
ദോഹ: മൂന്നുവര്‍ഷമായി നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ചകളോടു ഖത്തറിന് തുറന്ന സമീപനമാണെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. പുതിയ ശ്രമങ്ങള്‍ ഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചര്‍ച്ചകള്‍ക്ക് ഖത്തര്‍ സന്നദ്ധമാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും പത്തു ചുവടുകള്‍ ഉപയോഗിച്ച് ഓരോ ചുവടും മുന്നോട്ടുകൊണ്ടുപോകാന്‍ തയാറാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പറയവെ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഗള്‍ഫ് പ്രതിസന്ധി നാലാം വര്‍ഷത്തിലേക്ക് കടക്കവെ അല്‍ജസീറക്കു നല്കിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2017 ജൂണ്‍ അഞ്ചിനാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ(ജിസിസി) സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍ രാജ്യങ്ങളും ഈജിപ്തും ഖത്തറുമായുള്ള എല്ലാ രാഷ്ട്രീയ, വാണിജ്യ, യാത്രാ ബന്ധങ്ങളും വിച്ഛേദിച്ചത്. ഉപരോധം നീക്കുന്നതിന് അല്‍ജസീറ മാധ്യമ ശൃംഖല അടച്ചുപൂട്ടുക, തുര്‍ക്കി താവളം അടക്കുക, ഇറാനുമായുള്ള ബന്ധം കുറക്കുക എന്നിവ ഉള്‍പ്പടെ പതിമൂന്നിന ആവശ്യങ്ങളാണ് നാലു രാജ്യങ്ങളും മുന്നോട്ടുവെച്ചത്. എല്ലാ ആവശ്യങ്ങളും പരമാധികാരത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ ഖത്തര്‍ ഈ ഉപാധികള്‍ തള്ളിക്കളയുകയും അപലപിക്കുകയുമായിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുതിയ ശ്രമങ്ങള്‍ മുന്‍പത്തേതിനേക്കാള്‍ വ്യത്യസ്തമാണെന്നും ഇതിനെ ഗൗരവമായി കാണുന്നുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 2019 അവസാനം സഊദി അറേബ്യയുമായി ചില ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് ഈ പ്രക്രിയ്യ നിര്‍ത്തിവെച്ചു. ഖത്തറിനെതിരായ വ്യോമ ഉപരോധം അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖത്തരി വിമാനക്കമ്പനികള്‍ക്കായി ഗള്‍ഫ് വ്യോമാതിര്‍ത്തി വീണ്ടും തുറക്കുന്നതിനായാണ് വാഷിങ്ടണ്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുവര്‍ഷത്തെ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യചുവടുവെയ്പ്പായാണ് ഈ നീക്കത്തെ കാണുന്നത്. വ്യോമമേഖല ഉപയോഗിക്കുന്നതിന് ഖത്തര്‍ ഇറാന് നല്കുന്ന ‘ഓവര്ഫ്ളൈ ഫീസ്’ സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രത്യേകിച്ചും ആശങ്കാകുലരാണെന്ന് യുഎസ് അധികൃതര്‍ വാള്‍സ്ട്രീറ്റ് ജേണലിനോടു പ്രതികരിച്ചു.