന്നതിനും ഏറ്റവും വേഗത്തില്‍ മെഡിക്കല്‍, നഴ്സിങ് സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം.
കോവിഡ്-19നെ കൈകാര്യം ചെയ്യുന്നതിന് പൊതുജനാരോഗ്യമന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്ന ഭാവിപദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനൊപ്പം രോഗബാധിതരുടെ എണ്ണവും ആരോഗ്യവ്യവസ്ഥയില്‍ കോവിഡ് ഉയര്‍ത്തുന്ന ഭാരവും കുറക്കുകയും ലക്ഷ്യമാണ്. എന്നാല്‍ തുടക്കംമുതലുള്ള പ്രധാന ലക്ഷ്യം വ്യാപനം തടയുകയെന്നതായിരുന്നു. ഖത്തരി പൗരന്‍മാരെ ഇറാനില്‍ നിന്നും തിരികെയെത്തിച്ചശേഷം ഫെബ്രുവരി അവസാനം മുതല്‍ ഗുരുതരമായ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. ബാധിക്കപ്പെട്ട രാജ്യങ്ങളില്‍നിന്നും പൗരന്‍മാര്‍ മടങ്ങിയെത്തിയതും അണുബാധയുടെ എണ്ണത്തിലും പുതിയ കേസുകളുടെ എണ്ണത്തിലും വര്‍ധനവിന് കാരണമായി. എല്ലാവരുടെയും ആരോഗ്യത്തില്‍ രാജ്യത്തിന് മുന്തിയ താല്‍പര്യമാണുള്ളത്. ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനൊപ്പം മെഡിക്കല്‍ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധര്‍ വിദൂരമായി പരിശീലനം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള മന്ത്രാലയത്തിന്റെ ‘ഖത്തറിന് വേണ്ടി’ എന്ന ദേശീയ വൊളന്റിയര്‍ കാമ്പയിനില്‍ പങ്കെടുക്കുന്ന മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധ പരിശീലനം നല്‍കിയതായും അദ്ദേഹം വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധാ കേന്ദ്രമായി നാഷണല്‍ കമാന്‍ഡ് സെന്റര്‍