മൂന്നാം ഘട്ടം വെള്ളിയാഴ്ച മുതല്‍
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മൂന്നാം ഘട്ട ഇളവ് വെള്ളിയാഴ്ച(ജൂലൈ ഒന്‍പത്) മുതല്‍ പ്രാബല്യത്തിലാകും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സിനിമാ തീയെറ്ററുകളില് കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും. വിവാഹങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. മാളുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. ഒറ്റക്കോ കുടുംബത്തോടൊപ്പം വാഹനത്തിലൊ ഒഴികെ പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് നിര്‍ബന്ധം. ഇഹ്തെരാസ് ആപ്പില്‍ ഹരിതനിറമായിരിക്കണം. ഇന്‍ഡോര്‍ യോഗങ്ങളില്‍ വാക്സിനെടുത്ത 15 പേര്‍ക്കോ അതല്ലെങ്കില്‍ വാക്സിനെടുക്കാത്ത അഞ്ചു പേര്‍ക്കോ മാത്രം അനുമതി. ഔട്ട്്ഡോര്‍ യോഗങ്ങളില്‍ വാക്സിനെടുത്ത 30 പേര്‍ക്ക് പങ്കെടുക്കാം. വാക്സിനെടുത്തിട്ടില്ലെങ്കില്‍ പത്ത് പേര്‍ക്ക് മാത്രം അനുമതി. പള്ളികള്‍ പ്രതിദിന നമസ്കാരങ്ങള്‍ക്കും വെള്ളിയാഴ്ച ജുമുഅക്കും ഏഴു വയസിനു മുകളിലുള്ളവര്‍ക്ക് പ്രവേശനം. പള്ളികളിലെ ടോയ്ലറ്റും വുദു സൗകര്യവും തുറക്കില്ല. ഹോട്ടലുകളിലും ഹാളുകളിലും നടക്കുന്ന വിവാഹങ്ങളില്‍ 80 പേര്‍ക്ക് പങ്കെടുക്കാം. ഇതില്‍ കുറഞ്ഞത് 75ശതമാനം പേര് വാക്സിനെടുത്തിരിക്കണം. പൊതുഗതാഗതവും ദോഹ മെട്രോയും 50ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ബസുകള്‍ 30ശതമാനം ശേഷിയില്‍ സര്‍വീസ് നടത്തും. ഡ്രൈവിങ് സ്കൂളുകള്‍ക്ക് 50ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം. എല്ലാ ബോട്ട് ജീവനക്കാരും വാക്സിനെടുത്തിരിക്കണം, പൊതുഗതാഗതങ്ങളിലെ പുകവലി മേഖലകള്‍ അടക്കും. ഇവിടങ്ങളിലെ ഭക്ഷ്യശാലകള്‍ക്ക് ചട്ടങ്ങള്‍ ബാധകമായിരിക്കും. സ്വകാര്യ ബോട്ടുകള്‍ക്ക് 50ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. വാടകബോട്ടുകള്ക്കും ടൂറിസ്റ്റ് ബോട്ടുകള്‍ക്കും 30ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 20പേര്‍ക്കുവരെ ഇതില്‍ യാത്രചെയ്യാം. മൂന്നുപേരില്‍ കൂടുതല്‍ വാക്സിനെടുക്കാത്തവര്‍ ഉണ്ടാകരുത്. തൊഴിലിടങ്ങളില്‍ 80ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. അനിവാര്യയോഗങ്ങളില് 15വരെ പേര്‍ക്ക് പങ്കെടുക്കാം. വാക്സിനെടുക്കാത്തവര്‍ക്കും ഡോസ് പൂര്ത്തീകരിക്കാത്തവര്ക്കുമായി ആഴ്ചതോറും കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. രണ്ട് ഡോസുകളെടുത്തവര്ക്കും രോഗത്തില്‍ നിന്ന് മുക്തരായവര്‍ക്കും ആരോഗ്യസ്ഥിതി അനുവദിക്കാത്തവര്‍ക്കും(അംഗീകൃത മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ) ദ്രുത ആന്റിജന്‍ പരിശോധന ആവശ്യമില്ല. മൊത്തവ്യാപാര വിപണികളും സൂക്കുകളും പ്രായപരിധിയില്ലാതെ 50ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.