in

ബാങ്കുകളിലും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പ് പരിശോധിക്കുന്നു

ദോഹ: കോവിഡ് അപകട സാധ്യതാ നിര്‍ണയ ആപ്പായ ഇഹ്തിറാസില്‍ വ്യക്തിയുടെ ആരോഗ്യനില സൂചിപ്പിക്കുന്ന നിറം പച്ചയല്ലെങ്കില്‍ പ്രധാന ബാങ്കുകളിലും പ്രവേശനമുണ്ടാകില്ല. നേരത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. പല ബാങ്കുകളും ഇടപാടുകാര്‍ക്ക് ബ്രാഞ്ചുകളില്‍ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് ആപ്പില്‍ ഹരിതനിലയാകേണ്ടതുണ്ടെന്ന് ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി വ്യാപിച്ചതിനുശേഷം മിക്ക ബാങ്കുകളും ബ്രാഞ്ചുകള്‍ക്കുള്ളിലെ തിരക്ക് ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ്, ടെലി ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുന്‍കരുതല്‍ നടപടികളുടെയും സുരക്ഷയുടെയും വിപുലീകരണമെന്ന നിലയില്‍ ജൂണ്‍ ഏഴ് ഞായറാഴ്ച മുതല്‍ ബ്രാഞ്ചുകളില്‍ പ്രവേശിപ്പിക്കുന്നതിന് ഇഹ്തിറാസ് ആപ്പിലെ ഹെല്‍ത്ത് കോഡിന്റെ നിറം കാാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിലെ നിറം പച്ചയാണെങ്കിലെ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ബര്‍വ ബാങ്കും കൊമേഴ്‌സ്യല്‍ ബാങ്കും എസ്എംഎസ് സന്ദേശങ്ങളിലൂടെ ഉപയോക്താക്കളെ അറിയിച്ചു.
അല്‍മീര, മോണോപ്രിക്‌സ്, ലുലു, സഫാരി, കാരിഫോര്‍ ഉള്‍പ്പടെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളും പ്രവേശനത്തിന് ആപ്പിലെ ഹരിതനില പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആപ്പില്‍ നാലു നിറങ്ങളാണുള്ളത്.
വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ക്ക് ചുവപ്പ്, ക്വാറന്റൈന് വിധേയരായവര്‍ക്ക് മഞ്ഞ, സംശയാസ്പദമായ സാഹചര്യങ്ങളിലുള്ളവര്‍ക്ക് ചാരനിറം, വൈറസ് ബാധിച്ചതായി സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കാത്ത ആരോഗ്യമുള്ള വ്യക്തികള്‍ക്ക് പച്ച എന്നീ നിറങ്ങളാണ് ആപ്പിലുള്ളത്.
ബാങ്ക് ബ്രാഞ്ചുകളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് സന്ദര്‍ശകരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് പരിശോധിക്കും. പച്ച ഒഴികെയുള്ള മറ്റു മൂന്നു നിറങ്ങളാണ് ദൃശ്യമാകുന്നതെങ്കില്‍ പ്രവേശനമുണ്ടായിരിക്കില്ല. പച്ച നിറമാണ് കാണുന്നതെങ്കില്‍ പ്രവേശനം അനുവദിക്കും. ഖത്തറില്‍ കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ബാങ്കുകള്‍ നടപ്പാക്കുന്ന നിരവധി നടപടികളില്‍ ഒടുവിലത്തേതാണിത്.
ഖത്തറിലെ പൗരന്‍മാരും താമസക്കാരും നിര്‍ബന്ധമായും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
എന്തു കാരണങ്ങളാലും വീടുകള്‍ക്കു പുറത്തുപോകുമ്പോള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തന ക്ഷമമായിരിക്കണം. ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ആപ്പ് ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐസിസിനെതിരായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍

കോവിഡ് അണുബാധ നിരക്ക് സ്ഥിരത കൈവരിക്കുന്നു: ഡോ.അല്‍ഖാല്‍