in

വീടുകളില്‍ ഐസൊലേഷനിലിരിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രാലയം

ദോഹ: കോവിഡിനെ പ്രതിരോധിക്കുന്നതിനായി വീടുകളില്‍ ഐസൊലേഷനിലിരിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. വീട്ടില്‍ സുരക്ഷിതമായും ഫലപ്രദമായും സ്വയം ഐസലേറ്റ് ചെയ്യുന്നതിന് ഈ നിര്‍ദേശങ്ങള്‍ പ്രാപ്തരാക്കും. ഏകാന്തവാസത്തിന്റെ ചട്ടങ്ങള്‍ നിങ്ങള്‍ പാലിക്കേണ്ടത് അത്യന്തം പ്രധാനമാണ്.

സ്വയം ഏകാന്തവാസത്തില്‍ ഇരിക്കുന്നത് എങ്ങനെ?
വീട്ടില്‍ മറ്റു കുടുംബാംഗങ്ങളില്‍ നിന്നൊഴിഞ്ഞ് വേറൊരു മുറിയിലാണ്(ബാത്ത്‌റൂം സൗകര്യമുള്ള മുറിയാണ് കൂടുതല്‍ അഭികാമ്യം) താമസിക്കേണ്ടത്. ശരിയായതും ക്രമമായതുമായ വായുസഞ്ചാരം മുറിയിലുണ്ടായിരിക്കണം. മറ്റു കുടുംബാംഗങ്ങളുമായുള്ള ഏതു വിധത്തിലുമുള്ള സമ്പര്‍ക്കം ഒഴിവാക്കണം. വീട്ടിലുള്ള മറ്റാരെയെങ്കിലും ബന്ധപ്പെടേണ്ടതുണ്ടെങ്കില്‍ ഫോണ്‍ ഉപയോഗിക്കുകയാണ് ഉചിതം. ഏകാന്തവാസത്തിലിരിക്കുന്ന വ്യക്തിക്കായി ഭക്ഷണമോ മരുന്നോ വാങ്ങുന്നതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ ഏതെങ്കിലും ഒരു ഒരു കുടുംബാംഗത്തോടോ അല്ലെങ്കില്‍ സുഹൃത്തിനോടോ മാത്രം ആവശ്യപ്പെടുക. വീടു വിട്ടു പുറത്തു പോകരുത്. വൈദ്യശാസ്ത്രപരമായ അടിയന്തരാവശ്യം ഉണ്ടാവുന്നപക്ഷം 999 വിളിക്കുക.
കുടുംബത്തിലെ ഒരു അംഗത്തെ മാത്രമേ നിങ്ങള്‍ക്ക് പരിചരണം നല്‍കുന്നതിന് അനുവദിക്കാവൂ. പരിചരിക്കുന്ന ആള്‍ നിങ്ങളുടെ മുറിയില്‍ പ്രവേശിക്കുന്ന ഓരോ തവണയും ഫേസ്മാസ്‌കും ഗ്ലൗസും ധരിക്കുകയും മുറിയില്‍ നിന്നു പുറത്തു കടന്നാല്‍ ഉടന്‍തന്നെ മാസ്‌കും ഗ്ലൗസും കളയുകയും അവരുടെ കൈകള്‍ കഴുകുകയും വേണം. നിങ്ങള്‍ക്കും നിങ്ങള്‍ക്കു പരിചരണം നല്‍കുന്ന വ്യക്തിക്കുമിടയില്‍ എല്ലാ സമയത്തും കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
അണുബാധയില്‍ നിന്ന് എങ്ങനെ സംരക്ഷിക്കണം?
നിങ്ങളുടെ കൈകള്‍ വെള്ളവും സോപ്പുമുപയോഗിച്ച് ശരിയായ വിധത്തില്‍, കുറഞ്ഞത് 20 സെക്കന്റ് നേംരം ഇടയ്ക്കിടെ കഴുകുന്നുണ്ടെന്ന് ് ഉറപ്പു വരുത്തണം. വെള്ളവും സോപ്പും ലഭ്യമല്ലെങ്കില്‍ കുറഞ്ഞത് 60% ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിക്കുക. ചുമക്കുകയോ തുമ്മുകയോ ചെയ്തു കഴിയുമ്പോഴും ഭക്ഷണം തയ്യാറാക്കുന്നതിനു മുമ്പും തയ്യാറാക്കുമ്പോഴും, ശേഷവും കഴിക്കുന്നതിനു മുമ്പും കുളിമുറിയില്‍ പോയതിനു ശേഷം തുടങ്ങിയ എല്ലാ സന്ദര്‍ഭങ്ങളിലും കൈകള്‍ വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്. വീട്ടിലുള്ള എല്ലാവരും അവരുടെ കൈകള്‍ പതിവായി കഴുകുകയും അവരുടെ മുഖമോ വായയോ മൂക്കോ സ്പര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഒരു ടിഷ്യൂ കൊണ്ട് വായ മൂടുകയും ഉടന്‍ തന്നെ ആ ടിഷ്യൂ മാലിന്യ ബോക്‌സില്‍ നിക്ഷേപിക്കുകയും വേണം. അതിനു ശേഷം ഉടന്‍ തന്നെ കൈകള്‍ കഴുകണം. ടിഷ്യൂ ഇല്ലെങ്കില്‍, നിങ്ങളുടെ കൈമുട്ടിനുള്ളിലേക്ക് ചുമക്കുകയോ തുമ്മുകയോ ചെയ്യുക.
