
ദോഹ: യാത്രാ വിമാനസര്‍വീസുകളുടെ ദോഹയിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി. കൊറോണ വൈറസ് വ്യാപനമില്ലാതാക്കാന്‍ മാര്‍ച്ച് പതിനെട്ടു മുതല്‍ പതിനാല് ദിവസത്തേക്കായിരുന്നു ഖത്തറിലേക്ക് വരുന്ന വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. വിലക്കിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്. വിദേശകാര്യസഹമന്ത്രിയും ദുരന്തനിവരാണ സുപ്രീംകമ്മിറ്റി വക്താവുമായ ലുലുവ അല്‍ഖാതിറാണ് ഇക്കാര്യമറിയിച്ചത്. അതേസമയം ചരക്കുവിമാനങ്ങളെ ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും ഖത്തരി പൗരന്‍മാരുമായെത്തുന്ന സര്‍വീസുകള്‍ക്കും അനുമതിയുണ്ടാകും. അത്തരം വിമാനങ്ങളില്‍ വരുന്നവര്‍ രണ്ടാഴ്ചത്തേക്ക് പൂര്‍ണമായും ക്വാറന്റൈനിലായിരിക്കും. വിദേശങ്ങളിലുള്ള ഖത്തരി പൗരന്‍മാര്‍ക്കു പുറമെ ഖത്തരി കുട്ടികള്‍, ഖത്തരി ജീവിതപങ്കാളികള്‍, ഖത്തരി വനിതകള്‍, സ്ഥിരം റഡിസന്‍സി പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ഏതു സമയത്തും ഖത്തറിലേക്ക് മടങ്ങിയെത്താം. എന്നിരുന്നാലും അവര്‍ പതിനാല് ദിവസത്തേക്ക് ക്വാറന്റൈന് വിധേയരാകണം. അവര്‍ എവിടെനിന്നാണോ വരുന്നത് ആ രാജ്യങ്ങളിലെ ഖത്തര്‍ എംബസികളെ 72 മണിക്കൂര്‍ മുന്‍പെങ്കിലും യാത്രാവിവരം അറിയിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിമാനത്താവളത്തില്‍ ശരിയായ ക്രമീകരണങ്ങള്‍ നടത്താനാകുമെന്നും അവര്‍ പറഞ്ഞു.