
ദോഹ: കടുത്ത വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സുഡാനിലേക്ക് ഖത്തര്‍ കൂടുതല്‍ സഹായംഅയച്ചു. ദുരിതബാധിതരെ സഹായിക്കുന്നതിനായി ഖത്തറിന്റെ സഹായങ്ങളുമായി മൂന്നാമത്തെ വിമാനം ശനിയാഴ്ചയും നാലാമത്തെ വിമാനം ഞായറാഴ്ചയും ഖാര്‍ത്തൂം വിമാനത്താവളത്തിലെത്തി.
ഖത്തര്‍ ചാരിറ്റിയുടെ സുഡാന് സമാധാനം കാമ്പയിന്റെ ഭാഗമായാണ് സഹായം എത്തിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ അയച്ച രണ്ടു വിമാനങ്ങളിലുമായി 65 ടണ്‍ സഹായവസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്. 546 ഷെല്‍ട്ടര്‍ ടെന്റുകള്‍, 5800 ബ്ലാങ്കറ്റുകള്‍, 15 ഫീല്‍ഡ് ആസ്പത്രി ടെന്റുകള്‍, 15 മൊബൈല്‍ സ്കൂള്‍ ടെന്റുകള്‍ എന്നിവയുള്‍പ്പടെയുള്ള സഹായ ഉത്പന്നങ്ങളാണ് കയറ്റിഅയച്ചത്.
സുഡാനിലെ ജനങ്ങളെ സഹായിക്കുന്നതില്‍ ഖത്തറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സഹായവിതരണമെന്ന് സുഡാനിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്റഹ്മാന് ബിന്‍ അലിഅല്‍ കുബൈസി പറഞ്ഞു. ഖത്തര്‍ ചാരിറ്റി, മോണോപ്രിക്സ് ഖത്തര്‍ എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ എയര്‍വേയ്സ് നേരത്തെ നൂറു ടണ്ണോളം ഭക്ഷ്യോത്പന്നങ്ങളും മറ്റു സഹായ സാമഗ്രികളും സുഡാനിലെത്തിച്ചിരുന്നു.