പാത്രങ്ങള്‍, കുടിക്കുവാനുപയോഗിക്കുന്ന ഗ്ലാസ്സുകള്‍, ഭക്ഷണം കഴിക്കുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍, ടൂത്ത്ബ്രഷുകള്‍, വസ്ത്രങ്ങള്‍, തലയിണകള്‍, കിടക്കവിരി, ടവ്വലുകള്‍ എന്നിവ പോലെയുള്ള വ്യക്തിഗത സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ള മറ്റാളുകളുമായി പങ്കുവെക്കുന്നത് ഒഴിവാക്കുകയും ഉപയോഗശേഷം ഈ സാധനങ്ങള്‍ സോപ്പും ഇളം ചൂടു വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യുക.
വാതില്‍ പിടികളും ടോയ്‌ലെറ്റുകളും, മേശകളും, ടി.വി. റിമോട്ട് കണ്‍ട്രോളുകളും, മൊബൈല്‍ ഫോണുകളും, അധികം സ്പര്‍ശിക്കുന്ന മറ്റെല്ലാ പ്രതലങ്ങളും ഉപയോഗിച്ച സാധനങ്ങളും ദിവസത്തില്‍ ഒരു തവണയെങ്കിലും വൃത്തിയാക്കുകയും അണുനശീകരണം ചെയ്യുകയും ചെയ്യുക. വൃത്തിയാക്കുമ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ഉപയോഗിക്കുകയും ശുചീകരണം കഴിഞ്ഞാലുടന്‍ ആ ഗ്ലൗസ് ഉപേക്ഷിക്കുകയും കൈകള്‍ നന്നായി കഴുകുകയും ചെയ്യുക. വീട്ടിലെ മറ്റുള്ളവരുടെ വസ്ത്രങ്ങളുടെ ഒപ്പമല്ലാതെ മാറ്റിയാണ് നിങ്ങളുടെ വസ്ത്രങ്ങള്‍ അലക്കുന്നത് എന്ന് ഉറപ്പു വരുത്തുക.
ടോയ്‌ലറ്റും കുളിമുറിയും ഉപയോഗിക്കല്‍
നിങ്ങള്‍ കുളി കഴിഞ്ഞ് തോര്‍ത്തുവാന്‍ ഉപയോഗിക്കുന്നതോ നിങ്ങളുടെ മുഖവും കൈകളും തുടക്കുവാന്‍ ഉപയോഗിക്കുന്നതോ ആയ ടവ്വലുകള്‍ നിങ്ങളുടെ വീട്ടിലുള്ള മറ്റാളുകളുമായി പങ്കുവെക്കരുത്. നിങ്ങളുടെ സ്വന്തം ടവ്വലുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ വീട്ടിലെ കുളിമുറി പലരുപയോഗിക്കുന്നതാണെങ്കില്‍ ഓരോ തവണ ഉപയോഗം കഴിയുമ്പോഴും വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
വീട്ടില്‍ ഭക്ഷണം കഴിക്കുന്നത്
പാചകം ചെയ്യുന്നതോ മറ്റുള്ളവര്‍ക്കായി ഭക്ഷണം തയ്യാറാക്കുന്നതോ ഒഴിവാക്കുക. അടുക്കളയില്‍ കയറുന്നത് ഒഴിവാക്കണം. വീട്ടിലുള്ള മറ്റാരെയെങ്കിലും നിങ്ങള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുവാന്‍ അനുവദിക്കുക.
നിങ്ങളുടെ ഭക്ഷണം നിങ്ങളുടെ മുറിയില്‍ കഴിക്കുകയും വീട്ടിലുള്ള മറ്റാളുകളോടൊപ്പം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക. വീട്ടിലുള്ള മറ്റുള്ളവരുടെ പാത്രങ്ങളില്‍ നിന്ന് വേറിട്ട് നിങ്ങളുടെ പാത്രങ്ങള്‍ കഴുകുവാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തീകരിക്കുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. ആവശ്യത്തിന് വെള്ളം (ഒരു ദിവസം 8-12 ഗ്ലാസ്സ്) കുടിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.

