
ഖത്തറിലെ നിരോധിത മരുന്നുകളെക്കുറിച്ചറിയാന്‍ സന്ദര്‍ശിക്കുക: https://www.almeezan.qa/default.aspx?language=en
ദോഹ: ഖത്തറിലേക്ക് വരുന്നവരും പോകുന്നവരുമായ യാത്രക്കാര്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ കൈവശം വെക്കുന്നുണ്ടെങ്കില്‍ സ്വന്തം ഉപയോഗത്തിനുള്ളത് മാത്രമേ പാടുള്ളൂ. മാത്രമല്ല സ്വന്തം ഉപയോഗിക്കാനാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈയ്യില്‍ കരുതുകയും വേണം. ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് ഇത്തരമൊരു കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കായി മരുന്നുകളോ ലഹരിവസ്തുക്കളൊ കൊണ്ടുപോകരുതെന്നും മന്ത്രാലയം ശക്തമായി മുന്നറിയിപ്പ് നല്‍കി. മാനസിക രോഗത്തിനും മറ്റുമുള്ള സൈക്യാട്രിക് മരുന്നുകള്‍ ഉള്‍പ്പടെ കൈവശം കരുതുന്നുണ്ടെങ്കില്‍ രോഗിയുടെ പേര്, മെഡിക്കല്‍ സാഹചര്യം, മരുന്നുകളുടെ വാണിജ്യ, ശാസ്ത്രീയ നാമം എന്നിവ സൂചിപ്പിക്കുന്ന അംഗീകൃത സ്ഥാപനങ്ങള്‍ നല്‍കിയ സാധുവായ മെഡിക്കല്‍ കുറിപ്പും റിപ്പോര്‍ട്ടും മരുന്നിനൊപ്പം വേണം. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മാധ്യമ ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥന്‍ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്ല കാസിമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. രോഗിയുടെ പേരും മെഡിക്കല്‍ റിപ്പോര്‍ട്ടും സഹിതമുള്ള ആറുമാസത്തില്‍ കുറയാത്ത കാലാവധിയിലുള്ള രേഖകള്‍ മരുന്നിനൊപ്പം ഹാജരാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വന്തം ഉപയോഗത്തിനു മാത്രമുള്ള മരുന്നുകളാണ് കൈവശമുള്ളതെന്ന് യാത്രക്കാര്‍ ഉറപ്പാക്കണം. കൈവശമുള്ള മരുന്നുകളുടെ ഉത്തരവാദിത്വം അവരവര്‍ക്കു മാത്രമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി മരുന്നുകള്‍ കൊണ്ടുവരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണം. യാത്രക്കിടെ മറ്റുള്ളവര്‍ക്കായി ലഹരിവസ്്തുക്കളോ മരുന്നുകളോ കൊണ്ടുനടക്കുന്നത് വ്യക്തിഗതമായി കണക്കാക്കി നിയമനടപടിക്കു വിധേയരാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഖത്തറില്‍ നിന്ന് പോകുമ്പോഴോ ഖത്തറിലേക്ക് പ്രവേശിക്കുമ്പോഴോ യാത്രക്കാര്‍ വഹിക്കുന്ന വസ്തുക്കള്‍ക്ക് നിയമപ്രകാരം ഓരോ യാത്രക്കാരനും മാത്രമായിരിക്കും ഉത്തരവാദിത്വം. നിയമവിരുദ്ധ മയക്കുമരുന്ന്, അപകടകരമായ വസ്തുക്കള്‍ എന്നിവയുടെ പട്ടിക ഐക്യരാഷ്ട്രസഭ പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ എക്‌സിറ്റ്, എന്‍ട്രി പോയിന്റുകളിലും ഇവ ലഭ്യമാണ്. യാത്രക്കാര്‍ കൈവശം വെക്കാന്‍ ഉദ്ദേശിക്കുന്ന മരുന്നുകള്‍ ഖത്തറില്‍ അനുവദനീയമാണോ എന്ന് സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംശയനിവാരണം നടത്തണം. ഖത്തര്‍ ലീഗല്‍ വെബ്‌സൈറ്റായ അല്‍മീസാനില്‍ പ്രവേശിച്ച് നിരോധിത മരുന്നുകളുടെ പട്ടിക അവലോകനം ചെയ്യണം. https://www.almeezan.qa/default.aspx?language=en നിരോധിത മരുന്നുകള്‍ കൈവശം വെച്ചാല്‍ കനത്തപിഴയും ജയില്‍ശിക്ഷയും ലഭിക്കും. ചിലയിനം മരുന്നുകളെക്കുറിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.