
ദോഹ: ശൈത്യകാല സീസണിനു മുന്നോടിയായുള്ള ഫ്‌ളു വാക്‌സിനേഷന്‍ കാമ്പയിന് നാളെ മുതല്‍ തുടക്കംകുറിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യമായി ഫ്‌ളൂ വാക്‌സിന്‍ ലഭ്യമാക്കും. കോവിഡിന്റെ സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിനെടുക്കേണ്ടത് മുന്‍പെന്നത്തേക്കാളും പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ കാമ്പയിന് ഇന്നലെ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സി്റ്റിയില്‍ ഔദ്യോഗികമായി തുടക്കംകുറിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിന്‍. പിഎച്ച്‌സിസിയുടെ കീഴിലുള്ള എല്ലാ ഹെല്‍ത്ത് സെന്ററുകളിലും തെരഞ്ഞെടുത്ത 40 സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ ഹെല്‍ത്ത് ക്ലിനിക്കുകളിലും വാക്‌സിനെടുക്കാനുള്ള സൗകര്യമുണ്ടാകും. ആറു മാസത്തിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സുരക്ഷിതമാണെന്ന് മന്ത്രാലയം അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് വരെ നടക്കുന്ന കാമ്പയിനില്‍ അഞ്ചുലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കും. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഈ വര്‍ഷം ഇന്‍ഫ്‌ളുവന്‍സ വാക്‌സിനെടുക്കേണ്ടത് നിര്‍ണായകമാണ്. കോവിഡിനും ഇന്‍ഫ്‌ളുവന്‍സക്കും ഒരേ ലക്ഷണങ്ങളുണ്ട്. ഇവ രണ്ടും ബാധിക്കുന്നത് കടുത്ത സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കവെ കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യകര്‍മ്മപദ്ധതിയുടെ ചെയര്‍മാനും എച്ച്എംസി പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സക്ക് കൂടുതല്‍ ഫലപ്രദമായ പ്രതിരോധ വാക്‌സിനുണ്ടെന്നും എല്ലാവരും വാക്‌സിനെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്തമ, ഡയബറ്റിസ്, ഹൃദ്രോഗം, ശ്വാസകോശ, വൃക്ക രോഗം തുടങ്ങിയവയുള്ള രോഗികള്‍ക്കും വാക്‌സിനെടുക്കാം. അന്‍പത് വയസിനു മേലെയുള്ള മുതിര്‍ന്നവരും ആറു മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികളുമെല്ലാം വാക്‌സിനേഷന്‍ നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ സുരക്ഷിതമാണ്. രോഗ്യസാധ്യത ഏറെയുള്ള ജനവിഭാഗങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ശൈത്യകാല വാക്‌സിനേഷന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ആഗോള വ്യാപകമായി പ്രതിരോധകുത്തിവെപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ പിടിപെടാനും മറ്റുള്ളവരിലേക്ക് പകരുന്നതിനുമുള്ള സാധ്യത കുറക്കുന്നതിനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാര്‍ഗമാണ് വാര്‍ഷിക പ്രതിരോധകുത്തിവെപ്പെന്നും ഡോ.അല്‍ഖാല്‍ പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ക്ക് വര്‍ഷംതോറും വ്യതിയാനം സംഭവിക്കുന്നുണ്ട്. അതിനാല്‍ എല്ലാവര്‍ഷവും കുത്തിവെപ്പെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.