ഉപകാരപ്രദമായ കൂടുതല്‍ വിവരങ്ങള്‍
നിങ്ങള്‍ക്ക് ദീര്‍ഘകാലമായുള്ള എന്തെങ്കിലും ആരോഗ്യ അവസ്ഥയുള്ളതും പതിവായി മരുന്നു കഴിക്കുന്നത് ആവശ്യവുമാണെങ്കില്‍, വേണ്ടത്ര മരുന്ന് നിങ്ങള്‍ക്ക് വീട്ടില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. കുട്ടികളോട് സ്ഥിതിഗതികള്‍ വിവരിക്കുവാന്‍ ലളിതമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും അവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ മുറിയില്‍ അടച്ച ഒരു മാലിന്യബോക്‌സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. ബോക്‌സില്‍ പ്ലാസ്റ്റിക് സഞ്ചി വെക്കുകയും ഉപേക്ഷിക്കുന്നതിന് മുമ്പ് ഇറുക്കി സീല്‍ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ആവശ്യത്തിനു ഉറക്കവും വിശ്രമവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. വീട്ടിലുള്ള അരുമമൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, വിശേഷിച്ചും മറ്റാളുകള്‍ക്കും അവയുമായി സമ്പര്‍ക്കമുണ്ടെങ്കില്‍.
ലഭ്യമായിരിക്കേണ്ട സാധനങ്ങള്‍
ഫേസ് മാസ്‌കുകള്‍- ഇത് ഒരു തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്, ഉപയോഗശേഷം മാസ്‌ക് ചവറ്റുപാത്രത്തില്‍ നിക്ഷേപിക്കുകയും നിങ്ങളുടെ കൈകള്‍ നന്നായി കഴുകുകയും ചെയ്യുക. ഗ്ലൗസ- ഇവ ഒരു തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഉപയോഗശേഷം ഗ്ലൗസ് ചവറ്റുപാത്രത്തില്‍ നിക്ഷേപിക്കുകയും നിങ്ങളുടെ കൈകള്‍ നന്നായി കഴുകുകയും ചെയ്യുക.
തെര്‍മോമീറ്റര്‍, ആല്‍ക്കഹോള്‍ സ്വാബുകള്‍, പനഡോള്‍ പോലെയുള്ള, പനി കുറയ്ക്കുന്ന മരുന്ന്, കൈകഴുകുന്നതിനുള്ള സോപ്പ്, ഹാന്‍ഡ് സാനിട്ടൈസര്‍- കുറഞ്ഞത് 60% ആല്‍ക്കഹോള്‍ അടങ്ങിയതായിരിക്കണം, വീടു വൃത്തിയാക്കുന്നതിനും ടോയ്‌ലെറ്റ്, അടുക്കള എന്നിവിടങ്ങളിലേക്കുമുള്ള ഡിറ്റര്‍ജന്റുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍, ടിഷ്യൂ പേപ്പര്‍, ആല്‍ക്കഹോള്‍ വൈപ്പുകള്‍, അടപ്പുള്ള ചവറ്റുപാത്രങ്ങള്‍
പകര്‍ച്ചപ്പനി പോലെയുള്ള അസുഖങ്ങള്‍ (പനി, ചുമ) ഉണ്ടെങ്കില്‍ 16000 വിളിക്കുക

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അര്‍ഹരായവര്‍ക്ക് പ്രതിദിനം അഞ്ചു ടണ്‍ പച്ചക്കറി വിതരണം ചെയ്യുമെന്ന് കത്താറ

ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന: സന്നദ്ധപ്രവര്‍ത്തകരില്‍ വനിതകളും