Wednesday, November 25ESTD 1934

ഖത്തറില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24 മുതല്‍

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24ന് വീണ്ടും തുടങ്ങും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാ(ക്യുഎഫ്എ)ണ് ഇക്കാര്യം അറിയിച്ചത്. 2019-2020 സീസണിലെ ആഭ്യന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂലൈ 24നും ഓഗസ്റ്റ് 26നുമിടയില്‍ പൂര്‍ത്തിയാക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ അതോറിറ്റികളുമായി കൂടിയാലോചന നടത്തിയശേഷമാണ് ഈ കാലയളവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ക്യുഎഫ്എ അറിയിച്ചു.
ആവശ്യമായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. കളിക്കാര്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, റഫറിമാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും. അതേസമയം ഖത്തര്‍ സ്റ്റാര്‍സ് ലീഗ്(ക്യുഎസ്എല്‍) താരങ്ങളുടെ വാര്‍ഷിക അവധി പ്രഖ്യാപിച്ചു.
കളിക്കാരുടെ വാര്‍ഷിക അവധി, പരിശീലനം ആരംഭിക്കുന്ന തീയതി, ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് പുനരാരംഭിക്കുന്നതിനുള്ള തീയതി എന്നിവ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ക്യുഎസ്എല്‍ പുറത്തിറക്കി. കളിക്കാരുടെ വാര്‍ഷികാവധി മെയ് 17 ഞായറാഴ്ച മുതല്‍ ജൂണ്‍ ഏഴ് ഞായറാഴ്ചവരെയായിരിക്കും. സര്‍ക്കുലര്‍ പ്രകാരം എല്ലാ സാങ്കേതിക, ഭരണനിര്‍വഹണ ജീവനക്കാര്‍ക്കും താരങ്ങള്‍ക്കും ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ കൊറോണ വൈറസ്(കോവിഡ്-19) പരിശോധന നടത്തും. ജൂണ്‍ പത്ത് ബുധനാഴ്ച പരിശീലന സെഷനുകള്‍ തുടങ്ങും. ജൂലൈ 24ന് തുടങ്ങുന്ന ലീഗ് മത്സരങ്ങളുടെ മുന്‍കരുതല്‍ നടപടികളും മത്സര നടപടിക്രമങ്ങളും പിന്നീട് പ്രഖ്യാപിക്കും.

error: Content is protected !!