
ദോഹ: മീസൈമിര്‍ ഇന്റര്‍ചേഞ്ചിലെ അഞ്ചു ഭാഗങ്ങള്‍ ഗതാഗതത്തിനായി തുറന്നു.പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. അശ്ഗാലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എന്‍ജിനിയര്‍മാരും കരാര്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. ദോഹ എക്‌സ്പ്രസ് വേയെയും ദോഹ എക്‌സ്പ്രസ് ഹൈവേയുടെ ദക്ഷിണ ഭാഗത്തെയും ബന്ധിപ്പിക്കുന്ന മൂന്നു കിലോമീറ്റര്‍ റോഡ് തുറന്നു. ദോഹയില്‍ നിന്ന് അല്‍വഖ്‌റയിലേക്കും വുഖൈറിലേക്കും വരുന്നവര്‍ക്ക് സുഗമമായ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതാണ് ഈ റോഡ്.
വഖ്‌റ, വുഖൈര്‍ എന്നിവിടങ്ങളില്‍നിന്ന് ദോഹയെ ബന്ധിപ്പിക്കുന്ന റോഡ് ഈ വര്‍ഷം രണ്ടാം പാദത്തില്‍ തുറക്കും. ദോഹ എക്‌സ്പ്രസ്സ് പാതയെ ഇ-റിങ് റോഡുമായി ബന്ധിപ്പിക്കുന്ന 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ തുരങ്കവും തുറന്നിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിന്ന് ഇ-റിങ് റോഡ്, റൗദത്ത് അല്‍ഖയ്ല്‍ സ്ട്രീറ്റ്, ദോഹ എക്‌സ്പ്രസ് വേ എന്നിവിടങ്ങളിലേക്ക് ഗതാഗതം ആരംഭിച്ചിട്ടുണ്ട്. ഇ-റിങ് റോഡിലേക്ക് ഒരു കിലോമീറ്റര്‍ പുതിയ തുരങ്കവും സജ്ജമാക്കിയിട്ടുണ്ട്. റൗദത്ത് അല്‍ഖയ്ല്‍ സ്ട്രീറ്റ്, ഡി-റിങ് റോഡ് എന്നിവിടങ്ങളിലേക്ക് ഇരുദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതിനായി ഒരു കിലോമീറ്റര്‍ പാലം തുറന്നതിനു പുറമെയാണിത്. കൂടാതെ, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ദോഹ എക്‌സ്പ്രസ് ഹൈവേയിലേക്കുള്ള ഗതാഗതം നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ദോഹ എക്‌സ്പ്രസ്സ് വേയിലേക്ക് 500 മീറ്റര്‍ എക്‌സിറ്റ് ലൂപ്പും തുറക്കും.
മീസൈമീര്‍ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി അശ്ഗാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീസൈമീര്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് ഹോള്‍സെയില്‍ സ്ട്രീറ്റിലേക്കുള്ള ഗതാഗതം അശ്ഗാല്‍ അടക്കും. റോഡ് ഉപയോക്താക്കള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് ഉപയോഗിക്കണം. തുടര്‍ന്ന് സബാഹ് അല്‍ അഹ്മദ് ഇടനാഴിയിലൂടെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് സട്രീറ്റിലെത്തി ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനാകും. ഇന്റര്‍ചേഞ്ചിലെ പുതിയ ഭാഗങ്ങള്‍ ഗതാഗതത്തിനായി തുറന്നതിലൂടെ എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കാനാകുമെന്ന് അശ്ഗാലിന്റെ എന്‍ജിനിയര്‍ അഹമ്മദ് അലിഅല്‍ഇമാദി ചൂണ്ടിക്കാട്ടി. നിരവധി ഗതാഗത വഴിതിരിച്ചുവിടലുകള്‍ ഒഴിവാക്കാനും വിവിധ റോഡുകള്‍ തമ്മില്‍ നേരിട്ട് ബന്ധപ്പെടുത്താനും ഇതിലൂടെ സാധിക്കും. ദോഹ, അല്‍ശമാല്‍ എന്നിവിടങ്ങളില്‍ നിന്നും ഫെബ്രുവരി 22 സ്ട്രീറ്റ് മുഖേന മീസൈദ്, വഖ്‌റ, വുഖൈര്‍ എന്നിവിടങ്ങളിലേക്ക് വരുന്നവര്‍ക്ക് നേരിട്ട് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താനാകും. ദോഹ എക്‌സ്പ്രസ്സ് വേയെയും ദോഹ എക്‌സ്പ്രസ്സ് ഹൈവേയുടെ ദക്ഷിണ ഭാഗത്തെയും ബന്ധിപ്പിക്കുന്ന റോഡ് തുറന്നതിലൂടെയാണ് സുഗമമായ ഗതാഗതം സാധ്യമാകുന്നത്. ഇന്റര്‍ചേഞ്ചിലെ അഞ്ചു ഭാഗങ്ങള്‍ തുറന്നതിലൂടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും എല്ലാ ദിശകളിലേക്കും വരുന്നവര്‍ക്ക് ഗതാഗതം സുഗമമാകും. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിനും റൗദത്ത്് അല്‍ഖയ്ല്‍ സ്ട്രീറ്റിനുമിടയില്‍ പുതിയ പാലം രണ്ട് ദിശകളിലേക്കും തുറക്കുന്നത് വാഹനയാത്രികര്‍ക്ക് സൗകര്യപ്രദമാകും. പുതിയ മീസൈമീര്‍ ത്രീ ലെവല്‍ ഇന്റര്‍ചേഞ്ച് ഖത്തറില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഒന്‍പത് അടിപ്പാതകളാണ് പദ്ധതിയിലുള്ളത്. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാണ് പദ്ധതി. 6.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ചേഞ്ചില്‍ ഓരോ ദിശയിലും മൂന്നു മുതല്‍ നാലുവരെ ലൈനുകളാണുള്ളത്. ഇരുദിശകളിലേക്കും മണിക്കൂറില്‍ ഏകദേശം 20,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. മൂന്നു കാല്‍നടപ്പാലങ്ങള്‍ സഹിതം 23 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാല്‍നട, സൈക്കിള്‍ പാതകളും പദ്ധതിയുടെ ഭാഗമാണ്. ആറു പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്നതാണ് മീസൈമീര്‍ ഇന്റര്‍ചേഞ്ച്. ഹെക്‌സഗണല്‍ ഇന്റര്‍ചേഞ്ച് എന്നും ഇതറിയപ്പെടുന്നു.
ഇ-റിംഗ് റോഡ്, ദോഹ എക്‌സ്പ്രസ് ഹൈവേ, ദോഹ എക്‌സ്പ്രസ് ഹൈവേയുടെ തെക്ക് ഭാഗം, സബാഹ് അല്‍ അഹമ്മദ് ഇടനാഴി, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ഖെയ്ല്‍ സ്ട്രീറ്റ് എന്നീ ആറ് പ്രധാന റോഡുകളെയാണ് ബന്ധിപ്പിക്കുന്നത്. രാജ്യത്തിന്റെ തെക്ക്, മധ്യ, വടക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ട്രാഫിക് ലിങ്കായും ഇന്റര്‍ചേഞ്ച് വര്‍ത്തിക്കുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ തുമാമയിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. ഇന്റര്‍ചേഞ്ചിലെ മൂന്നു കാല്‍നടപ്പാലങ്ങളിലൂടെ ജനങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ സൗകര്യപ്രദമായി എത്താനാകും. മെഡിക്കല്‍ കമ്മീഷന്‍, കാലാവസ്ഥാവകുപ്പ്, സ്‌കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഗതാഗതം സുഗമമാക്കാന്‍ പദ്ധതി സഹായകമാണ്.